കൽപറ്റ: വന്യജീവി ശല്യത്തിന് പരിഹാരമാകാത്തതുമൂലം ഇരുട്ട് പരക്കുന്നതോടെ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലായി വയനാട്ടുകാർ. വനയോര ഗ്രാമങ്ങളിലെ ജനങ്ങൾ അനുഭവിച്ചിരുന്ന വന്യജീവിഭയം ഗ്രാമ-നഗര ഭേദമന്യേ എല്ലാവരും നേരിടുന്നുണ്ട്.
ഭൂവിഭാഗത്തിന്റെ 38 ശതമാനവും വനമായ വയനാട്ടിൽ ആന, കടുവ, പുലി, കാട്ടുപന്നി, കാട്ടുപോത്ത്, കുരങ്ങ് തുടങ്ങിയ വന്യജീവികളുടെ ശല്യം അതിരൂക്ഷമാവുകയാണ്.
വന്യജീവികൾ കൃഷി നശിപ്പിച്ചതിന്റെ വാർത്തകളില്ലാത്ത ദിവസങ്ങൾ അപൂർവമാണ്. യാത്ര-ചികിത്സ സൗകര്യങ്ങൾ അപര്യാപ്തമായ ജില്ലയിൽ വന്യജീവി ആക്രമണം രൂക്ഷമാകുന്നത് ജനങ്ങൾക്ക് ആശങ്കയുണ്ടാക്കുന്നു. സൗകര്യങ്ങളില്ലാത്ത മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് കാട്ടാന ആക്രമിച്ച പോളിനെ കൊണ്ടുപോകേണ്ടിവന്നത് അവസാന സംഭവമാണ്. 23 ഗ്രാമപഞ്ചായത്തുകളും മൂന്നു നഗരസഭകളുമുള്ള വയനാട്ടിൽ വന്യജീവിശല്യത്തിൽനിന്ന് ഒഴിവായ ഒരു തദ്ദേശ സ്ഥാപനവുമില്ലെന്നതാണ് വാസ്തവം. ആറു വർഷത്തിനിടെ മനുഷ്യ-വന്യജീവി സംഘർഷം വർധിച്ചതായി വനംവകുപ്പ് ഉദ്യോഗസ്ഥർ തന്നെ സമ്മതിക്കുന്നു. മൃഗങ്ങളുടെ സ്വഭാവത്തിലും വലിയ മാറ്റങ്ങളുണ്ടാവുന്നുവെന്ന് ഈ രംഗത്തെ വിദഗ്ധർ പറയുന്നു.
കാലാവസ്ഥ മാറ്റം, ഏകവിള തോട്ടങ്ങൾ വർധിച്ചത്, വനങ്ങളിൽ സെന്ന പോലുള്ള അധിനിവേശ സസ്യങ്ങൾ വ്യാപകമായി പടർന്നുപിടിക്കുന്നതുമെല്ലാം മൃഗങ്ങളുടെ സ്വഭാവത്തിൽ വ്യതിയാനം വരുത്തുന്ന ഘടകങ്ങളാണ്. വിഷമയമായ അധിനിവേശ സസ്യങ്ങൾ മൃഗങ്ങളുടെ ആവാസവ്യവസ്ഥയെ തകിടം മറിക്കുമെന്നാണ് പറയുന്നത്. ആന, കടുവ, പുലി, മലയണ്ണാൻ, കാട്ടുപന്നി, കുരങ്ങ് എന്നിങ്ങനെ ഒട്ടുമിക്ക ജീവികളും കാടിറങ്ങുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.