ഡിജിറ്റൽ സർവേ പൂർത്തിയാവുന്നതോടെ ഭൂരേഖകൾ വിരൽത്തുമ്പിലെന്ന് എം.ബി രാജേഷ്

തിരുവനന്തപുരം: ഡിജിറ്റൽ സർവേ പൂർത്തിയാവുന്നതോടെ ഭൂരേഖകൾ വിരൽത്തുമ്പിലെന്ന് മന്ത്രി എം.ബി രാജേഷ്. ഗ്രാമസഭകൾക്ക് സമാനമായി ചേരുന്ന സർവേ സഭകളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഡിജിറ്റൽ സർവേ ഭൂവുടമകൾക്ക് വലിയ അനുഗ്രഹമാകുമെന്നും അദ്ദേഹം പറഞ്ഞു.

മംഗലപുരം പഞ്ചായത്തിലെ തോന്നയ്ക്കല്‍ കുമാരനാശാന്‍ സ്മാരകത്തിൽ നടന്ന ചടങ്ങിൽ മന്ത്രി കെ. രാജന്‍ അധ്യക്ഷത വഹിച്ചു. ഡിജിറ്റലായി ഭൂമി അളന്ന് തിട്ടപ്പെടുത്തി റവന്യൂ വകുപ്പിന് കൈമാറും മുൻപ് ഇതിന്റെ കരട് ഭൂവുടമകൾക്ക് നൽകുമെന്നും, പരാതിയുണ്ടെങ്കിൽ അപ്പോൾ തന്നെ അറിയിക്കാമെന്നും കെ. രാജൻ പറഞ്ഞു. മംഗലപുരം പഞ്ചായത്തിലെ പത്തൊൻപതാം വാർഡായ വേലൂരിൽ മന്ത്രി കെ. രാജൻ്റെ സാന്നിധ്യത്തിൽ ആദ്യ സർവേ സഭ ചേർന്നു.

സംസ്ഥാനത്തെ എല്ലാ വില്ലേജുകളിലെയും വാര്‍ഡ് തലത്തിൽ ഒക്ടോബര്‍ 12 മുതല്‍ 25 വരെയാണ് സര്‍വേ സഭകള്‍ ചേരുക. നവംബർ ഒന്നിന് ഡിജിറ്റൽ സർവേ തുടങ്ങും മുൻപേ ഭൂവുടമകളുടെ പരാതികൾ പരിഹരിച്ച് ജനകീയ പങ്കാളിത്തം ഉറപ്പാക്കുകയാണ് ലക്ഷ്യം. അത്യാധുനിക സാങ്കേതിക വിദ്യ വഴി മുഴുവൻ വില്ലേജുകളിലും ഡിജിറ്റൽ സർവേ പൂർത്തിയാക്കി എന്റെ ഭൂമി പോർട്ടൽ മുഖേന പൊതുജനത്തിന് ഓൺലൈൻ സേവനം ലഭ്യമാക്കും.

നാല് വർഷം കൊണ്ട് 1550 വില്ലേജുകളിൽ സർവേ പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ സംസ്ഥാനത്തെ 200 വില്ലേജുകളിലാണ് സർവേ നടത്തുക. ഡിജിറ്റൽ സർവേയുടെ ഒന്നാം ഘട്ടത്തിൽ തിരുവനന്തപുരം ജില്ലയിൽ 22 വില്ലേജുകളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. വെങ്ങാനൂർ, വെയിലൂർ, മേൽതോന്നയ്ക്കൽ, പള്ളിപ്പുറം, അണ്ടൂർകോണം, കല്ലിയുർ, കീഴ്തോന്നയ്ക്കൽ, വെമ്പായം, തേക്കട, മാണിക്കൽ, കരകുളം, മലയിൻകീഴ്, തൊളിക്കോട്, ഇടയ്ക്കോട്, മുദാക്കൽ, കീഴാറ്റിങ്ങൽ, ഒറ്റുർ, ചെറുന്നിയുർ, വിളപ്പിൽ, കാഞ്ഞിരംകുളം, പരശുവയ്ക്കൽ, നെയ്യാറ്റിൻകര എന്നീ വില്ലേജുകളിലെ വിവിധ വാർഡുകളിലാണ് സർവേ നടത്തുക.

നവംബര്‍ ഒന്നിന് ആരംഭിക്കുന്ന ഡിജിറ്റല്‍ സര്‍വേയ്ക്ക് മുന്നോടിയായി ജനകീയ പങ്കാളിത്തവും പരാതിപരിഹാരവും ഉറപ്പാക്കാൻ വാർഡ് തലത്തിൽ രൂപീകരിക്കുന്ന സര്‍വേ സഭകൾക്ക് തുടക്കമായി. ചടങ്ങിൽ വി. ശശി എം.എൽ.എ, വിവിധ തദ്ദേശ സ്ഥാപന പ്രതിനിധികൾ, വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ, കലക്ടർ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Tags:    
News Summary - With the completion of the digital survey, MB Rajesh said that the land records are at his fingertips

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.