ആമ്പല്ലൂർ: പാലപ്പിള്ളി പിള്ളത്തോടിന് സമീപം കാട്ടാനക്കൂട്ടത്തിന്റെ മുന്നിൽപ്പെട്ട ബൈക്ക് മറിഞ്ഞ് ദമ്പതികൾക്ക് പരിക്കേറ്റു. ടാപ്പിങ് തൊഴിലാളികളായ കാരികുളം കരിമ്പിൽ അഷ്റഫ് (47), ഭാര്യ നസിയ (43) എന്നിവർക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച രാവിലെ ആറോടെയായിരുന്നു സംഭവം.
കൈക്കും കാലിനും പരിക്കേറ്റ അഷ്റഫിനെ വേലൂപ്പാടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി വനംവകുപ്പ് അധികൃതരെത്തി ജില്ല ആശുപത്രിയിലേക്ക് മാറ്റി. നസിയക്ക് കൈക്ക് നിസ്സാര പരിക്കുണ്ട്. പാലപ്പിള്ളി പിള്ളത്തോട് പാലത്തിന് സമീപം കാട്ടാനക്കൂട്ടം റോഡിലേക്ക് കയറുന്നത് കണ്ട് ഇവർ സഞ്ചരിച്ച ബൈക്ക് പെട്ടെന്ന് ബ്രേക്കിട്ടതോടെ മറിയുകയായിരുന്നു. ആനക്കൂട്ടത്തിന് അടുത്തുനിന്ന് ഓടിരക്ഷപ്പെട്ടതുമൂലമാണ് ജീവൻ രക്ഷിക്കാനായത്.
റോഡ് മുറിച്ചുകടന്ന കാട്ടാനകൾ തൊട്ടടുത്ത റബർ തോട്ടത്തിലേക്ക് കയറിയ ശേഷമാണ് അതുവഴി വന്ന യാത്രക്കാർ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. പാലപ്പിള്ളി റേഞ്ച് ഓഫിസർ പ്രേം ഷമീറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തിയിരുന്നു. കഴിഞ്ഞ രാത്രി മുതൽ പ്രദേശത്ത് മുപ്പതോളം ആനകൾ നിലയുറപ്പിച്ചതായി നാട്ടുകാർ പറയുന്നു. പകൽ സമയത്തു പോലും മേഖലയിൽ കാട്ടാനശല്യം രൂക്ഷമായതോടെ ഭീതിയോടെയാണ് യാത്രക്കാർ ഇതുവഴി പോകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.