കായംകുളം: ചരിത്രം തിരുത്തി പിണറായി സർക്കാർ രണ്ടാംവട്ടം അധികാരത്തിലേറുന്നതിെൻറ ആഘോഷലഹരിയിൽ സംസ്ഥാനമൊട്ടാകെ രാഷ്ട്രീയചർച്ചകൾ മുറുകുന്നതിനിടെ സമൂഹ മാധ്യമങ്ങളിലെ സി.പി.എം മുഖമായിരുന്ന 'പോരാളി ഷാജി'യുമായി ബന്ധപ്പെട്ട നിഗൂഢത മറ്റൊരു ചർച്ച സജീവമാക്കുന്നു. 'പോരാളി ഷാജി' പാർട്ടിക്ക് ബാധ്യതയാകുമെന്ന തിരിച്ചറിവിൽ നേതാക്കളുടെ മുന്നറിയിപ്പാണ് ഇടതുകേന്ദ്രങ്ങളിൽ സ്വീകാര്യത നേടിയ ഫേസ്ബുക്ക് േപജിെൻറ ഉറവിടം സംബന്ധിച്ച ചർച്ചക്ക് വഴിതുറന്നത്.
മന്ത്രിമാരെ തീരുമാനിച്ച പാർട്ടി നടപടിയെ ചോദ്യം ചെയ്തതാണ് 'ഷാജി'ക്കെതിരെ പൊടുന്നനെ എതിർപ്പ് ഉയർത്തിയത്. പോരാളി ഷാജി നിഗൂഢമായ അജ്ഞാതസംഘമാണെന്ന മുന്നറിയിപ്പുമായി ഡി.വൈ.എഫ്.െഎ സംസ്ഥാന സെക്രട്ടറി എ.എ. റഹീം രംഗത്തുവന്നതോടെ സമൂഹ മാധ്യമങ്ങളിൽ എതിർത്തും അനുകൂലിച്ചും ചർച്ച മുറുകി. വിമർശനവുമായി ഡി.വൈ.എഫ്.െഎ രംഗത്തുവന്നതോടെ 'ഗുഡ്ബൈ' അടിച്ച് പേജ് ക്ലോസ് ചെയ്തെങ്കിലും കടുത്ത വിമർശനവുമായി മണിക്കൂറുകൾക്കകം വീണ്ടും പോരാളി ഷാജിയുടെ ഫേസ്ബുക്ക് സജീവമാകുകയായിരുന്നു.
'റഹീമേ, നിങ്ങൾ കുറച്ച് ശിങ്കിടികൾ വിചാരിച്ചതുകൊണ്ട് കിട്ടിയതാണ് ഇൗ വിജയമെന്ന് അഹങ്കരിക്കരുത്' എന്നായിരുന്നു മറുപടി. മുഖമില്ലാത്തവരും അറിയപ്പെടാത്തവരും വിമർശകരും അനുഭാവികളും രാപ്പകൽ അധ്വാനിച്ചതിെൻറ ഫലംകൂടിയാണ് ഇൗ വിജയമെന്ന് മറന്നുപോകരുതെന്നുള്ള നീണ്ടൊരു വിശദീകരണത്തിനുശേഷമാണ് പേജ് അടച്ചത്.
'ഭയഭക്തി ബഹുമാനങ്ങൾ കമ്യൂണിസം എന്ന ആശയത്തോട് മാത്രമാണ്. അല്ലാതെ ഇന്നലെ പൊട്ടിമുളച്ച വെട്ടുകിളിക്കൂട്ടങ്ങളോടല്ല' എന്ന് തുടങ്ങി നേതാക്കൾക്കെതിരെ കടുത്ത വിമർശനത്തോടെയാണ് വീണ്ടും പേജ് സജീവമായത്. ശൈലജ ടീച്ചറെ മന്ത്രിസ്ഥാനത്തുനിന്ന് ഒഴിവാക്കിയതിലെ ഷാജിയുടെ വിമർശനത്തെ വലിയൊരു വിഭാഗം പാർട്ടി അണികൾ പിന്തുണച്ചിരുന്നു.
ഇത്തരം ചർച്ചകളും പിന്തുണകളും പാർട്ടിയിൽ വീണ്ടും വിഭാഗീയതയുടെ വിത്ത് മുളപ്പിക്കുമോയെന്ന സംശയമാണ് ഷാജിക്കെതിരെ രംഗത്തുവരാൻ നേതാക്കളെ പ്രേരിപ്പിച്ചതെന്നാണ് അറിയുന്നത്. എട്ടര ലക്ഷത്തോളം പേരാണ് പേജ് പിന്തുടരുന്നത്. പാർട്ടിയിലെ ഉത്തരവാദിത്തസ്ഥാനം വഹിക്കുന്നവരുടെ പിന്തുണയുള്ള പേജാണ് ഇതെന്ന ചർച്ചയും സജീവമായിരുന്നു.
ഇതിനിടെ, പാർട്ടിെയയും നേതാക്കളെയും വെട്ടിലാക്കുന്ന തരത്തിൽ പോസ്റ്റുകൾ വന്നതോടെയാണ് ഷാജിയുടെ ഉറവിടം സംബന്ധിച്ച സംശയങ്ങൾ ഉയർന്നുതുടങ്ങിയത്. പുതിയ മന്ത്രിയും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവുമായ സജി ചെറിയാനെ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ച് ഇടതുമുന്നണി തെരഞ്ഞെടുപ്പ് കമ്മിറ്റി ആലപ്പുഴ പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു.
അതേസമയം, പാർട്ടിക്കുള്ളിലെ തിരുത്തൽ ശക്തികളുടെ പിന്തുണയോടെയാണ് പേജിെൻറ പ്രവർത്തനമെന്ന രൂപത്തിലും അഭ്യൂഹം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.