കോഴിക്കോട്: യുപിയിൽ തുടർന്നുകൊണ്ടിരിക്കുന്ന സംഘ്പരിവാറിൻെറ ദലിത് വേട്ടക്കും ബലാത്സംഗക്കൊലകൾക്കുമെതിരിൽ വിമൻ ജസ്റ്റിസ് മൂവ്മെൻറ് സംസ്ഥാന വ്യാപകമായി പ്രതിഷേധപ്പെൺജ്വാല സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡൻറ് ജബീന ഇർഷാദ് ഉദ്ഘാടനം നിർവഹിച്ചു.
ഉത്തർപ്രദേശിൽ ദലിത് സ്ത്രീകളെയും പെൺകുട്ടികളെയും ബലാത്സംഗം ചെയ്യുന്ന സംഭവങ്ങൾ ആവർത്തിച്ചു കൊണ്ടിരിക്കുകയാണ്. യോഗി സർക്കാറിൻ്റെ വംശീയ ഉന്മൂലനസിദ്ധാന്തവും കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടും പ്രതികൾക്ക് പ്രോൽസാഹനമാകുന്നു.
ക്രൂരമായി പീഡിപ്പിക്കപ്പെട്ട് നാക്കരിയപ്പെട്ടനിലയിൽ കണ്ടെത്തിയ ഹഥ്രസിലെ ഇരുപതുകാരിയാണ് മരണവുമായി രണ്ടാഴ്ചയോളം മല്ലടിച്ച് അതിദാരുണമായി കൊല്ലപ്പെട്ടത്. ആഴ്ചകളുടെ വ്യത്യാസത്തിൽ, സമാന രീതിയിൽ ദലിത് പെൺകുട്ടികൾ കൊല്ലപ്പെടുന്നത് ഉത്ത പ്രദേശിൽ തുടർക്കഥയാവുകയാണ്. മാതാപിതാക്കളെപ്പോലും കാണാൻ അനുവദിക്കാതെ മൃതദേഹം പിടിച്ചുപറിച്ച് കത്തിച്ചുകളഞ്ഞ പോലീസ് നടപടി അങ്ങേയറ്റത്തെ മനുഷ്യത്വ വിരുദ്ധതയും മനുഷ്യാവകാശ ലംഘനവുമാണ്. ഭരിക്കുവാനുള്ള യോഗ്യത ബിജെപിക്ക് എന്നേ നഷ്ടപ്പെട്ടുകഴിഞ്ഞെന്നും പ്രതിഷേധപ്രസ്താവനയിൽ അവർ ചൂണ്ടികാട്ടി.
ബലാത്സംഗത്തെ ആയുധമാക്കി ജാതിക്കൊലകൾ തുടരുന്നത് കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങളുടെ മൗനാനുവാദത്തോടെയാണ്. മോദി-യോഗി കൂട്ടുകെട്ടിലെ ദലിത്-സ്ത്രീയവസ്ഥകൾക്കാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. പൊലിയുന്ന ഓരോ ജീവനും സംഘ്പരിവാർ സർക്കാരിനെതിരെ നിൽക്കുന്ന ചോദ്യങ്ങളും കുറ്റപത്രങ്ങളുമാണ്.
ഇതിനെതിരെ രാജ്യം മുഴുവൻ പ്രതിഷേധങ്ങളുയരണമെന്നും അവർ കൂട്ടിച്ചേർത്തു. പ്രായഭേദമന്യേ വിവിധ ജില്ലകളിൽനിന്നുള്ള നിരവധി സ്ത്രീകൾ പ്രതിഷേധപ്പെൺജ്വാലയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.