മൂക്കന്നൂര്‍ എടലക്കാട് ജനവാസ കേന്ദ്രത്തില്‍ കാട്ടാനക്കൂട്ടം ഇറങ്ങി. ജനം ഭീതിയില്‍

അങ്കമാലി: മൂക്കന്നുര്‍ എടലക്കാട് ആനാട്ടുചോല ജനവാസ കേന്ദ്രത്തില്‍ കാട്ടാനക്കൂട്ടം ഇറങ്ങിയതോടെ നാട്ടുകാര്‍ ഭീതിയില്‍. ചിന്നം വിളിച്ച് റബര്‍ തോട്ടത്തില്‍ വിഹരിക്കുന്ന ആനക്കൂട്ടത്തെ കാട്ടില്‍ കയറ്റാന്‍ രാത്രിയിലും ശ്രമം തുടരുകയാണ്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് നാട്ടുകാരെ ഭീതിയുടെ മുള്‍ മുനയിലാക്കി ഒരു കുട്ടിയാനയും മൂന്ന് പിടിയാനകളുമത്തെിയത്. പുലര്‍ച്ചെ രണ്ടിനാണ് ആനകളുടെ തുടര്‍ച്ചയായ ചിന്നം വിളി കേട്ട് സമീപവാസികള്‍ ഉണര്‍ന്നത്. ഇരുട്ടായതിനാല്‍ ആനക്കൂട്ടം എവിടെയാണെന്നറിയാതെ നാട്ടുകാര്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങാതെ ഭീതിയില്‍ കഴിയുകയായിരുന്നു.

നേരം പുലര്‍ന്നതോടെ ടാപ്പിങ് തൊഴിലാളികളാണ് കാളാംപറമ്പന്‍ ടോമി, ഡോ. തോമസ് തച്ചില്‍, കട്ടക്കയം ജോണ്‍സണ്‍, പാലാട്ടി ദേവസി എന്നിവരുടെ ഉടമസ്ഥതയിലുള്ള റബര്‍ തോട്ടങ്ങളില്‍ ആനക്കൂട്ടം തമ്പടിച്ചിരിക്കുന്നതായി കണ്ടത്തെിയത്. ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞാനയെ സംരക്ഷിക്കും വിധത്തിലാണ് ഏക്കര്‍ കണക്കിന് വരുന്ന റബര്‍ തോട്ടത്തിലൂടെയുള്ള ആനകളുടെ സഞ്ചാരം. ആനച്ചോലയില്‍ ആനക്കൂട്ടം ഇറങ്ങിയ വാര്‍ത്ത കേട്ടാണ് എടലക്കാട് നിവാസികള്‍ ഉണര്‍ന്നത്. മണിക്കൂറുകള്‍ക്കകം  റബര്‍ തോട്ടങ്ങളിലും സമീപ പ്രദേശങ്ങളിലും ജനം തിങ്ങി നിറഞ്ഞു.  പാട്ട കൊട്ടിയും പടക്കം പൊട്ടിച്ചും മറ്റും ആനക്കൂട്ടത്തെ തുരത്താന്‍ നാട്ടുകാര്‍ ശ്രമം നടത്തിയെങ്കിലും റബര്‍ തോട്ടത്തിലൂടെ ചുറ്റി സഞ്ചരിക്കുകയാണ്.  


ഞായറാഴ്ച രാത്രി ഏഴാറ്റുമുഖം പ്രകൃതിഗ്രാമത്തിനോട് ചേര്‍ന്ന അതിരപ്പിള്ളി പ്ളാന്‍േറഷന്‍ എസ്റ്റേറ്റിന്‍െറ വന മേഖലയില്‍ നിന്നാകാം ആനകള്‍ കനാലിലത്തെിയതെന്നുമാണ് നിഗമനം. മൂന്നു വശവും ഇടതുകര മെയിന്‍ കനാലാണ്. വടക്ക് വശത്ത് പ്ളാന്‍േറഷന്‍ കാടിനോട് ചേര്‍ന്ന കനാലില്‍ കാട്ടാനകള്‍ പതിവായി വെള്ളം കുടിക്കാന്‍ ഇറങ്ങാറുണ്ടത്രെ. അപ്രകാരം കനാലില്‍ ഇറങ്ങിയപ്പോഴാകാം ശക്തമായ ഒഴുക്കില്‍പ്പെട്ട കുട്ടിയാനയെ രക്ഷിക്കുന്നതിനിടെ മൂന്ന് പിടിയാനകളും ഒഴുക്കില്‍പ്പെട്ടത്. അഞ്ച് കിലോമീറ്ററോളം ഒഴുകി ആനാട്ട്ചോല ഭാഗത്തെ റാമ്പിലുടെ മെയിന്‍ കനാലിന്‍െറ തെക്കേക്കരയില്‍ പ്രവേശിച്ചതെന്നുമാണ് കരുതുന്നത്. സംഭവമറിഞ്ഞ് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ വിനോദിന്‍െറ നേതൃത്വത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരും അങ്കമാലി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സോണി മത്തായിയുടെ നേതൃത്വത്തില്‍ പൊലീസും റോജി എം.ജോണ്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും സംഭവ സ്ഥലത്തത്തെി സ്ഥിതിഗതി വിലയിരുത്തി.

ഇടത്കര കനാലിലൂടെയുള്ള ജലമൊഴുക്ക് നിര്‍ത്തി വെപ്പിക്കുകയും  ആനക്കൂട്ടത്തെ തുരത്താനുള്ള നാട്ടുകാരുടെ പ്രതിരോധ മാര്‍ഗങ്ങളും നിരുത്സാഹപ്പെടുത്തുകയും ചെയ്തു. ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് മണിക്കൂറുകളോളം ആനകളെ തുരത്താന്‍ പല മാര്‍ഗങ്ങള്‍ സ്വകരിച്ചെങ്കിലും ഫലം കണ്ടില്ല. സന്ധ്യക്ക് ശേഷം ആനകള്‍ കനാലില്‍ ഇറങ്ങി  വന്ന വഴിയിലൂടെ രാത്രിയില്‍ കാട്ടില്‍ കയറുമെന്ന പ്രതീക്ഷയിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍. വനം വകുപ്പ് അധികൃതര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. 

Tags:    
News Summary - wild elephant attack in mukkannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.