കോഴിക്കോട്: സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് അട്ടപ്പാടിയെക്കുറിച്ച് സംസാരിക്കാൻ ഭയമാണ്. ആദിവാസികളുടെ ഭൂമി കൈയേറിയത് സംബന്ധിച്ച് സത്യസന്ധമായി സംസ്ഥാന സെക്രട്ടറിയുടെ കസേരയിൽ ഇരുന്ന് സംസാരിക്കാൻ കഴിയില്ലെന്നാണ് അദ്ദേഹം 'മാധ്യമം ഓൺലൈനോട്' പറഞ്ഞത്. സി.പി.ഐ നേതാക്കൾക്ക് അടക്കം ആദിവാസി ഭൂമി കൈയേറ്റത്തിൽ മോശമല്ലാത്ത പങ്കുണ്ടെന്ന് അദ്ദേഹത്തിന് സന്ദേഹം ഉണ്ടാവാം. അതിനാൽ അഭിമുഖം നടത്താൻ കഴിയില്ലെന്ന് ബിനോയ് വിശ്വം വ്യക്തമാക്കി. അട്ടപ്പാടിയിൽ എന്താണ് നടക്കുന്നതെന്ന് അദ്ദേഹം അന്വേഷിക്കുകയും ചെയ്തു.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന ആദിവാസി സമരത്തിനൊപ്പം സി.പി.ഐ എന്ന പാർട്ടിയുണ്ട്. അഖിലേന്ത്യ തലത്തിൽ ആദിവാസികൾക്കൊപ്പം ആണ് സിപിഐ. കേരളത്തിലും ആദിവാസികളുടെ ഇടയിൽ സംഘടന ഉണ്ടാക്കാൻ സി.പി.ഐക്ക് കഴിഞ്ഞിട്ടുണ്ട്. 1975ലെ നിയമം അട്ടിമറിച്ച് 1999ലെ നിയമം നിയമസഭയിൽ പാസാക്കി എടുക്കുന്നതിന് അട്ടപ്പാടിയിലെ ആദിവാസികളെ മെരുക്കിനിർത്തിയത് സി.പി.ഐയുടെ ആദിവാസി സംഘടനയാണ്. ആദിവാസി മൂപ്പന്മാരെ നിശബ്ദരാക്കി നിർത്തിയിട്ടാണ് നിയമം അട്ടിമറിച്ചത്.
1999ൽ മുൻ മന്ത്രി കെ.ഇ. ഇസ്മയിൽ നൽകിയ പട്ടയ ഭൂമിയിൽ ആദിവാസികൾ പ്രവേശിച്ചിട്ടില്ല. ആദിവാസികൾക്ക് ലഭിച്ചത് പട്ടയ കടലാസ് മാത്രമാണ്. 1999ൽ ആദിവാസികൾക്ക് നൽകിയ പട്ടയ കടലാസിന്റെ പട്ടിക അട്ടപ്പാടി താലൂക്ക് ഓഫീസിലോ വില്ലേജ് ഓഫീസുകളിലോ നിലവിലില്ലെന്നാണ് വിവരാവകാശ പ്രകാരം ലഭിച്ച മറുപടി. 1999ൽ തയാറാക്കിയ പട്ടയ പട്ടികയും അപ്രത്യക്ഷമായി. അട്ടപ്പാടിയിലെ ആദിവാസികളെ പൂർണമായി പറ്റിക്കപ്പെട്ടു. പിന്നീട് മന്ത്രി ഇ. ചന്ദ്രശേഖരനും അട്ടപ്പാടിയിലെ ആദിവാസികൾക്ക് പട്ടയം വിതരണം ചെയ്തു. ഭൂമി എവിടെയാണെന്ന് ആദിവാസികൾക്ക് ഇപ്പോഴും അറിയില്ല. പലരുടെയും കൈയിൽ പട്ടയക്കടലാസുണ്ട്.
