മൂന്നാർ: പലചരക്ക് കടയ്ക്കുനേരെ കാട്ടുകൊമ്പൻ പടയപ്പയുടെ ആക്രമണം. ചൊക്കനാട് എസ്റ്റേറ്റ് സ്വദേശി പുണ്യവേലിന്‍റെ കടയുടെ വാതിൽ തകർത്തു. ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. ഇത് 19ാം തവണയാണ് പുണ്യവേലിന്‍റെ കടക്ക് നേരെ ആനയുടെ ആക്രമണമുണ്ടാകുന്നത്.
കണ്ണൻദേവൻ കമ്പനി ചൊക്കനാട് സൗത്ത് ഡിവിഷനിലാണ് പുണ്യവേലിന്‍റെ പലചരക്ക് കട. എസ്റ്റേറ്റ് തൊഴിലാളികളുടെ ആവശ്യങ്ങൾക്കുള്ള സ്റ്റേഷനറി, പലചരക്ക് സാധനങ്ങളാണ് കച്ചവടം. പക്ഷേ, തൊഴിലാളികൾ ഒരു വർഷംകൊണ്ട് വാങ്ങുന്നത് പലപ്പോഴും കാട്ടാനക്കൂട്ടം ഒറ്റ ദിവസം കൊണ്ട് കഴിച്ചിട്ട് പോകുന്നത് നിസ്സഹായരായി നോക്കി നിൽക്കേണ്ട അവസ്ഥയാണ്.
2008ൽ പുണ്യവേലിന്‍റെ കട 13 തവണ കാട്ടാനക്കൂട്ടം നശിപ്പിച്ചിരുന്നു. ഒരു വർഷം കൊണ്ട് ലക്ഷങ്ങളുടെ നഷ്ടമാണ് അന്നുണ്ടായത്. ആറ് ആനകളാണ് അന്ന് പതിവായി എത്തിയിരുന്നത്.
തോട്ടം മേഖലയിലെ സ്ഥിരം സാന്നിധ്യമായിരുന്ന പടയപ്പയെ രണ്ടാഴ്ചയിലേറെയായി മേഖലയിൽ കാണാനില്ലായിരുന്നു. മൂന്നാർ പഞ്ചായത്തിന് കീഴിലുള്ള നല്ലതണ്ണി കല്ലാറിലെ മാലിന്യ സംസ്‌കരണ കേന്ദ്രത്തിന് സമീപമാണ് ആന സ്ഥിരമായി ഉണ്ടായിരുന്നത്. മുമ്പ് കെ.എസ്.ആർ.ടി.സി ബസ് ഉൾപ്പെടെ വാഹനങ്ങൾക്ക് നേരെ പടയപ്പ പാഞ്ഞടുത്ത സംഭവങ്ങളുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.