ആഭ്യന്തര സെക്രട്ടറിക്കും മീതെ പറക്കുന്ന പരുന്ത് ആരാണ്?- വി.ഡി സതീശൻ

തിരുവനന്തപുരം: ആഭ്യന്തര സെക്രട്ടറിക്കും മീതെ പറക്കുന്ന പരുന്ത് ആരാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ടി.പി. കേസ് പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കരുതെന്ന് ഹൈകോടി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഈ മാസം മൂന്നിന് ശിക്ഷാ ഇളവ് നല്‍കരുന്നെ ആവശ്യപ്പെട്ട് ആഭ്യന്തര വകുപ്പ് സെക്രട്ടറി ഉത്തരവ് ഇറക്കിയിട്ടും കെ.കെ. രമയുടെ മൊഴി എടുത്ത സാഹര്യത്തെ കുറിച്ചാണ് പറയേണ്ടത്. ആഭ്യന്തര സെക്രട്ടറിക്കും മീതെ പറക്കുന്ന പരുന്ത് ആരാണ്? അവരാണ് ഭരിക്കുന്നത്. ടി.പി വധക്കേസ് ഗൂഡാലോചനയില്‍ പങ്കാളികളായ സി.പി.എം നേതാക്കളുടെ പേര് പുറത്തു പറയുമെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തുകയാണെന്നും നിയമസഭ മീഡിയ റൂമില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിൽ അദ്ദേഹം ആരോപിച്ചു.

അഭ്യൂഹമാണെങ്കില്‍ മൂന്ന് സ്റ്റേഷനുകളില്‍ നിന്നും വന്ന് ഒരു എം.എല്‍.എയുടെ മൊഴിയെടുക്കുമോ? പിണറായി വിജയന്‍ കസേരയില്‍ ഇരിക്കുമ്പോള്‍ കേരളത്തിലെ പ്രതിപക്ഷമാണ് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നതെന്ന സംശയം ഉണ്ടെങ്കില്‍ ആ കസേരയില്‍ ഇരിക്കാന്‍ പിണറായി വിജയന്‍ യോഗ്യനല്ലെന്ന എന്നാണ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞതിന്റെ അർഥം. കണ്ണൂര്‍ ജില്ലയിലെ മൂന്ന് പൊലീസ് സ്റ്റേഷനുകളിലെ എസ്.എച്ച്.ഒമാര്‍ പ്രതിപക്ഷം പറഞ്ഞിട്ടാണ് കെ.കെ രമയുടെ മൊഴിയെടുത്തതെന്നാണ് മന്ത്രി എം.ബി രാജേഷ് പറഞ്ഞത്. അപ്പോള്‍ ആഭ്യന്തരവും ജയിലും ഭരിക്കുന്നത് പ്രതിപക്ഷമാണോ? അങ്ങനെയൊന്നും പറഞ്ഞ് ഞങ്ങളെ വലിയ ആളുകളാക്കരുത്.

വടകരയില്‍ യൂത്ത് ലീഗ് നേതാവിന്റെ പേരില്‍ 'കാഫിര്‍' എന്ന വ്യാജ പോസ്റ്ററുണ്ടാക്കി പ്രചരിപ്പിച്ച സി.പി.എം നേതാക്കള്‍ക്കെതിരെ ഇതുവരെ പൊലീസ് കേസെടുത്തിട്ടില്ല. വ്യാജ പോസ്റ്റര്‍ ഷെയര്‍ ചെയ്ത സി.പി.എം മുന്‍ എം.എല്‍.എയ്‌ക്കെതിരെയും കേസില്ല. തിരഞ്ഞെടുപ്പ് കാലത്ത് മുഴുവന്‍ ഷെയര്‍ ചെയ്ത ഈ പോസ്റ്റര്‍ 40 ദിവസത്തിന് ശേഷമാണ് പിന്‍വലിച്ചത്.

വടകര പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുള്ള വ്യാജ പോസ്റ്ററിന്റെ നിർമിതിയും അതിന്റെ പ്രചരണവും സംബന്ധിച്ച ചോദ്യമാണ് ഇന്ന് നിയമസഭയില്‍ പ്രതിപക്ഷം ഉന്നയിച്ചത്. എന്നാല്‍ അതിന്റെ മറുപടില്‍ നിന്നും രക്ഷപ്പെടാന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത സൈബര്‍ കേസുകളെ കുറിച്ചാണ് മന്ത്രി പറഞ്ഞത്. നിയമസഭ നടപടികളെ ദുരുപയോഗം ചെയ്യുന്നതിന് മന്ത്രിയും കൂട്ടു നില്‍ക്കുകയാണ്.

മന്ത്രി നേരത്തെ സ്പീക്കറായിരുന്ന ആളാണ്. ചോദ്യവുമായി യാതൊരു ബന്ധവും ഇല്ലാത്ത മറ്റു ചോദ്യങ്ങള്‍ചോദിച്ച് വിഷയത്തില്‍ നിന്നും മാറ്റാനാണ് ശ്രമിച്ചത്. ബഹളം ഉണ്ടാക്കാനും പ്രകോപനമുണ്ടാക്കാനും ഓടിനടന്ന് നിർദേശം നല്‍കിയത് പൊതുമരാമത്ത് മന്ത്രിയാണ്. മുഖ്യമന്ത്രി ഇല്ലാത്ത സമയം ഫ്‌ളോറിന്റെ ചുമതല പൊതുമരാമത്ത് മന്ത്രിയെയാണോ എല്‍പ്പിച്ചതെന്ന് പോലും സംശയം തോന്നും.

കഴിഞ്ഞ ദിവസം അടിയന്തിര പ്രമേയത്തിന് മുഖ്യമന്ത്രി നല്‍കേണ്ട മറുപടി സ്പീക്കര്‍ നല്‍കിയതുമായി ബന്ധപ്പെട്ട് സ്പീക്കര്‍ ഇന്നലെ നല്‍കിയ കത്തിലെ വാചകങ്ങള്‍ തെറ്റാണ്. ആഭ്യന്തര വകുപ്പിന്റെ ഫയല്‍ ഒരിക്കലും ലെജിസ്ലേച്ചര്‍ സെക്രട്ടേറിയറ്റിന് പരിശോധിക്കാനാകില്ല. പത്ര വാര്‍ത്ത വന്നു എന്നാണ് കത്തില്‍ പറഞ്ഞത്. പത്ര വര്‍ത്ത മാത്രമല്ല, ജയില്‍ സൂപ്രണ്ട് കമീഷണര്‍ക്ക് നല്‍കിയ കത്തും മൂന്ന് പൊലീസ് സ്റ്റേഷനുകളില്‍ നിന്നും കെ.കെ. രമയുടെ മൊഴിയെടുത്തതും ഉള്‍പ്പെടെ നിരവധി തെളിവുകളുണ്ട്. സര്‍ക്കാരിന് വേണ്ടി സ്പീക്കര്‍ മറുപടി പറഞ്ഞത് അനൗചിത്യമാണെന്നും വി.ഡി സതീശൻ പറഞ്ഞു.

Tags:    
News Summary - Who is the hawk flying over the Home Secretary?- VD Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.