കോഴിക്കോട്: കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്ത് എം.ടി. വാസുദേവൻ നായർ നടത്തിയ പ്രസംഗത്തിൽ വിവാദം കത്തുമ്പോൾ പ്രതിരോധത്തിലാകുന്നത് മുഖ്യമന്ത്രിയും പാർട്ടിയും.
വിഷയം കോൺഗ്രസ് രാഷ്ട്രീയ ആയുധമാക്കിയപ്പോൾ പ്രമുഖ സാംസ്കാരിക നായകരുടെ പ്രതികരണങ്ങളും എം.ടിയുടെ വിമർശന കുന്തമുന സി.പി.എമ്മിനും മുഖ്യമന്ത്രിക്കും എതിരെയാണെന്ന വാദം ശരിവെക്കുന്നതായിരുന്നു. എം.ടി പറഞ്ഞത് ദേശീയ രാഷ്ട്രീയം മുൻനിർത്തിയാണെന്ന വാദമുയർത്തി വിമർശനങ്ങളെ പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും കമ്യൂണിസ്റ്റ് ചരിത്രവും ഇ.എം.എസിന്റെ പ്രവർത്തനവൈഭവവും മാത്രം വിശദീകരിക്കുന്ന എം.ടിയുടെ പ്രസംഗത്തെ അങ്ങനെ വ്യാഖ്യാനിക്കാനാകില്ലെന്ന് വ്യക്തമായതോടെ മന്ത്രിമാരും പാർട്ടി നേതാക്കളും കളം മാറിച്ചവിട്ടി.
എം.ടി പറഞ്ഞത് പുതിയ കാര്യമല്ലെന്നും രണ്ടു പതിറ്റാണ്ടു മുമ്പ് അദ്ദേഹത്തിന്റെതായി പ്രസിദ്ധീകരിച്ച ലേഖന സമാഹാരത്തിലുള്ളതാണെന്നുമായിരുന്നു പിന്നീട് ഉയർത്തിയ വാദം. മുമ്പ് എഴുതിയ കാര്യം ഇപ്പോഴും പ്രസക്തമായതിനാൽ ആലോചിച്ചുറച്ചാണ് എം.ടി പ്രസംഗം തയാറാക്കിയതെന്ന് വ്യക്തമാണെന്നായിരുന്നു ഇതിന്റെ മറുവാദം.
വിമർശനം എം.ടിയുടെ ഭാഗത്തുനിന്നായതിനാൽ പാർട്ടിക്ക് അത് തള്ളാനോ തിരുത്താനോ സാധിക്കുന്നില്ല എന്നതാണ് പ്രതിസന്ധി. മുഖ്യമന്ത്രിയെക്കുറിച്ചല്ല, മോദിയെക്കുറിച്ചാണ് എം.ടി പറഞ്ഞതെന്ന വാദമുയർത്തി എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജനാണ് ആദ്യം രംഗത്തുവന്നത്. എന്നാൽ, അങ്ങനെ വ്യാഖ്യാനിക്കാൻ ഉപോൽബലകമായ പരാമർശങ്ങളൊന്നും എം.ടിയുടെ പ്രസംഗത്തിലുണ്ടായിരുന്നില്ല.
തുടർന്നാണ്, പഴയ ലേഖനത്തിലെ കാര്യങ്ങളാണ് എം.ടി പറഞ്ഞതെന്ന വാദമുയർത്തി പാർട്ടി പ്രതിരോധത്തിന് ശ്രമിക്കുന്നത്. എഴുത്തുകാരൻ എൻ.ഇ. സുധീറിന്റെ വെളിപ്പെടുത്തലിലൂടെ വീണ്ടും പാർട്ടി വ്യാഖ്യാനത്തിന്റെ മുനയൊടിഞ്ഞു. പ്രസംഗത്തെക്കുറിച്ച് താൻ എം.ടിയോട് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് ‘ഞാൻ വിമർശിക്കുകയായിരുന്നില്ല, ചില യാഥാർഥ്യം പറയണമെന്ന് തോന്നി, പറഞ്ഞു. അത്രതന്നെ. അത് ആർക്കെങ്കിലും ആത്മവിമർശനത്തിന് വഴിയൊരുക്കിയാൽ അത്രയും നല്ലത്’എന്നായിരുന്നു സുധീറിന്റെ വെളിപ്പെടുത്തൽ.
നിരന്തരം രാഷ്ട്രീയ വിമർശനങ്ങൾ നടത്താറില്ലെങ്കിലും പ്രത്യേക സന്ദർഭങ്ങളിൽ അദ്ദേഹം പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങൾ കേരളം ഗൗരവപൂർവം ചർച്ചചെയ്യാറുണ്ട്. അതിനാലാണ് മാർക്സിന്റെയും റഷ്യയുടെയും ചരിത്രം പറഞ്ഞശേഷം ഇ.എം.എസിനെയും പരാമർശിച്ചപ്പോൾ അത് ചർച്ചയായത്. ‘എന്റെ പരിമിതമായ കാഴ്ചപ്പാടിൽ, നയിക്കാൻ ഏതാനും പേരും നയിക്കപ്പെടാൻ അനേകരും എന്ന പഴയ സങ്കൽപത്തെ മാറ്റിയെടുക്കാനാണ് ഇ.എം.എസ് എന്നും ശ്രമിച്ചത്.
ആചാരോപചാരമായ നേതൃപൂജകളിലൊന്നും അദ്ദേഹത്തെ കാണാതിരുന്നതും അതുകൊണ്ടുതന്നെയാണ്’എന്ന് മുഖ്യമന്ത്രിയെ വേദയിലിരുത്തി പറയുമ്പോൾ അത് ആനുകാലികമാണെന്ന വ്യാഖ്യാനത്തിന് ശക്തികൂടുന്നു. ഇ.എം.എസിന്റെ പ്രവർത്തനശൈലി കാലത്തിന്റെ ആവശ്യമാണെന്ന് അധികാരത്തിലുള്ളവർ ഉൾക്കൊണ്ട് പ്രവർത്തിക്കാൻ തയാറാകണമെന്നു പറഞ്ഞാണ് എം.ടി പ്രസംഗം അവസാനിപ്പിച്ചത് എന്നതും വിമർശനത്തെ കാലികപ്രസക്തമാക്കുന്നു.
വിവാദം അവസാനിപ്പിക്കാൻ സി.പി.എം തീരുമാനിച്ചാലും അതുണ്ടാക്കിയ അലയൊലികൾ പാർട്ടിയെ വേട്ടയാടിക്കൊണ്ടിരിക്കുമെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.