കൊച്ചി: വന്യമൃഗങ്ങൾ ജനവാസ കേന്ദ്രങ്ങളിലിറങ്ങി മനുഷ്യന് ജീവാപായമുണ്ടാക്കുന്ന അവസ്ഥ പരിഹരിക്കാൻ സമഗ്രനയം രൂപവത്കരിക്കണമെന്ന് ഹൈകോടതി. മനുഷ്യ-മൃഗ സംഘർഷവുമായി ബന്ധപ്പെട്ട് വയനാട്ടിലടക്കം ആവർത്തിച്ചുണ്ടാകുന്ന ദാരുണ സംഭവങ്ങൾക്ക് പരിഹാരമുണ്ടാകണം.
ഉടൻ നടപടി സ്വീകരിക്കാത്തപക്ഷം ഭാവിയിൽ ഫലപ്രദമായി ഇത് നേരിടാൻ ബുദ്ധിമുട്ടാകും. കാട്ടുപന്നികളുടെ ആക്രമണവുമായി ബന്ധപ്പെട്ട് ഓണററി വൈൽഡ് ലൈഫ് വാർഡൻ നിയമനം സംബന്ധിച്ച ഹരജി പരിഗണിക്കവേയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
മുമ്പ് കാട്ടുപന്നികൾ എത്തിയതുപോലെയാണ് പല വന്യമൃഗങ്ങളും ജനവാസകേന്ദ്രങ്ങളിലെത്തുന്നത്. ശീതീകരിച്ച മുറിയിലിരുന്ന് ടി.വി കണ്ട് അഭിപ്രായം പറയുന്നത് പോലെയല്ല, വയനാട്ടിലെ ദുരിതം. അവിടുത്തെ ജനങ്ങൾ ഭയചകിതരാണ്. അവിടെ താമസിക്കുന്നവർക്കേ ബുദ്ധിമുട്ട് മനസ്സിലാവൂ. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് സംസ്ഥാനത്തെ വിനോദസഞ്ചാര സാധ്യതകളെയും ബാധിക്കും.
മനുഷ്യന്റെ ജീവനാണ് ഏറ്റവും പ്രധാനപ്പെട്ടത്. അതിനായി മൃഗങ്ങളെ കൊല്ലണമെന്നല്ല, ഓരോ സാഹചര്യവും നേരിടാൻ സമഗ്ര നയമുണ്ടാവുകയും അതിനനുസരിച്ച് പ്രവർത്തിക്കുകയും വേണം. എന്നാൽ, ചില സാഹചര്യങ്ങളെ നേരിടാനുള്ള തീരുമാനം മാത്രമാണ് ഇപ്പോൾ സർക്കാറിനുള്ളത്. എങ്ങനെ പ്രശ്നപരിഹാരം ഉണ്ടാക്കണമെന്നും ജനവാസമേഖലകൾ എങ്ങനെ സംരക്ഷിക്കണമെന്നും സർക്കാർ ആലോചിച്ച് നടപടിയെടുക്കണമെന്ന് നിർദേശിച്ച കോടതി, തുടർന്ന് വിഷയത്തിൽ അഭിഭാഷകനെ അമിക്കസ് ക്യൂറിയായി നിയമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.