സി.പി.ഐയുടെ രണ്ടു മന്ത്രിമാർ അട്ടപ്പാടിയിൽ ആദിവാസികൾക്ക് വിതരണം ചെയ്തത് 1932 പട്ടയമാണ്. അട്ടപ്പാടിയിലെ മണ്ഡലം കമ്മിറ്റി നേതാക്കളെ ഇത്രമാത്രം ഭയമാണോ സംസ്ഥാന സെക്രട്ടറിക്ക്. സത്യം വിളിച്ചുപറയാൻ ഒരു കമ്യൂണിസ്റ്റുകാരൻ എന്ന നിലയിൽ ബിനോയ് വിശ്വം ആഗ്രഹിക്കുന്നില്ലേ?. നീതി നടപ്പാക്കണമെന്ന് ആയിരം നാവുകൊണ്ട് പറയുന്നവരാണ് കമ്യൂണിസ്റ്റുകാർ. എന്നിട്ടും അട്ടപ്പാടിയിലെ ആദിവാസികളുടെ നീതിക്ക് വേണ്ടി നിലകൊള്ളുമെന്ന് പറയാൻ ബിനോയ് വിശ്വത്തിന് കഴിയുന്നില്ല. അട്ടപ്പാടിയിലെ ആധാരം എഴുത്തുകാർ, റവന്യൂ ഉദ്യോഗസ്ഥർ, സബ് രജിസ്റ്റാർ ഓഫീസിലെ ജീവനക്കാർ എല്ലാവർക്കും സി.പി.ഐയുടെ സർവീസ് സംഘടനയുമായി ബന്ധമുണ്ട്. ഒരു പട്ടയത്തിന് ഒരു ലക്ഷം രൂപ വാങ്ങുന്നുണ്ടെന്നത് അങ്ങാടിപ്പാട്ടാണ്. വൻതോതിൽ പട്ടയവിതരണം നടത്തുന്നതിന് പിന്നിലുള്ള ആവേശത്തിന് കാരണം മറ്റൊന്നുമല്ല. അട്ടപ്പാടിയിൽ അടുത്തിടെ വിതരണം ചെയ്ത പട്ടയങ്ങളിൽ 95 ശതമാനവും കുടിയേറ്റക്കാർക്കാണ്. ഏതു നിയമവും ചട്ടവും അനുസരിച്ചാണ് അവർക്ക് അട്ടപ്പാടിയിൽ പട്ടയം വിതരണം ചെയ്യുവാൻ കഴിയുക. തീർച്ചയായും വിശദീകരിക്കേണ്ട കാര്യമാണ്.
അട്ടപ്പാടിയിലെ ആദിവാസികൾക്ക് വേണ്ടി കേരളത്തിൻറെ നിയമസഭയിൽ ഉയർന്ന രണ്ട് ശബ്ദം സി.പി.ഐ നേതാക്കളുടേതാണ്. അട്ടപ്പാടിയെ ഉൾപ്പെടെയുള്ള മണ്ഡലത്തെ പ്രതിനിധീകരിച്ച എം.എൽ.എയായ കൊങ്ങശ്ശേരി കൃഷ്ണൻ. അദ്ദേഹം ആദിവാസികൾക്ക് വേണ്ടിയിട്ടാണ് നിയമസഭയിൽ നിരന്തരം സംസാരിച്ചത്. അഗളിയിലെ പൊലീസ് സ്റ്റേഷൻ വേണ്ടെന്നായിരുന്നു അദ്ദേഹത്തിൻറെ നിലപാട്. കൊങ്ങശ്ശേരി കൃഷ്ണന്റെ ശിഷ്യന്മാരായിട്ടാണ് വളർന്നു വന്നതെന്ന് കെ.ഇ. ഇസ്മയിൽ പറയുന്നു. നീതിയുടെ പക്ഷത്ത് നൽക്കണമെന്ന് ഉറച്ച നിലപാട് സ്വീകരിച്ച കമ്യൂണിസ്റ്റുകാരനായിരുന്നു കൊങ്ങശ്ശേരി. അദ്ദേഹം മരണം വരെ ആദിവാസികൾക്കൊപ്പമായിരുന്നു.
അട്ടപ്പാടിയിലെ ഫാമിങ് സൊസൈറ്റിയിലെ ആദിവാസികളുടെ പട്ടയങ്ങൾ പണയം വെച്ച് സഹകരണ ബാങ്കിൽ നിന്ന് വായ്പയെടുത്ത് സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോൾ രക്ഷിക്കാൻ നിയമസഭയിൽ സംസാരിച്ചത് കെ.വി. സുരേന്ദ്രനാഥാണ്. തിരുവനന്തപുരം ജില്ലയിലെ എം.എൽ.എ അട്ടപ്പാടിയിലെ ആദിവാസികളെ കുറിച്ച് നിയമസഭയിൽ ഇടപെടൽ നടത്തി. സി.പി.ഐ എന്ന പാർട്ടിയുടെ സത്യസന്ധമായ മുഖമായിരുന്നു കൃഷ്ണനും സുരേന്ദ്രനാഥും.
