തിരുവനന്തപുരം: മണിയാർ ജലവൈദ്യുതി പദ്ധതി കരാർ സ്വകാര്യ കമ്പനിക്ക് നീട്ടിക്കൊടുക്കുന്നതിനെച്ചൊല്ലി ഊർജ, വ്യവസായ വകുപ്പുകൾ തമ്മിലെ ബലപരീക്ഷണം മുറുകുന്നു. കാർബറണ്ടത്തിന്റെ മണിയാറിലുള്ള പ്ലാന്റ് അവരുടെ വൈദ്യുതി ആവശ്യത്തിനുവേണ്ടി ഉപയോഗിക്കാനുള്ളതാണെന്ന് വ്യക്തമാക്കിയ മന്ത്രി പി. രാജീവ്, കരാർ നീട്ടുന്നതിന് അനുകൂലമായ വ്യവസായ വകുപ്പിന്റെ നിലപാട് നേരത്തേ പരസ്യമാക്കിയിരുന്നു. ആദ്യം മൗനം പാലിച്ച വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി തിങ്കളാഴ്ചയാണ് പരസ്യപ്രതികരണത്തിന് മുതിർന്നത്. കരാർ നീട്ടരുതെന്നാണ് കെ.എസ്.ഇ.ബിയുടെ നിലപാടെന്ന് അദ്ദേഹം വ്യക്തമാക്കി. കരാർ പുതുക്കുന്നതിൽ അന്തിമ തീരുമാനം മുഖ്യമന്ത്രിയെടുക്കുമെന്നും കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രി തീരുമാനമെടുക്കുമെന്ന വൈദ്യുതി മന്ത്രിയുടെ പ്രതികരണം രണ്ടു വകുപ്പുകൾക്കും തമ്മിൽ ഏകോപിത തീരുമാനം സാധ്യമാവില്ലെന്ന് തെളിയിക്കുന്നതാണ്. എന്നാൽ, കാർബറണ്ടം കമ്പനിക്ക് അനുകൂലമായ വ്യവസായ വകുപ്പിന്റെ നിലപാടിനൊപ്പമാണ് സർക്കാറെന്നാണ് സൂചന. കരാർ നീട്ടൽ ചർച്ചയായ യോഗത്തിൽ കെ.എസ്.ഇ.ബി വാദത്തെക്കാൾ പരിഗണന ലഭിച്ചത് വ്യവസായ വകുപ്പിന്റെ അഭിപ്രായങ്ങൾക്കായിരുന്നു. യോഗത്തിന്റെ മിനിറ്റ്സ് പുറത്തുവന്നിട്ടില്ല. കരാർ നീട്ടുന്നതിൽ പ്രാഥമിക ധാരണയായതായും അന്തിമ തീരുമാനം മുഖ്യമന്ത്രിയെടുക്കുമെന്നും മാത്രമാണ് ഊർജവകുപ്പ് വൃത്തങ്ങൽ നൽകുന്ന സൂചന.
വ്യവസായ സംരക്ഷണത്തിന്റെ പേരിൽ മണിയാർ കരാർ നീട്ടുന്നത് വൈദ്യുതി മേഖലയിലെ വിവിധ ബി.ഒ.ടി കരാറുകളിലും ആവർത്തിക്കപ്പെടുമെന്ന ആശങ്ക കെ.എസ്.ഇ.ബിയും ഊർജവകുപ്പും സർക്കാറിന്റെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. ആഭ്യന്തര വൈദ്യുതോൽപാദന വർധനക്ക് പ്രാധാന്യം നൽകാനുള്ള പദ്ധതികൾ ആവിഷ്കരിച്ചുവരുന്ന സാഹചര്യത്തിൽ മണിയാർ 2025ൽ സ്വന്തമാവുമെന്ന കണക്കുകൂട്ടലിലായിരുന്നു കെ.എസ്.ഇ.ബി. എന്നാൽ, കരാർ നീട്ടാൻ രണ്ടു വർഷം മുമ്പേ സ്വകാര്യ കമ്പനി വ്യവസായ വകുപ്പ് വഴി നടത്തിയ സമ്മർദം വിജയത്തിലെത്തുകയായിരുന്നു. കാർബറണ്ടവുമായുള്ള കരാറിന്റെ വിശദാംശങ്ങളും അവർ നടത്തിയ കരാർ ലംഘനങ്ങളുമടക്കം ചൂണ്ടിക്കാട്ടി പലവട്ടം സർക്കാറിന് കെ.എസ്.ഇ.ബി കത്ത് നൽകിയതാണ്. അതേസമയം കെ.എസ്.ഇ.ബിയും കമ്പനിയും തമ്മിലുള്ള കരാറിൽ വ്യവസായ വകുപ്പിന്റെ ‘റോൾ’ എന്തെന്ന ചോദ്യവും ഊർജവകുപ്പുമായി ബന്ധപ്പെട്ടവർ ഉന്നയിക്കുന്നു. സംസ്ഥാനത്തെ വ്യവസായ സൗഹൃദ അന്തരീക്ഷത്തിന് ഇത്തരം പദ്ധതികള് പ്രോത്സാഹിപ്പിക്കണമെന്ന വാദമാണ് വ്യവസായ വകുപ്പിന്റേത്.
കായംകുളം കരാറും ചർച്ചയാവുന്നു
തിരുവനന്തപുരം: എൻ.ടി.പി.സി നിയന്ത്രണത്തിലുള്ള കായംകുളം താപനിലയവുമായുള്ള കരാറിന്റെ കാലാവധി 2025 ഫെബ്രുവരി 28ന് അവസാനിക്കും. ഇവിടെ നിന്നുള്ള വൈദ്യുതി വില കൂടുതലായതിനാൽ കെ.എസ്.ഇ.ബി ഇപ്പോൾ വാങ്ങുന്നില്ല. എന്നാൽ, കരാർ പ്രകാരം ഫിക്സഡ് ചാർജായി പ്രതിവർഷം 100 കോടി നൽകുന്നുണ്ട്. കരാർ പുതുക്കിയില്ലെങ്കിൽ തങ്ങളുടെ മറ്റ് നിലയങ്ങളിൽ നിന്നുള്ള വൈദ്യുതി വിതരണം നിർത്തുമെന്നാണ് എൻ.ടി.പി.സി മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ കരാർ പുതുക്കുന്നതിൽ സർക്കാർ തലത്തിലാണ് തീരുമാനമുണ്ടാകേണ്ടത്. കെ.എസ്.ഇ.ബി സി.എം.ഡി ഇക്കാര്യം ഇതിനകം വ്യക്തമാക്കിയിട്ടുമുണ്ട്. കഴിഞ്ഞ ആഗസ്റ്റ് വരെ ഫിക്സഡ് ചാർജിനത്തിൽ 4481 കോടിരൂപയാണ് എൻ.ടി.പി.സിക്ക് കെ.എസ്.ഇ.ബി കൈമാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.