ഏക സിവിൽ കോഡുമായി ബന്ധപ്പെട്ട സി.പി.എം സെമിനാറിന്റെ രാഷ്ട്രീയം പകൽപോലെ വ്യക്തമാണെന്നും പങ്കെടുക്കാത്തതിൽ രാഷ്ട്രീയം കാണുന്നവർ അവരുടെ രാഷ്ട്രീയം ബോധപൂർവം ഒളിച്ചുവെക്കുകയാണെന്നും മുസ്‍ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം സാദിഖലി. മുസ്‍ലിം വിരോധം മാത്രം രാഷ്ട്രീയ വളർച്ചക്ക് ഇന്ധനമാക്കുന്ന സംഘ്പരിവാറിന്റെ അടുത്ത അജണ്ടയായ ഏക സിവിൽ കോഡിന് പിന്നിലും ആ വിരുദ്ധത തന്നെയാണ് ഉള്ളതെന്ന് വ്യക്തമാണ്. അങ്ങനെയെങ്കിൽ ഏക സിവിൽ കോഡിനെ എതിർക്കുമെന്ന പൊതുയുക്തിക്ക് പകരം ഇസ്‍ലാമിക ശരീഅത്തിന്റെ സംരക്ഷണത്തിന് വേണ്ടി ഞങ്ങൾ ഏതറ്റം വരെയും മുസ്‍ലിംകൾക്കൊപ്പം നിൽക്കുമെന്ന് സി.പി.എം പച്ചയായി പറയുന്നതല്ലേ കൂടുതൽ ഭംഗിയെന്നും അങ്ങനെ പരസ്യമായി പ്രഖ്യാപിക്കുമ്പോഴല്ലേ സെമിനാർ നടത്തുന്നതിലെ ആത്മാർഥത കുറച്ചുകൂടി പ്രകടമാകുകയെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ ചോദിച്ചു.
വിവാഹ പ്രായം, ശരീഅത്ത് സംരക്ഷണം, സൽമാൻ റുഷ്ദിയുടെ സാത്താനിക് വേഴ്സസ് തുടങ്ങിയ വിശ്വാസ കാര്യങ്ങളിൽ നിയമ നിർമാണത്തിനും നിയമ നിരോധനത്തിനും മുസ്‍ലിംകൾക്കൊപ്പം നിന്ന് കോൺഗ്രസ് ആത്മാർഥത തെളിയിച്ചപ്പോഴൊക്കെ കോൺഗ്രസ് മതമൗലികവാദികൾക്ക് കീഴടങ്ങി എന്ന വമ്പൻ പ്രചാരണത്തിലായിരുന്ന സി.പി.എമ്മിന്റെ ഇപ്പോഴത്തെ നിലപാടിലെ ആത്മാർഥത എല്ലാവർക്കും ഒരു നവ്യാനുഭവമാണെന്നും അദ്ദേഹം പരിഹസിച്ചു.
സി.പി.എം സെമിനാറിന്റെ രാഷ്ട്രീയം പകൽപോലെ വ്യക്തമാണ്! പങ്കെടുക്കാത്തതിൽ രാഷ്ട്രീയം കാണുന്നവർ ഈ രാഷ്ട്രീയം ബോധപൂർവം ഒളിച്ചുവെക്കുന്നു. സിവിൽ നിയമം ഒരിക്കലും ഏകീകൃതമാവില്ലെന്ന പരമാർഥം പ്രധാനമന്ത്രിയുടെ പ്രസ്താവനക്ക് ശേഷം ഓരോ ദിവസവും പുറത്തുവരുന്നു. നോർത്ത് ഈസ്റ്റിലെ ജനങ്ങൾ, ഗോത്രവിഭാഗങ്ങൾ, ക്രിസ്ത്യൻ, സിഖ് മതങ്ങൾ തുടങ്ങിയവർ ഏകീകൃത നിയമത്തിന്റെ പരിധിയിൽ വരാത്തവിധം പരിഗണിക്കപ്പെടുന്നു. ഏങ്കിൽ പ്രബല ന്യൂനപക്ഷമായ മുസ്‍ലിം ജനവിഭാഗത്തെ കൂടി ഭരണഘടന അനുശാസിക്കുന്ന വിശ്വാസ സ്വാതന്ത്ര്യം, ന്യൂനപക്ഷ താൽപര്യം എന്നിവ മുൻനിർത്തി നിയമത്തിൽനിന്ന് ഒഴിവാക്കാമല്ലോ?
