കോഴിക്കോട്: മാനവരക്ഷക്ക് ദൈവികദർശനം എന്ന പ്രമേയത്തിൽ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ കോഴിക്കോട്ട് സംഘടിപ്പിച്ച സമ്മേളനം നവോത്ഥാന ചിന്തയുടെ പുതിയ ചരിത്രം കുറിച്ചു. ദൈവികദർശനം മധ്യമ നിലപാടിലേക്കും വിട്ടുവീഴ്ചയിലേക്കും സഹവർത്തിത്വത്തിലേക്കും ക്ഷണിക്കുന്നതിനാൽ മാനവരക്ഷയും സമാധാനവും സാക്ഷാത്കരിക്കുമെന്ന് സൗദി എംബസി കൾചറൽ അറ്റാഷെ ശൈഖ് ബദർ അൽ അനസി പറഞ്ഞു. കോഴിക്കോട് കടപ്പുറത്ത് വിസ്ഡം ഇസ്ലാമിക് കോൺഫറൻസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിഭിന്ന വർഗങ്ങളും ഗോത്രങ്ങളും ഉൾക്കൊള്ളുന്നതും ശാന്തിയിലും നിർഭയത്വത്തിലും കഴിയുന്നതുമായ മാതൃകാസമൂഹമാണ് ഇസ്ലാം വിഭാവനം ചെയ്യുന്നത്. ഏകദൈവത്വമാണ് മാനവരക്ഷക്കുള്ള ഏറ്റവും വലിയ മാർഗമെന്നും രഹസ്യവും പരസ്യവുമായ വാക്കിലും പ്രവൃത്തിയിലും ആത്മാർഥത സൂക്ഷിച്ചുകൊണ്ടാണ് ആദർശം സംരക്ഷിക്കപ്പെടേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി.എൻ. അബ്ദുൽ ലത്തീഫ് മദനി അധ്യക്ഷത വഹിച്ചു.
സൗദി എംബസി അസി. അറ്റാഷെ ശൈഖ് അബ്ദുല്ലത്തീഫ് അബ്ദുസ്സമദ് അൽ കാത്തിബ്, മന്ത്രി അഹമ്മദ് ദേവർകോവിൽ, എം.കെ. രാഘവൻ എം.പി, ഡോ. എം.കെ. മുനീർ എം.എൽ.എ, അഡ്വ. കെ.എം. സച്ചിൻദേവ് എം.എൽ.എ എന്നിവർ അതിഥികളായി. കുഞ്ഞി മുഹമ്മദ് മദനി പറപ്പൂർ, ടി.കെ. അഷ്റഫ്, ഹുസൈൻ സലഫി, ഹാരിസ് ബിനു സലീം, ഫൈസൽ മൗലവി പുതുപ്പറമ്പ്, നാസർ ബാലുശ്ശേരി, റഷീദ് കുട്ടമ്പൂർ, വിസ്ഡം യൂത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. നിഷാദ് സലഫി, വിസ്ഡം സ്റ്റുഡന്റ്സ് സംസ്ഥാന ജനറൽ സെക്രട്ടറി ശമീൽ മഞ്ചേരി സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.