ഇരിട്ടി: 2022 മേയ് 27ന് കാട്ടാനയുടെ കാലിന് കീഴിൽനിന്ന് അത്ഭുതകരമായി ജീവിതം തിരിച്ചുകിട്ടിയ അയ്യൻകുന്ന് പഞ്ചായത്തിലെ കച്ചേരിക്കടവ് മുടിക്കയം സ്വദേശി ഡൊമിനിക് വെട്ടിക്കാട്ടിലിന്റെ കണ്ണുകളിൽ ആ ദിവസത്തിന്റെ പേടിപ്പെടുത്തുന്ന ഓർമ കണ്മുന്നിൽ ഇന്നും തെളിയുകയാണ്. കാട്ടാനയുടെ ആക്രമണത്തിൽനിന്ന് പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ട് രണ്ട് വർഷത്തോട് അടുക്കുമ്പോഴും ചികിത്സക്കായും തുടർ ചികിത്സക്കുമായി ചെലവായ രണ്ട് ലക്ഷം രൂപയിൽ ഒരു രൂപപോലും നഷ്ടപരിഹാരം ലഭിക്കാതെ അപേക്ഷ ഫയൽ ഇന്നും ഡി.എഫ്.ഒയുടെ ഓഫിസിൽ കെട്ടിക്കിടക്കുകയാണ്. അപകടത്തിന് ശേഷം ഒന്നര ആഴ്ചയോളം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ചികിത്സ.
അപകടത്തിൽ വാരിയെല്ലുകൾക്ക് പൊട്ടൽ സംഭവിക്കുകയും നട്ടെല്ലിനും കാലിനും ഗുരുതര പരിക്കേൽക്കുകയും ചെയ്തിരുന്നു. നഷ്ടപരിഹാരത്തിനായി നിരവധിതവണ ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടെങ്കിലും പണം ലഭിക്കാതെ വന്നപ്പോൾ നവകേരള സദസ്സിൽ പരാതി നൽകി. തുക ലഭ്യമാകുന്ന മുറക്ക് അക്കൗണ്ടിൽ നിക്ഷേപിക്കുമെന്ന മറുപടിയാണ് വനം വകുപ്പിൽനിന്ന് ലഭിച്ചത്.
അപകടത്തെക്കുറിച്ച് ഡൊമിനിക്കിന്റെ വാക്കുകൾ ഇങ്ങനെയാണ്: വൈകീട്ട് നാലു മണിയോടെയാണ് ഡൊമിനിക്ക് ബാരാപ്പോൾ പുഴയോട് ചേർന്നുള്ള കൃഷിയിടത്തിലേക്ക് പോകുന്നത്. സമീപത്തെ പറമ്പിലെ കൊക്കോ തോട്ടത്തിൽ ആന നിൽക്കുന്നത് അറിഞ്ഞിരുന്നില്ല. മഴ പെയ്തതുകൊണ്ട് ആനയുടെ മണവും തിരിച്ചറിയാൻ കഴിഞ്ഞില്ല. ചിന്നം വിളിച്ച് പാഞ്ഞടുത്ത ആനയെക്കണ്ട് തിരിഞ്ഞോടിയെങ്കിലും ചളിയിൽ വീണുപോയതായി ഡൊമിനിക്ക് ഓർക്കുന്നു. പിന്നീട് നടന്ന സംഭവങ്ങൾ തികച്ചും നാടകീയമായിരുന്നു. നിലത്ത് വീണുകിടന്ന ഡൊമിനിക്കിനെ 50 മീറ്ററോളം ആന ചളിയിലൂടെ കൊമ്പിൽ കോർത്ത് തള്ളിക്കൊണ്ടുപോയി.
ചവിട്ടിക്കൊല്ലാനായി കാലുയർത്തിയ ആനക്ക് മുന്നിൽ, മരണംമുന്നിൽ കണ്ട് തന്റെ രണ്ട് കൈകൊണ്ടും കണ്ണുകൾ പൊത്തിക്കിടന്ന നിമിഷം ഇപ്പോഴും പേടിപ്പെടുത്തുന്നു. പിന്നീട് എന്താണ് സംഭവിച്ചതെന്ന് ഡൊമനിക്കിനെന്നല്ല ആർക്കും അറിയില്ല. കൊല്ലാൻ കലിപൂണ്ട് കാലുയർത്തിനിന്ന ആന ചിന്നംവിളിച്ച് തിരിഞ്ഞോടിയെന്നാണ് ഡൊമിനിക്ക് പറയുന്നത്.
ഫോൺ നഷ്ടപ്പെട്ടതുകൊണ്ട് ഒരുവിധം എണീറ്റ് നടന്ന് വീട്ടിലെത്തിയെങ്കിലും വീണുപോയ ഡൊമിനിക്ക് ഒന്നര ആഴ്ചയോളം കണ്ണൂരിലെ ആശുപത്രിയിലായിരുന്നു. ജീവൻ തിരിച്ചു കിട്ടിയെങ്കിലും കാര്യമായ ജോലികളൊന്നും ചെയ്യാൻ കഴിയാത്ത 59 കാരനായ ഡൊമിനിക്ക്, ചികിത്സക്ക് ചെലവായ തുക എന്ന് ലഭിക്കുമെന്നറിയാതെ കാത്തിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.