പാലക്കാട്: വിശാഖപട്ടണത്ത് നിന്ന് വിദേശത്തേക്ക് കടത്താൻ എത്തിച്ച എട്ടു കോടി വിലവരുന്ന രണ്ട് കിലോ ഹഷീഷ് ഓയിലുമായി യുവതി പിടിയിൽ. തമിഴ്നാട് കന്യാകുമാരി കൽക്കുളം സ്വദേശി സിന്ധുജയാണ് (21) പിടിയിലായത്. ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ പാലക്കാട് എക്സൈസ് സ്പെഷൽ സ്‌ക്വാഡും പാലക്കാട് എക്സൈസ് ഇൻറലിജൻറ്സ് ബ്യൂറോയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് യുവതി പിടിയിലായത്. പൊന്നാനി പെരുമ്പടപ്പ് പാലപ്പെട്ടി ബീച്ച് സ്വദേശിയായ മുഹമ്മദ് ജാബിറിന് (28) കൈമാറാനാണ് ഹഷീഷ് കൊണ്ടുവന്നതെന്ന് ഇവർ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. മയക്കുമരുന്ന് തൃശൂരിൽ എത്തിക്കാനാണ് യുവതിയെ ഏൽപ്പിച്ചിരുന്നത്. കൊച്ചി വിമാനത്താവളം വഴി ഒമാനിലേക്ക് കടത്താനായിരുന്നു പദ്ധതി.
ജാബിറിന് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചു. ജാബിറിെൻറ പേരിൽ തൃശൂർ, പൊന്നാനി എന്നിവിടങ്ങളിൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകളുണ്ട്. ഇതിന് മുമ്പും ഇവർ ഹഷീഷും കഞ്ചാവും കടത്തിയിട്ടുണ്ടെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചു. മയക്കുമരുന്ന് എത്തിച്ചാൽ ലക്ഷം രൂപയാണ് ഇവർക്ക് പ്രതിഫലമായി ലഭിക്കുന്നത്. റെയിൽവേ സ്റ്റേഷൻ പരിസരത്ത് സംശയാസ്പദമായി കണ്ട യുവതിയുടെ ബാഗ് പരിശോധിച്ചപ്പോഴാണ് രണ്ട് പൊതികളിലായി സൂക്ഷിച്ചിരുന്ന ഹഷീഷ് ഓയിൽ കണ്ടെത്തിയത്.
പാലക്കാട് ഡെപ്യൂട്ടി എക്സൈസ് കമീഷണർ ജേക്കബ് ജോണിേൻറയും അസി. കമീഷണർ രാജസിങ്ങിേൻറയും നിർദേശത്തെ തുടർന്നാണ് എക്സൈസ് സംഘം റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ പരിശോധന നടത്തിയത്. സർക്കിൾ ഇൻസ്പെക്ടർ എം. രാകേഷ്, എക്സൈസ് ഇൻസ്പെക്ടർമാരായ ടി. രാജീവ്, രജനീഷ്, പ്രിവൻറീവ് ഓഫിസർമാരായ വിപിൻ ദാസ്, ജയചന്ദ്രൻ, മനോജ്, യൂനുസ്, സജിത്ത്, സന്തോഷ്, രാജേഷ്, സജീവ്, മൻസൂർ, പ്രസാദ്, അജിത് രതീഷ്, പ്രീജു, ജോൺസൺ, ശ്രീകുമാർ, അരുൺ, വനിത ഓഫിസർമാരായ സ്മിത, അംബിക, ഡ്രൈവർ സെൽവകുമാർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
ലഹരികടത്തിന് സ്ത്രീകളും കുട്ടികളും; മാഫിയയുടെ വേറിട്ട വഴി
പാലക്കാട്: എക്സൈസ് പരിശോധന ശക്തമാക്കിയതോടെ ലഹരികടത്തിന് സ്ത്രീകളെ ഉപയോഗിച്ച് മാഫിയയുടെ വേറിട്ടവഴി. ‘ഹൈ ഡോസ്’ ലഹരികളുടെ കടത്തിനാണ് ഇൗ രീതി. കുടുംബാംഗങ്ങളെന്ന് തെറ്റിദ്ധരിപ്പിച്ച് കാറിൽ യാത്ര ചെയ്ത് ലഹരി കടത്തിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ടെന്ന് എക്സൈസ് അധികൃതർ പറയുന്നു. കുട്ടികളുമായി യാത്ര ചെയ്യുന്ന സ്ത്രീകളെ പലപ്പോഴും പരിശോധിക്കാറില്ല.
കോളജ് പഠനകാലത്ത് പണം കണ്ടെത്താൻ ലഹരി കടത്തുകാരായി മാറുന്ന കേസുകളും പെരുകുന്നു. ഗൗരവം മനസ്സിലാക്കാതെയാണ് പലരും ഇത്തരത്തിൽ വാഹകരായി മാറുന്നതെന്ന് എക്സൈസ് അധികൃതർ പറയുന്നു. തിങ്കളാഴ്ച പാലക്കാട്ട് പിടിയിലായ കന്യാകുമാരി സ്വദേശി സിന്ധുജക്ക് പ്രായം 21 മാത്രം. നിരവധി തവണ ഇത്തരത്തിൽ ലഹരി കടത്തിയിട്ടുണ്ടെന്ന് ഇവർ സമ്മതിച്ചിട്ടുണ്ട്. പ്രതിഫലമായി ലഭിക്കുന്നത് ഒരു ലക്ഷം രൂപയാണ്. ചെറുപ്രായത്തിൽ പിടിയിലാകുന്ന പലരേയും രക്ഷിതാക്കളെ വിളിച്ചുവരുത്തി വെറുതെവിടലാണ് പതിവ്. മിക്ക കേസുകളിലും വാഹകർ മാത്രമാണ് കുടുങ്ങുന്നത്. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന പാലക്കാട് ലഹരികടത്തിെൻറ ഇടനാഴിയായി മാറിയിട്ട് കാലങ്ങളായി.
ഭൂരിഭാഗത്തിനും തങ്ങൾ കടത്തുന്ന ലഹരിയുടെ യഥാർഥ വില അറിയാറില്ല. ഒരിക്കൽ കുടുങ്ങിയാൽ ഊരിപ്പോരാനാവാതെ സ്ഥിരം വാഹകരായ കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പല കേസുകളിലും ജാമ്യത്തിലെടുക്കാൻ പോലും ആരുമെത്താറില്ല. ജാമ്യത്തിലെടുത്താൽതന്നെ അവരെ വീണ്ടും ലഹരി വാഹകരാക്കി ഉപയോഗിക്കലാണ് പതിവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.