വൈപ്പിന്‍: രാത്രിയില്‍ ഓട്ടം വിളിച്ച മൂന്നംഗ സംഘം വനിതാ ഓട്ടോ ഡ്രൈവറെ ക്രൂരമായി മര്‍ദിച്ച് അവശയാക്കി. കുഴുപ്പിള്ളി പള്ളത്താംകുളങ്ങര വളവിലെ ഓട്ടോ ഡ്രൈവര്‍ തച്ചാട്ടുതറ കൃഷ്ണന്‍റെ മകള്‍ ജയലക്ഷ്മിയെയാണ് (45) അജ്ഞാത സംഘം തല്ലിച്ചതച്ചത്. ജയലക്ഷ്മിയുടെ വാരിയെല്ല് ഒടിഞ്ഞ് തെന്നിമാറിയ നിലയിലാണ്. നട്ടെല്ലിനും ഗുരുതര പരിക്കുണ്ട്. പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല.
തിങ്കളാഴ്ച വൈകീട്ട് ഏഴിന് പള്ളത്താംകുളങ്ങര ഓട്ടോ സ്റ്റാൻഡിലെത്തിയവരാണ് സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് ഓട്ടം വിളിച്ചത്. അവിടെയെത്തിയതിന് പിന്നാലെ കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് പോകാൻ ആവശ്യപ്പെട്ടു. അവിടെനിന്ന് മടങ്ങി ചെറായിയില്‍ എത്തി. ബീച്ചില്‍ തങ്ങളുടെ വാഹനം ഉണ്ടെന്നുപറഞ്ഞ് ചെറായി ബീച്ച് വഴി എടവനക്കാട് ബീച്ചിലെത്തി. ബീച്ചിനുസമീപം മുസ്ലിം പള്ളിക്കടുത്ത് എത്തിയപ്പോള്‍ മൂന്നുപേരുംകൂടി ജയലക്ഷ്മിയെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. തുടർന്ന് റോഡിൽ ഉപേക്ഷിച്ചു.
റോഡില്‍ അവശയായി കിടന്ന ജയലക്ഷ്മിയെ രാത്രി 11ഓടെ അതുവഴി വന്നയാളാണ് കണ്ടത്. ഉടന്‍ പൊലീസില്‍ അറിയിച്ചു. ഞാറക്കല്‍ പൊലീസ് ഇവരെ കുഴുപ്പിള്ളി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചൊവ്വാഴ്ച രാവിലെയോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഞാറക്കൽ പൊലീസാണ് കേസ് അന്വേഷിക്കുന്നത്.
ജയലക്ഷ്മി അവിവാഹിതയാണ്. കിടപ്പുരോഗിയായ അമ്മയോടൊപ്പം പള്ളത്താംകുളങ്ങര കിഴക്കുഭാഗത്താണ് താമസം. അക്രമത്തില്‍ പ്രതിഷേധിച്ച് ഓട്ടോ ഡ്രൈവര്‍മാര്‍ പ്രകടനവും പ്രതിഷേധയോഗവും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.