അടിമാലി: തോണ്ടിമല പന്നിയാർ എസ്റ്റേറ്റിൽ ജോലിക്ക് പോയ തോട്ടംതൊഴിലാളി സ്ത്രീ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. പന്നിയാർ സ്വദേശി മോഹന്‍റെ ഭാര്യ പരിമളയാണ് (44) കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാവിലെ 7.45ഓടെ പന്നിയാറിനും പന്തടിക്കളത്തിനും ഇടയിലുള്ള തേയിലത്തോട്ടത്തിൽ കൊളുന്ത് നുള്ളാൻ പോകുമ്പോഴാണ് പരിമളവും കൂടെയുണ്ടായിരുന്ന പഴനിയമ്മയും കാട്ടാനക്കൂട്ടത്തിന്‍റെ മുന്നിൽപെട്ടത്. ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പരിമളയെ കാട്ടാന അടിച്ചുവീഴ്ത്തി.
പരിമളയുടെ തലക്കും ഇടതുകൈക്കും ഗുരുതര പരിക്കേറ്റു. നാട്ടുകാരെത്തി ബഹളംവെച്ചതോടെയാണ് കാട്ടാനക്കൂട്ടം പിന്തിരിഞ്ഞു പോയത്. ആറ് ആനകളാണ് ഉണ്ടായിരുന്നതെന്ന് ദൃക്സാക്ഷികൾ പറയുന്നു.
പരിക്കേറ്റ പരിമളയെ രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചശേഷം തേനി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടം നടപടികൾക്കുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. ശാന്തൻപാറ പൊലീസ് നടപടി സ്വീകരിച്ചു. മക്കൾ: മണികണ്ഠപ്രകാശ്, ഭാരതി മോനിഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.