പൊഴുതന: വേനൽ കടുത്തതോടെ മലയോര മേഖലയിൽ ചൂട് രൂക്ഷമാകുന്നു. വേനൽ മഴ ലഭിക്കാതായതോടെ തോട്ടം മേഖല ഉൾപ്പെടുന്ന പൊഴുതന പഞ്ചായത്തിലെ മിക്ക ഭാഗങ്ങളിലും കുടിവെള്ളത്തിനായി ആശ്രയിക്കുന്ന നീരുറവളടക്കം വറ്റിവരണ്ടു.
മലയോര ഗ്രാമീണ മേഖലയിൽ മിക്ക സ്ഥലങ്ങളിലെയും കുളങ്ങളും തോടുകളും വറ്റിയ അവസ്ഥയിലാണ്. ജനവാസ മേഖലകളായ ഇടിയംവയൽ, അച്ചൂർ നാലാം നമ്പർ, വലിയപാറ, മേൽമുറി, കൈയേറ്റ കുടുംബങ്ങൾ താമസിക്കുന്ന മുത്തരിക്കുന്ന്, കൽപ്പുരകാട് തുടങ്ങിയ ഭാഗങ്ങളിൽ കുടിവെള്ള പ്രശ്നം രൂക്ഷമാണ്.
ആദിവാസികൾ തിങ്ങിതാമസിക്കുന്ന ഇടിയംവയലിൽ പുഴയിൽനിന്ന് തലച്ചുമടായി വെള്ളം ശേഖരിക്കുകയാണ് കുടുംബങ്ങൾ. തോട്ടം മേഖലയിൽ ജോലി സമയം ഏകീകരിച്ചിട്ടുണ്ടെങ്കിലും രാവിലെ 10നും 12നും ഇടയിൽ അനുഭവപ്പെടുന്ന ചൂട് സഹിക്കാൻ കഴിയില്ലെന്ന് തോട്ടം തൊഴിലാളികൾ പറയുന്നു. നിലവിൽ, രാവിലെ 7.30 മുതൽ ഒരു മണിവരെയാണ് തൊഴിൽ സമയത്തിൽ മാറ്റം ഏകീകരിച്ചിട്ടുള്ളത്. കൂടാതെ രാത്രിയിലും ചൂട് അസ്സഹനീയമായി തുടരുകയാണ്.
കാര്യമായി വേനൽമഴ ലഭിക്കാതായാൽ ഇത്തവണ വലിയ രീതിയിൽ വരൾച്ചയുണ്ടാകുമെന്ന ആശങ്കയിലാണ് ജനം. വേനൽക്കാല കൃഷി ആരംഭിച്ച പലരും ദുരിതത്തിലാണ്.
പഞ്ചായത്തിലെ പ്രധാന തോടുകളായ ആനോത്ത്, അച്ചൂർ, മൈലമ്പാത്തി, കുറിച്യർമല എന്നിവ ഇതിനോടകം വറ്റി നേരിയ നീരൊഴുക്ക് മാത്രമായി. ചൂട് കടുത്തതോടെ ആന, പുലി, പന്നി, മാൻ, കാട്ടി, പാമ്പുകൾ തുടങ്ങി മൃഗങ്ങൾ നാട്ടിൽ പതിവു കാഴ്ചയാണ്.
വരള്‍ച്ച ലഘൂകരണ പദ്ധതികളും മേഖലയില്‍ ആശ്വാസമായിട്ടില്ല. ജലക്ഷാമം രൂക്ഷമാകുന്ന സാഹചര്യം കണക്കിലെടുത്ത് മിക്കയിടങ്ങളിലും ആളുകൾ ജലസ്രോതസ്സുകളിൽ താൽക്കാലിക തടയണകൾ നിർമിക്കാനുള്ള നീക്കങ്ങൾ നടത്തുന്നുണ്ട്. എന്നാൽ, ഇവ പൊളിച്ചുകളയുന്നതായി വലിയ രീതിയിൽ പരാതികളും ഉയരുന്നുണ്ട്.
തടയണകൾ നിർമിക്കുന്നതോടെ ജലംകെട്ടിനിന്ന് സമീപ പ്രദേശങ്ങളിലെ കിണറുകളിൽ ജലനിരപ്പ് ഉയരുകയും കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.