തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ നാലുവർഷത്തിനിടെ കാട്ടാന ആക്രമണങ്ങളിൽ ജീവൻ നഷ്ടപ്പെട്ടത് 79 പേർക്ക്. വിവിധ വന്യമൃഗങ്ങളുടെ ആക്രമണങ്ങളാൽ കഴിഞ്ഞ 14 വർഷത്തിനിടെ 1478 പേരും കൊല്ലപ്പെട്ടു. ദിനംപ്രതി വന്യമൃഗ ആക്രമണങ്ങൾ വർധിക്കുമ്പോഴും വനംവകുപ്പിന്റെ പ്രതിരോധ മാർഗങ്ങൾ മെല്ലപ്പോക്കിലാണ്.
2019-20 മുതൽ 2022-23 വരെ നാലു വർഷത്തിനിടെയാണ് 79 പേർ കാട്ടാന ആക്രമണങ്ങളിൽ മരിച്ചത്. യഥാക്രമം 12, 20, 25, 22 എന്നിങ്ങനെയാണ് മരണം. 2024 ആരംഭിച്ച് 40 ദിവസത്തിനുള്ളിൽതന്നെ അഞ്ചുപേർ മരിച്ചുകഴിഞ്ഞു. 4286 ആനകളാണ് കേരളത്തിലെ വനങ്ങളിൽ 1993ൽ ഉണ്ടായിരുന്നത്. ഒടുവിലത്തെ കണക്ക് പ്രകാരം അത് 2386 ആണ്.
ഔദ്യോഗിക കണക്കുകളിൽ കുറയുകയാണെങ്കിലും കേരള വനങ്ങളിൽ ആനകളുടെ എണ്ണം കഴിഞ്ഞ 20 വർഷത്തിനിടെ വൻതോതിൽ കൂടിയിട്ടുണ്ടെന്നാണ് വനംവകുപ്പിന്റെ വാദം. കാലാവസ്ഥ മാറ്റമനുസരിച്ച് ആനകൾ കൂട്ടമായി തൊട്ടടുത്ത സംസ്ഥാനങ്ങളിലെ വനമേഖലയിലേക്ക് പോകുന്നതാണ് കണക്കിൽ കുറയാൻ കാരണമത്രെ.
കാട്ടുപോത്ത്, മലയണ്ണാൻ, കരിങ്കുരങ്ങ്, മ്ലാവ്, കാട്ടുപന്നി തുടങ്ങിവയുടെ എണ്ണത്തിലും വലിയ വർധനയാണെന്ന് വനംവകുപ്പ് പറയുന്നു. മലയോരമേഖല മാത്രമല്ല കൃഷിയുള്ള പ്രദേശങ്ങളിലെല്ലാം വന്യജീവികളുടെ താവളമാണ്. ആന, കടുവ, പുലി, മലയണ്ണാൻ, കാട്ടുപന്നി, കുരങ്ങ് എന്നിങ്ങനെ ഒട്ടുമിക്ക ജീവികളും കാടിറങ്ങുകയാണ്. വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കഴിഞ്ഞ 14 വർഷത്തിനിടെ 1478 പേർ കൊല്ലപ്പെട്ടെന്നത് ഗൗരവതരമെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. പലരും കൊല്ലപ്പെട്ടിട്ടുള്ളത് ജനവാസമേഖലയിൽ തന്നെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.