കോട്ടയം: കോട്ടയത്ത് യുവതിയെ വെട്ടിക്കൊന്നു. കൊല്ലപ്പെട്ടത് പങ്കാളി കൈമാറ്റക്കേസിലെ പരാതിക്കാരി. ഇവരുടെ ഭർത്താവിനെ വിഷം ഉള്ളിൽച്ചെന്ന നിലയിൽ പിന്നീട് കണ്ടെത്തി. മണർകാട് മാലം തുരുത്തിപ്പടി സ്വദേശിനിയായ 26കാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ഇവരുടെ ഭർത്താവ് കങ്ങഴ പത്തനാട് സ്വദേശിയായ 32കാരനായി പൊലീസ് തിരച്ചിൽ തുടരുന്നതിനിടെയാണ് വിഷം കഴിച്ചനിലയിൽ കണ്ടെത്തിയത്. പങ്കാളി കൈമാറ്റക്കേസിൽ ഭർത്താവ് പ്രതിയായിരുന്നു.
വെള്ളിയാഴ്ച രാവിലെ 10.30ഓടെ മാലം കുറുപ്പംപടിയിലാണ് നാടിനെ നടുക്കിയ സംഭവം. കേസിനെത്തുടർന്ന് ഭർത്താവുമായി അകന്ന യുവതി സ്വന്തംവീട്ടിൽ മാതാപിതാക്കൾക്കൊപ്പമായിരുന്നു താമസം. സംഭവസമയത്ത് യുവതി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മാതാപിതാക്കളും സഹോദരനും ജോലിക്കുപോയിരുന്നു. കുട്ടികൾ വീടിനുപുറത്ത് കളിക്കുകയായിരുന്നു. മകളെ കൊലപ്പെടുത്തിയത് ഭർത്താവാണെന്ന് പിതാവ് പൊലീസിന് മൊഴി നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പൊലീസ് തിരഞ്ഞത്.
കോട്ടയം കറുകച്ചാൽ കേന്ദ്രീകരിച്ച് പങ്കാളികളെ ലൈംഗികബന്ധത്തിന് കൈമാറുന്ന കേസിൽ അറസ്റ്റിലായ ഇയാൾ മാസങ്ങൾക്കുമുമ്പാണ് ജാമ്യത്തിലിറങ്ങിയത്. പിന്നാലെ യുവതിയുമായി വീണ്ടും അടുത്ത ഇയാൾ ഇവരെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോയിരുന്നു. ഇതിനുശേഷവും ഇയാൾ ഇവരെ പങ്കാളി കൈമാറ്റത്തിന് നിർബന്ധിച്ചതായി നാട്ടുകാർ പറയുന്നു. ഇതോടെ ഇവർ സ്വന്തം വീട്ടിലേക്ക് മടങ്ങി. ഇതിന്റെ വൈരാഗ്യത്തിലാകാം കൊലപാതകമെന്നാണ് സംശയിക്കുന്നത്. യുവാവിനെ രാവിലെ ഇവരുടെ വീട്ടിൽ കണ്ടതായി പൊലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. വൈകീട്ട് അഞ്ചോടെയാണ് ഇയാളെ പൊലീസ് ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഓൺലൈൻ മുഖേന വാങ്ങിയ റേഡിയേഷനുള്ള കീടനാശിനിയാണ് കഴിച്ചതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. നില ഗുരുതരമല്ല. റേഡിയേഷനുള്ളതിനാൽ ഇയാളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വീടിനുപുറത്ത് കളിക്കുകയായിരുന്ന മക്കൾ തിരികെയെത്തിയപ്പോഴാണ് വീടിന്റെ സിറ്റൗട്ടിൽ രക്തത്തിൽ കുളിച്ച് കമിഴ്ന്നുകിടക്കുന്ന നിലയിൽ യുവതിയെ കണ്ടത്. മൂന്നാം ക്ലാസുകാരനായ മൂത്തമകനാണ് മൃതദേഹം ആദ്യം കണ്ടത്. പിന്നാലെ സമീപവാസിയുടെ അടുത്തെത്തി വിവരമറിയിച്ചു. തുടർന്ന് നാട്ടുകാരും പൊലീസും സ്ഥലത്തെത്തി. കഴുത്തിൽ ആഴത്തിൽ മുറിവേറ്റിരുന്ന ഇവരെ പൊലീസ് സംഘം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. വീട്ടിലെ ബാത്റൂമിന്റെ കതക് ചവിട്ടിപ്പൊളിച്ച നിലയിലാണ്. അടുക്കളയിൽവെച്ച് പ്രതി യുവതിയെ ആക്രമിച്ചതായാണ് പൊലീസ് സംശയിക്കുന്നത്. വെള്ള ഷർട്ടും കറുത്ത പാന്റ്സും ധരിച്ചെത്തിയയാൾ പുറത്തേക്ക് പോകുന്നത് കണ്ടതായി സമീപത്ത് ജോലി ചെയ്തിരുന്ന തൊഴിലുറപ്പ് തൊഴിലാളികൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. പൊലീസ് നായ് വീട്ടിനുള്ളിൽനിന്ന് ലഭിച്ച തൂവാലയിൽ മണംപിടിച്ച് സമീപത്തെ പാടശേഖരം വരെ ഓടിയശേഷം മടങ്ങി. ഭര്‍ത്താവ് മറ്റ് പലരുമായി ലൈംഗികബന്ധത്തിന് നിര്‍ബന്ധിക്കുന്നുവെന്ന പരാതിയിലായിരുന്നു യുവാവടക്കം ഏഴുപേരെ കറുകച്ചാൽ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രത്യേക ഗ്രൂപ്പുകൾ കേന്ദ്രീകരിച്ചാണ് പങ്കാളി കൈമാറ്റമെന്നും പൊലീസ് കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.