ചെങ്ങന്നൂർ: ആൾ താമസമില്ലാതെ അടച്ചിട്ടിരുന്ന വീട്ടിൽ നടന്ന മോഷണശ്രമത്തിൽ യുവതി അറസ്റ്റിലായി. ഹരിപ്പാട് വീയപുരം വെള്ളംകുളങ്ങര പുത്തൻപുരയിൽ മായാകുമാരി (36) ആണ് പിടിയിലായത്. ബുധനൂർ എണ്ണക്കാട് പതിനൊന്നാം വാർഡിൽ ശ്രീവാണി ഭവനത്തിൽ വിജയൻ നായരുടെ വീട്ടിലാണ് മോഷണശ്രമം നടന്നത്.
തിങ്കളാഴ്ച രാത്രി പത്തോടെയാണ് സംഭവം. അടച്ചിട്ട വീട്ടിൽ മൊബൈൽ ഫോൺ വെളിച്ചം കണ്ട് വഴിയാത്രക്കാർ എത്തിയതോടെ മോഷ്ടാക്കൾ ഓടി രക്ഷപ്പെട്ടു. വാർഡ് അംഗം മോഹനന്‍റെ നേതൃത്വത്തിൽ പ്രദേശവാസികളും പൊലീസും പ്രദേശത്ത് നടത്തിയ തിരച്ചിലിൽ മോഷ്ടാക്കൾ വന്ന ഇരുചക്ര വാഹനവും വീടിന്‍റെ വാതിൽ പൊളിക്കാൻ ഉപയോഗിക്കുന്ന കമ്പി, പാര, സ്ത്രീയുടേതെന്ന് കരുതുന്ന ചെരുപ്പുകൾ, മൊബൈൽ ഫോൺ തുടങ്ങിയവ കണ്ടെത്തി.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ മാന്നാർ പൊലിസ് പിടികൂടിയത്. സ്ഥലത്ത് ഉപേക്ഷിച്ച സ്‌കൂട്ടറും പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വീട്ടുടമയും കുടുംബവും കുറച്ചു ദിവസങ്ങളായി മകനോടൊപ്പം മുംബൈയിലാണ്. ഇത് നിരീക്ഷിച്ച ശേഷമാണ് മോഷണ ശ്രമമെന്നാണ് സംശയം. പ്രതിയായ മായാകുമാരിക്കെതിരെ സമാന സംഭവങ്ങളിൽ വീയപുരം, ഹരിപ്പാട് സ്റ്റേഷനുകളിൽ കേസുകളുള്ളതായും ഇവരുടെ കൂടെ ഒരാൾകൂടിയു ള്ളതായി സംശയിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.
പൊലീസ് ഇൻസ്‌പെക്ടർ ജോസ് മാത്യുവിന്‍റെ നേതൃത്വത്തിൽ എസ്.ഐ ബിജുക്കുട്ടൻ, സീനിയർ സിവിൽ പൊലിസ് ഓഫീസർ സ്വർണരേഖ സിവിൽ പൊലിസ് ഓഫീസർമാരായ സാജിദ്, നിസാം, ഹരിപ്രസാദ്, ശ്രീകുമാർ, ദിനീഷ് ബാബു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.