ആമ്പല്ലൂര്‍: മാസങ്ങളായി കാട്ടാനശല്യം രൂക്ഷമായ പാലപ്പിള്ളി മേഖലയില്‍ വീണ്ടും ആനകളുടെ വിളയാട്ടം. തോട്ടം തൊഴിലാളികള്‍ തലനാരിഴക്ക് കാട്ടാനകളുടെ ആക്രമണത്തില്‍നിന്ന് രക്ഷപ്പെട്ടു. ബുധനാഴ്ച രാവിലെ 6.15നാണ് സംഭവം. കൊച്ചിന്‍ മലബാര്‍ തോട്ടത്തിലെ 89 ഫീല്‍ഡില്‍ ടാപ്പിങ്ങിനെത്തിയ സ്ത്രീ തൊഴിലാളികളെയാണ് ആനകള്‍ ആക്രമിക്കാന്‍ മുതിര്‍ന്നത്. ഏഴ് സ്ത്രീകള്‍ ഉള്‍പ്പെടെ എട്ടുപേരാണ് ഈ ഫീല്‍ഡില്‍ ടാപ്പിങ് തൊഴിലാളികളായുള്ളത്. രണ്ട് കൂട്ടമായിനിന്ന 24ഓളം കാട്ടാനകളില്‍ ഒരു കൂട്ടമാണ് തൊഴിലാളികളുടെ അടുത്തേക്ക് ഓടിയടുത്തത്. കൂട്ടത്തില്‍ നാല് കുട്ടിയാനകളുമുണ്ട്. ആനകളെ കണ്ട് തൊഴിലാളികള്‍ ഓടിരക്ഷപ്പെട്ടു.
സംഭവമറിഞ്ഞ് എത്തിയ വനപാലകര്‍ ആനകളെ കാട് കയറ്റിയെങ്കിലും ഏറെ താമസിയാതെ ഇവ വീണ്ടും തോട്ടത്തിലെത്തുകയാണ്. മൂന്നുദിവസമായി ആനകള്‍ പ്രദേശത്ത് നിലയുറപ്പിച്ചിരിക്കുകയാണെന്ന് നാട്ടുകാര്‍ പറഞ്ഞു. കൊച്ചിന്‍ മലബാര്‍, ഹാരിസണ്‍ തോട്ടങ്ങളിലെ തൊഴിലാളികള്‍ ജീവന്‍ പണയംവെച്ചാണ് പലപ്പോഴും പണിക്കിറങ്ങുന്നത്. ചില തോട്ടങ്ങളില്‍ റീപ്ലാന്റ് നടക്കാത്തതിനാല്‍ വനം കണക്കെ അടിക്കാട് വളര്‍ന്നിട്ടുണ്ട്. ഇത്തരം ഭാഗങ്ങളില്‍ ആനകള്‍ നിന്നാല്‍ തൊട്ടടുത്ത് എത്തിയശേഷമേ കാണുകയുള്ളൂ.
പുതുക്കാട് മണ്ഡലത്തില്‍ മലയോര മേഖലയിലെ കാട്ടുമൃഗങ്ങളുടെ ആക്രമണം തടയാനാവശ്യമായ നടപടി ഉണ്ടാകണമെന്നാവശ്യപ്പെട്ട് കെ.കെ. രാമചന്ദ്രന്‍ എം.എല്‍.എ, വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരന്‍ എന്നിവരുടെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ വനം വകുപ്പ് മന്ത്രിയെ കണ്ട് വിഷയം ധരിപ്പിച്ചു. കാട്ടാനകളെ തുരത്താന്‍ കുങ്കി ആനകളുടെ സേവനം ലഭ്യമാക്കണമെന്നും ചാലക്കുടി ഫോറസ്റ്റ് ഡിവിഷന് കീഴില്‍ പാലപ്പിള്ളിയില്‍ ആര്‍.ആര്‍.ടിയെ അനുവദിക്കണമെന്നും ചൂണ്ടിക്കാട്ടി എം.എല്‍.എ മന്ത്രിക്ക് നിവേദനം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.