കൂടെ താമസിച്ചയാൾ ഭാര്യയുമായി അടുപ്പം പുലർത്തിയത് പ്രകോപിപ്പിച്ചു; 60 കാരനെ കൊലപ്പെടുത്തിയ കേസിൽ സ്ത്രീക്ക് ജീവപര്യന്തം

ഒറ്റപ്പാലം: കൂടെ താമസിച്ചിരുന്ന 60 കാരനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പത്തനംതിട്ട സ്വദേശിനിക്ക് ജീവപര്യന്തം കഠിനതടവും 10,000 രൂപ പിഴയും വിധിച്ചു. പത്തനംതിട്ട വെച്ചൂച്ചിറ വാഴമുക്ക് കുമ്പളാനിക്കൽ ഡൊമിനിക്ക് (കുഞ്ഞിമോൻ) കൊല്ലപ്പെട്ട കേസിലാണ് ആലപ്പുഴ വെണ്ണക്കര കൃഷ്ണവിലാസത്തിൽ ഇന്ദിരാമ്മയെ (47) ഒറ്റപ്പാലം അഡീഷനൽ ജില്ല ആൻഡ് സെഷൻസ് ജഡ്ജ് സി.ജി. ഗോഷ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ഒരു വർഷത്തെ കഠിനതടവ് കൂടി അനുഭവിക്കണം.

2018 നവംബർ 13 നാണ് പട്ടാമ്പി കൊപ്പം നെടുമ്പ്രക്കാട്ടെ റബർ എസ്റ്റേറ്റിനുള്ളിൽ കൊലപാതകം നടന്നത്. എസ്റ്റേറ്റിലെ ടാപ്പിങ്ങ് തൊഴിലാളികളായി ജോലി ചെയ്യുകയായിരുന്നു കൊല്ലപ്പെട്ട ഡൊമിനിക്കും മോളി എന്ന വ്യാജ പേരിൽ ഒപ്പം താമസിച്ചിരുന്ന ഇന്ദിരാമ്മയും. ഇന്ദിരാമ്മയുടെ അനുജത്തിയുടെ ഭർത്താവിന്റെ സുഹൃത്തായിരുന്നു ഡൊമിനിക്ക്.

അസ്വാഭാവിക മരണത്തിനാണ് കൊപ്പം പൊലീസ് ആദ്യം കേസെടുത്തിരുന്നത്. തൃശൂർ മെഡിക്കൽ കോളജിലെ ഫോറൻസിക് സർജൻ ഡോ. അജിത് പാലിയേക്കര നൽകിയ പോസ്റ്റ് മോർട്ടം റിപ്പോർട്ടാണ് കേസിൽ വഴിത്തിരിവായത്. വിവാഹിതനായ ഡൊമിനിക് ഭാര്യയുമായും കുടുംബവുമായും പുലർത്തിയിരുന്ന അടുപ്പത്തെ തുടർന്നുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ്​ അന്വേഷണത്തിൽ കണ്ടെത്തിയത്.

കൊപ്പം എസ്.ഐ എം.ബി. രാജേഷും ഷൊർണൂർ ഡിവൈ.എസ്.പി വി. സുരേഷുമാണ് കേസന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പി.എം. ജയ ഹാജരായി.

Tags:    
News Summary - Woman gets life imprisonment for murdering 60-year-old man

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.