കൊച്ചി: രാജ്യത്തെ പൗരന്മാർക്ക് എന്തു കൊണ്ട് സൗജന്യ വാക്സിൻ നൽകുന്നില്ലെന്ന് കേന്ദ്ര സർക്കാറിനോട് ഹൈകോടതി. എല്ലാവർക്കും വാക്സിൻ നൽകാൻ ഏകദേശം 34,000 കോടി രൂപ മതി. അതേസമയം, 54,000 കോടി രൂപ ആർ.ബി.ഐ ഡിവെഡന്‍റായി നൽകിയിട്ടുണ്ട്. ഈ തുക സൗജന്യ വാക്സിനേഷന് വേണ്ടി ഉപയോഗിച്ചു കൂടെയെന്നും കോടതി ചോദിച്ചു.
വാക്സിൻ പോളിസിയിൽ മാറ്റം വരുത്തിയതോടെ വാക്സിനേഷന്‍റെ എണ്ണം കുറഞ്ഞതായി ഹരജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനോട് പ്രതികരിച്ച കോടതി സംസ്ഥാനത്തിന് സൗജന്യമായി വാക്സിൻ കൊടുക്കണമെന്ന് പറയുന്നത് എന്തു കൊണ്ടാണെന്ന് ചോദിച്ചു. ഫെഡറലിസം നോക്കേണ്ട സമയമല്ലിതെന്നും ഹൈകോടതി വിമർശിച്ചു.
വാക്സിനേഷൻ നയപരമായ വിഷയമാണെന്നും മറുപടി നൽകാൽ കൂടുതൽ സമയം വേണമെന്നും കേന്ദ്ര സർക്കാറിന്‍റെ അഭിഭാഷകൻ ഹൈകോടതിയെ അറിയിച്ചു. അടുത്ത തവണ ഹരജി പരിഗണിക്കുമ്പോൾ വിഷയത്തിൽ കേന്ദ്ര സർക്കാർ കൂടുതൽ വിശദീകരണം നൽകും.
വാക്സിൻ വിഷയത്തിൽ സ്വമേധയാ സ്വീകരിച്ച ഹരജിയിലും മറ്റ് ഹരജികളിലുമാണ് ഹൈകോടതിയുടെ പരാമർശം. എല്ലാവർക്കും സൗജന്യമായി വാക്സിൻ എത്തിക്കണമെന്നും അതിനുള്ള അവകാശം എല്ലാവർക്കും ഉണ്ടെന്നും നേരത്തെ ഹൈകോടതി ചൂണ്ടിക്കാട്ടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.