േമണ്ണാർക്കാട്: എല്ലാ പ്രോട്ടോകോളും ലംഘിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തൃശൂരിൽ ആർ.എസ്.എസ് അഖിലേന്ത്യ നേതാവിനെ സന്ദർശിച്ചത് എന്തിനെന്ന് അറിയാൻ താൽപര്യമുണ്ടെന്ന് മുൻ മന്ത്രിയും സി.പി.എം നേതാവുമായ എ.കെ. ബാലൻ. മണ്ണാർക്കാട്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു ഭരണഘടന സ്ഥാപനത്തിന്റെ തലവനായ അദ്ദേഹം ആർ.എസ്.എസ് നേതാവിനെ കണ്ടതെന്തിനെന്ന കേരളത്തിലെ മതേതര സമൂഹത്തിന്റെ ചോദ്യത്തിന് മറുപടി പറയണമെന്നും ബാലൻ പറഞ്ഞു. സർക്കാർ ഗവർണറുടെ സേവനത്തെ നിസ്സാരമായി കാണുന്നില്ല. ഭരണഘടനക്കപ്പുറം ഗവർണർ പറയുന്നതിന്റെ പ്രത്യാഘാതം ഗവർണർക്കുതന്നെയാണ്. മുഖ്യമന്ത്രിയെ ഗവർണർ രാഷ്ട്രീയമായി ആക്രമിക്കുമ്പോഴും ഇടതുപക്ഷവും മുഖ്യമന്ത്രിയും സംയമനം പാലിക്കുന്നത് കേരളത്തിൽ ഭരണപ്രതിസന്ധി ഉണ്ടാകാതിരിക്കാനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മൂന്നുവർഷം മുമ്പ് പൗരത്വ ഭേദഗതി നിയമവിഷയത്തിൽ സർക്കാർ നിലപാടിന് കടകവിരുദ്ധമായി ആരിഫ് മുഹമ്മദ് ഖാൻ പൊതുവേദിയിൽ പ്രസംഗിച്ചപ്പോൾ അദ്ദേഹത്തിനെതിരെ ഉണ്ടായത് സ്വാഭാവിക പ്രതിഷേധമാണ്. സംഭവത്തെ ന്യായീകരിക്കുന്നില്ല. എന്നാൽ, മൂന്ന് വർഷം കഴിഞ്ഞ് ഉന്നയിക്കുന്ന ആരോപണം മുഖ്യമന്ത്രിയെ ഉന്നംവെച്ചാണെങ്കിൽ അതിനെ നിയമപരമായിതന്നെ നേരിടുമെന്നും ബാലൻ പറഞ്ഞു.
ഇന്ത്യയുടെ ഭരണഘടനയുടെ മുകളിൽ പറക്കാൻ നിയമവ്യവസ്ഥ ആരെയും അനുവദിക്കുന്നില്ല. മുഖ്യമന്ത്രിയെ അപമാനിക്കാനുള്ള രാഷ്ട്രീയലക്ഷ്യത്തെ അനുവദിക്കില്ല.
ഗവർണർ സമീപനം മാറ്റണമെന്നും ഗാന്ധിജിയെ ഓർത്തെങ്കിലും പുനർവിചിന്തനം നടത്തണമെന്നും ബാലൻ അവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.