പൊതുമരാമത്ത് വകുപ്പ് എൻജിനിയർമാർ എന്തിന് ? കുഴിയടക്കാത്തതിൽ രൂക്ഷ വിമർശനവുമായി വീണ്ടും ഹൈകോടതി

കൊച്ചി: റോഡിലെ കുഴിയിൽ ഇരുചക്രവാഹനം മറിഞ്ഞ് 70കാരൻ മരിച്ച സംഭവത്തിൽ സർക്കാറിനെയും പൊതുമരാമത്ത് വകുപ്പിനെയും അതിരൂക്ഷമായി വിമർശിച്ച് ഹൈകോടതി. കുഴിയിൽ വീണുണ്ടായ മരണം ഞെട്ടിപ്പിക്കുന്നതാണെന്ന് പറഞ്ഞ കോടതി, എന്തിനാണ് പൊതുമരാമത്ത് വകുപ്പിന് എൻജിനീയർമാർ എന്നും കുഴി കണ്ടാൽ അടക്കാൻ അവർക്ക് എന്താണ് ഇത്ര ബുദ്ധിമുട്ടെന്നും രോഷത്തോടെ ചോദിച്ചു.

മറ്റൊരാൾ ജോലി ചെയ്യാത്തതുകൊണ്ട് ഉണ്ടാകുന്ന അപകടം അനുവദിക്കാനാകില്ല. നമ്മൾ ഇപ്പോഴും 18ാം നൂറ്റാണ്ടിലാണ്. വികസനത്തെക്കുറിച്ച് പറയുമ്പോഴും റോഡിലെ കുഴിയിൽ വീണ് ആളുകൾ ദാരുണമായി മരിക്കുന്നുവെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. ഏതെങ്കിലും വികസിത രാജ്യത്താണെങ്കിൽ ഇത് നടക്കുമായിരുന്നോ, എത്ര പേർക്കെതിരെ നടപടി വന്നേനെയെന്നും കോടതി ആരാഞ്ഞു.

ആലുവ- മൂന്നാർ റോഡിലെ ചാലയ്ക്കൽ പതിയാട്ട് കവലയിൽ അപകടത്തിൽപ്പെട്ട് വാഴക്കുളം മാറമ്പള്ളി കുറുകുളം വീട്ടിൽ കുഞ്ഞുമുഹമ്മദ് കഴിഞ്ഞ ദിവസം മരിച്ച സംഭവത്തിലാണ് കോടതിയുടെ സ്വമേധയായുള്ള അടിയന്തര ഇടപെടൽ.

വയോധികൻ മരിച്ചത് കുഴിയിൽ വീണത് കൊണ്ട് മാത്രമല്ലെന്നും പ്രമേഹവും രക്തസമർദ്ദവും കുറഞ്ഞതുകൊണ്ടുമാണെന്ന സർക്കാർ അഭിഭാഷകന്‍റെ വിശദീകരണത്തെയും കോടതി വിമർശിച്ചു. കുഴിയിൽ വീണ് മരിച്ചയാളെ ഇനിയും അപമാനിക്കരുതെന്നായിരുന്നു ജസ്റ്റിസിന്‍റെ പരാമർശം. കുഴിയടക്കാത്തതിന്റെ കാരണം വിശദീകരിക്കാൻ ബന്ധപ്പെട്ട എൻജിനീയറോട് തിങ്കളാഴ്ച നേരിട്ട് ഹാജരാകാൻ ഉത്തരവിട്ട കോടതി, ഇനിയും ഇത്തരം അപകടം ഉണ്ടായാൽ ജില്ല കലക്ടറെ വിളിപ്പിക്കുമെന്ന മുന്നറിയിപ്പും നൽകി.

സർക്കാർ നൽകിയ കാറിൽ സഞ്ചരിക്കുന്നത് കൊണ്ടാണ് എൻജിനീയർമാർ റോഡിലെ കുഴി കാണാത്തത്. അതിനാലാണ് അവർക്ക് വാഹനം നൽകരുതെന്ന് പറയുന്നത്. റോഡിന്‍റെ കാര്യം തുടർച്ചയായി പറഞ്ഞ് കോടതിക്ക് തന്നെ മാനക്കേടായി തുടങ്ങി. മടുത്ത് അവസാനിപ്പിക്കുമെന്നാണ് കരുതുന്നതെങ്കിൽ തെറ്റിയെന്നും കോടതി വാക്കാൽ പറഞ്ഞു.

റോഡ് തകർച്ചയുമായി ബന്ധപ്പെട്ട് കലക്ടറോട് റിപ്പോർട്ട് തേടിയെങ്കിലും ലഭിച്ചിട്ടില്ല. രണ്ട് മാസത്തിനകം എത്ര പേരാണ് മരിച്ചത്. റോഡുകളുടെ സ്ഥിതി ഭയപ്പെടുത്തുന്നതാണെന്നും കോടതി അഭിപ്രായപ്പെട്ടു. കുഴിയിൽ വീണത് കൊണ്ട് മാത്രമല്ല മരണമെന്ന് മകൻ പറഞ്ഞെന്ന് ചൂണ്ടിക്കാട്ടിയാണ് സ്കൂട്ടര്‍ യാത്രക്കാരൻ മരിച്ച സംഭവത്തെ സർക്കാർ അഭിഭാഷകൻ ന്യായീകരിച്ചത്. മറ്റ് രോഗങ്ങൾ ഉണ്ടായിരുന്നതായി മകന്‍റെ മൊഴി ഉണ്ടെന്നും അഭിഭാഷകന്‍ പറഞ്ഞു. എന്നാൽ, റോഡുകൾ നന്നാക്കാൻ ഇനി എത്രപേർ കൂടി മരിക്കണമെന്നാരാഞ്ഞ കോടതി, ഹരജി വീണ്ടും 19ന് പരിഗണിക്കാൻ മാറ്റി.

Tags:    
News Summary - Why Public Works Department Engineers?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.