അതേ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയുടെ കസേരയിലിരുന്നാണ് അട്ടപ്പാടിയെക്കുറിച്ച് സംസാരിക്കാൻ കഴിയില്ലെന്ന് ബിനോയ് വിശ്വം പറയുന്നത്. സാർവ ദേശിയവും ദേശീയവുമായ വിഷയങ്ങളെക്കുറിച്ച് വിശദമായി സംസാരിക്കുന്ന നേതാവാണ് ബിനോയ് വിശ്വം. എന്നിട്ടും, അട്ടപ്പാടിയിലെ ആദിവാസി ഭൂമി കൈയേറ്റത്തെക്കുറിച്ച് സംസാരിക്കാൻ അദ്ദേഹം ഭയക്കുന്നതിന് കാരണം എന്താണ് ?. ഒരു പ്രസ്ഥാനം എത്തിനിൽക്കുന്ന ഭൂമാഫിയ ബന്ധത്തിന്റെ ആഴമാണോ ബിനോയ് വിശ്വത്തിന്റെ മൗനം വ്യക്തമാക്കുന്നത്.
അട്ടപ്പാടിയിലെ സി.പി.ഐ നേതാക്കൾക്ക് ഭൂമാഫിയമായുള്ള ബന്ധത്തെക്കുറിച്ച് 'മാധ്യമം' അന്വേഷണം നടത്തിയിട്ടില്ല. ദേശീയ അവാർഡ് നേടിയ ഗായിക നഞ്ചിയമ്മയുടെ കുടുംബഭൂമി വ്യാജരേഖ ഉണ്ടാക്കി തട്ടിയെടുത്തതിനെക്കുറിച്ചാണ് അന്വേഷിച്ച് റിപ്പോർട്ട് തയാറാക്കിയത്. ടി.എൽ.എ (ആദിവാസി ഭൂമി അന്യാധീനപ്പെട്ട) കേസ് നിലവിലുള്ള ഭൂമിക്കാണ് വ്യാജരേഖയുണ്ടാക്കിയത്.
മന്ത്രി കെ. രാജന്റെ നിർദേശ പ്രകാരം റവന്യു വിജിലൻസ് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിക്ക് സമർപ്പിച്ച റിപ്പോർട്ട് 'മാധ്യമം' റിപ്പോർട്ട് ശരിവെച്ചു. വ്യാജരേഖയുണ്ടാക്കി നഞ്ചിയമ്മയുടെ ഭൂമി തട്ടിയെടുത്ത കെ.വി. മാത്യുവും ജോസഫ് കുര്യനും സി.പി.ഐക്കരാണെന്ന് സി.പി.ഐ നേതാക്കൾ തന്നെ സമ്മതിക്കുന്നു.
ജോസഫ് കുര്യൻ ഷോളയൂർ പഞ്ചായത്തിൽ സി.പി.ഐയുടെ സ്ഥാനാർഥിയായിരുന്നുവെന്ന് വെളിപ്പെടുത്തിയത് രവീന്ദ്രദാസ് എന്ന സി.പി.ഐ ലോക്കൽ കമ്മിറ്റി അംഗമാണ്. സി.പി.ഐ സമ്മേളന ഹാളിന് പുറത്തിരുന്നാണ് നഞ്ചിയമ്മയുടെ ഭൂമി തട്ടിയെടുക്കുന്നതിനെക്കുറിച്ച് ഗൂഢാലോചന നടത്തിയതെന്ന് മാരിമുത്തു അഭിമുഖത്തിൽ വ്യക്തമാക്കി. ഈ സംഭവം മാത്രം മതി പാർട്ടിക്ക് ഭൂമാഫിയുമായുള്ള ബന്ധം വ്യക്തമാക്കാൻ. സി.പി.ഐയുടെ മണ്ഡലം സെക്രട്ടറി രവിയുടെ ഇടപെടലിനെക്കുറിച്ച് ആദിവാസികൾ റവന്യൂ മന്ത്രിക്ക് അയച്ച കത്തുകളിൽ വിവരിച്ചിട്ടുണ്ട്.
റവന്യു വകുപ്പ് ഇപ്പോൾ സി.പി.ഐയുടെ കൈവശമാണ്. ഭൂമാഫിയ സംഘം അട്ടപ്പാടിയിലെ മണ്ണിൽനിന്ന് ആദിവാസികളെ വംശീയമായി തുടച്ചുനീക്കുമ്പോൾ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി ആരുടെ പക്ഷത്താണ് ? ബിനോയ് വിശ്വത്തിന്റെ മൗനം അട്ടപ്പാടിയിൽ എന്തോ പുകയുന്നുണ്ടെന്നതിന്റെ സൂചനയല്ലേ?
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.