കളിയിൽ ചോദ്യമില്ല!!
മുസ്‍ലിം വിരോധം മാത്രം രാഷ്ട്രീയ വളർച്ചക്ക് ഇന്ധനമാക്കുന്ന സംഘ്പരിവാറിന്റെ അടുത്ത അജണ്ടയായ ഏക സിവിൽ കോഡിന് പിന്നിൽ ആ വിരുദ്ധത തന്നെയാണ് ഉള്ളതെന്ന് പ്രത്യേകം പറയേണ്ട കാര്യമില്ല. അതായത് ഏകീകൃത സിവിൽ നിയമം എന്നത് ഫലത്തിൽ ഇസ്‍ലാമിക ശരീഅത്തിലെ വിവാഹം, വിവാഹ മോചനം, അനന്തരാവകാശം എന്നിവയുടെ ഭേദഗതിയോ ഉന്മൂലനമോ മാത്രമെന്ന് ചുരുക്കം.
അങ്ങനെയെങ്കിൽ സി.പി.എമ്മിനോട് ലളിതമായ ഒരു ചോദ്യം...! ഏക സിവിൽ കോഡിനെ എതിർക്കുമെന്ന പൊതുയുക്തിക്ക് പകരം ഇസ്‍ലാമിക ശരീഅത്തിന്റെ സംരക്ഷണത്തിന് വേണ്ടി ഞങ്ങൾ ഏതറ്റവും വരെ മുസ്‍ലിംകൾക്കൊപ്പം നിൽക്കുമെന്ന് പച്ചയായി പറയുന്നതല്ലേ കൂടുതൽ ഭംഗി?. അങ്ങനെ പരസ്യമായി പ്രഖ്യാപിക്കുമ്പോഴല്ലേ സെമിനാർ നടത്തുന്നതിലെ ആത്മാർഥത കുറച്ചുകൂടി പ്രകടമാകുക?
സ്ത്രീ സ്വാതന്ത്ര്യം, സ്വത്തവകാശം, തുല്യനീതി, ലിംഗസമത്വം, ഏഴാം നൂറ്റാണ്ടിന്റെ പ്രാകൃത മതം ഇത്യാദി കാര്യങ്ങൾ പൊടുന്നനെ സി.പി.എം പാതിവഴിയിൽ ഉപേക്ഷിച്ചുവെങ്കിൽ അത്രയും നന്ന്! എല്ലാം ശുഭം!!
ഈ ചോദ്യം കോൺഗ്രസിനോടാണെങ്കിൽ...അനുഭവമാണ് ഗുരു. വിവാഹ പ്രായം, ശരീഅത്ത് സംരക്ഷണം, സൽമാൻ റുഷ്ദിയുടെ സാത്താനിക് വേഴ്സസ് തുടങ്ങിയ വിശ്വാസ കാര്യങ്ങളിൽ നിയമ നിർമാണത്തിനും നിയമ നിരോധനത്തിനും മുസ്‍ലിംകൾക്കൊപ്പം നിന്ന് ആത്മാർഥത തെളിയിച്ചത് കോൺഗ്രസാണ്.
അപ്പോഴൊക്കെ കോൺഗ്രസ് മതമൗലികവാദികൾക്ക് കീഴടങ്ങി എന്ന വമ്പൻ പ്രചാരണത്തിലായിരുന്ന സി.പി.എമ്മിന്റെ ഇപ്പോഴത്തെ നിലപാടിലെ ആത്മാർഥത എല്ലാവർക്കും ഒരു നവ്യാനുഭവം തന്നെ!!
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.