എറണാകുളം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ആരാവും ഇരുമുന്നണികളുടെയും സ്ഥാനാർഥിയെന്ന ചോദ്യം ശക്തമാണ്. കോൺഗ്രസ് സ്ഥാനാർഥിയെ ഇന്ന് പ്രഖ്യാപിക്കാനാണ് തീരുമാനം. ഏറെക്കാലമായി കോൺഗ്രസിനൊപ്പം നിൽക്കുന്ന മണ്ഡലമാണിത്. പുതിയ സാഹചര്യത്തിൽ കോൺഗ്രസിന്റെ മുതിർന്ന നേതാവ് കെ.വി. തോമസ് ഇടത് സ്വതന്ത്രനാവുമോയെന്നാണ് ഉറ്റുനോക്കുന്നത്. സി.പി.എം പാർട്ടി കോൺഗ്രസ് സെമിനാറിൽ നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ച് പങ്കെടുത്തതിന്റെ പേരിലാണ് കെ.വി. തോമസ് പാർട്ടിയുമായി അകന്നത്.
തൃക്കാക്കര തെരഞ്ഞെടുപ്പ് വിഷയത്തിൽ ഇടതുമുന്നണിയുമായി യാതൊരു ചർച്ചയും നടന്നിട്ടില്ലെന്നാണ് കെ.വി. തോമസ് പറയുന്നത്. വികസന രാഷ്ട്രീയത്തിനൊപ്പമാണ് എപ്പോഴും നിലകൊണ്ടിട്ടുള്ളത്. ഇടതും വലതുമല്ല പ്രശ്നം ജനങ്ങളാണ്. ഏറെ ബന്ധമുള്ള മണ്ഡലമാണ് തൃക്കാക്കര. പി.ടിയുമായി വലിയ ആത്മബന്ധമാണുണ്ടായിരുന്നത്. ഉമയോട് വലിയ ബഹുമാനമുള്ളത്. ആരുജയിക്കുമെന്നത് പ്രവചിക്കാൻ കഴിയില്ല. ജനങ്ങളാണെല്ലാം തീരുമാനിക്കുന്നത്. എല്ലാം ജനം നോക്കി കാണുന്നുണ്ടെന്നും കെ.വി. തോമസ് പറയുന്നു. കെ. റെയിലുൾപ്പെടെയുള്ള വിഷയം തെരഞ്ഞെടുപ്പിൽ ശക്തമാക്കാനാണ് യു.ഡി.എഫ് നീക്കം. ഈ വേളയിൽ കെ. റെയിൽ പദ്ധതിക്കൊപ്പം നിൽക്കുന്ന കെ.വി. തോമസ് നിലപാട് കോൺഗ്രസിനു തലവേദനയാണ്.
തൃക്കാക്കര മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് മേയ് 31ന് നടക്കും. ജൂൺ മൂന്നിനായിക്കും വോട്ടെണ്ണൽ. മേയ് 11വരെ നാമനിർദേശപത്രിക സമർപ്പിക്കാം. മേയ് 16വരെ നാമനിർദേശ പത്രിക പിൻവലിക്കാം. പി.ടി. തോമസിന്റെ നിര്യാണത്തെ തുടർനാണ് തൃക്കാക്കരയിൽ ഉപതെരഞ്ഞെടുപ്പ് വന്നത്. പി.ടി. തോമസിന്റെ പത്നി ഉമതോമസ് യു.ഡി.എഫ് സ്ഥാനാർഥിയാകുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.