ന്യൂഡൽഹി: മന്ത്രിമാരുടെ പേഴ്സനൽ സ്റ്റാഫിന്റെ പെൻഷൻ കാര്യത്തിൽ സ്വീകരിച്ച നിലപാടിൽനിന്ന് പിന്നോട്ടില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ.
നിയമവിരുദ്ധ പ്രവർത്തനവും ക്രിമിനൽ ഗൂഢാലോചനയും ഇതിനു പിന്നിലുണ്ട്. ഈ ഏർപ്പാട് അവസാനിപ്പിക്കുന്നുവെന്ന് ഉറപ്പാക്കും. ബന്ധപ്പെട്ട ഫയൽ വിളിപ്പിച്ചിട്ടുണ്ട്. പെൻഷൻ വിഷയത്തിൽ ഗവർണർക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്ന് പറയുന്ന രാഷ്ട്രീയപാർട്ടി നേതാക്കൾ, ഗവർണർക്ക് എന്തു ചെയ്യാൻ കഴിയുമെന്ന് വൈകാതെതന്നെ അറിയുമെന്ന് 'മാധ്യമ'ത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.
ഗവർണർ ബ്ലാക്മെയിൽ രാഷ്ട്രീയം കളിക്കുന്നുവെന്ന് ഉത്തമ ബോധ്യമുണ്ടെങ്കിൽ മന്ത്രിസഭയിൽനിന്ന് സി.പി.ഐ മന്ത്രിമാർ രാജിവെക്കണമെന്നും ഗവർണർ പറഞ്ഞു. ബ്ലാക്മെയിലിന് വഴങ്ങുന്ന സർക്കാറിന്റെ ഭാഗമായി സി.പി.ഐ തുടരുന്നതെങ്ങനെ? കേന്ദ്രസർക്കാർ ബ്ലാക്മെയിലിങ്ങിന് വഴിപ്പെടുന്നുവെന്ന് കണ്ടപ്പോൾ 1986ൽ മന്ത്രിസഭയിൽനിന്ന് രാജിവെച്ച ചരിത്രം തനിക്കുണ്ട്. സി.പി.എമ്മും സി.പി.ഐയുമായുള്ള അഭിപ്രായഭിന്നതയിലേക്ക് തന്നെ വലിച്ചിഴക്കുകയല്ല വേണ്ടത്.
മന്ത്രിമാരുടെ പേഴ്സനൽ സ്റ്റാഫിലുള്ളവർ രണ്ടു വർഷം ജോലിചെയ്ത് പെൻഷന് അർഹത നേടി പാർട്ടി പ്രവർത്തനത്തിന് തിരിച്ചുപോകുന്ന ഏർപ്പാടാണ് കേരളത്തിൽ. ഒരു മന്ത്രിസഭയുടെ കാലാവധിക്കിടയിൽ ഇങ്ങനെ ഒരു മന്ത്രിക്ക് കീഴിൽ ചുരുങ്ങിയത് 40 പേർ പൂർണ പെൻഷൻ നേടിയെടുക്കുന്നു.
ഫലത്തിൽ പാർട്ടി പ്രവർത്തകർക്ക് ഖജനാവിൽനിന്ന് പണമെടുത്തുനൽകുന്നു. ഖജനാവ് കൊള്ളയടിക്കാൻ ക്രിമിനൽ ഗൂഢാലോചന നടത്തിയവരാണ് രാജ്ഭവനിൽ ഹരി എസ്. കർത്തയെ നിയമിച്ചതുമായി ബന്ധപ്പെട്ട ആരോപണം നടത്തുന്നത്. അക്കൂട്ടർക്ക് സ്വയം നാണക്കേട് തോന്നേണ്ടതല്ലേ? -ഗവർണർ ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.