മകനെ ആശുപത്രിയിൽ കൊണ്ടുപോകവേ ടാങ്കറിടിച്ച് സ്കൂട്ടർയാത്രിക മരിച്ചു

അങ്കമാലി: അപകടത്തിൽ പരിക്കേറ്റ മകനെ തുടർ ചികിത്സക്കായി ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെ സ്കൂട്ടറിന് പിന്നിൽ ടാങ്കർ ലോറിയിടിച്ച് വീട്ടമ്മ മരിച്ചു. സ്കൂട്ടറിന് പിന്നിൽ സഞ്ചരിച്ച മകന് സാരമായി പരുക്കേറ്റു. അങ്കമാലി വേങ്ങൂർ പട്ടിക ജാതി നഗറിൽ താമസിക്കുന്ന മഠത്തിപ്പറമ്പിൽ വീട്ടിൽ ഷാജിയുടെ ഭാര്യ ഷിജിയാണ് (44) മരിച്ചത്. പരിക്കേറ്റ മകൻ രാഹുലിനെ (22) ചാലക്കുടി സെൻറ് ജയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബുധനാഴ്ച രാവിലെ 11.15 ഓടെ കൊരട്ടി ചിറങ്ങരയിലായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചുവീണ ഷിജിയെ അവശനിലയിൽ കറുകുറ്റി അപ്പോളോ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇക്കഴിഞ്ഞ ഞായറാഴ്ച നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപമുണ്ടായ വാഹനാപകടത്തിൽ രാഹുലിന്റെ കാലിന് പരുക്കേറ്റിരുന്നു. തുടർചികിത്സക്കായി ചാലക്കുടി സെന്റ് ജയിംസ് ആശുപത്രിയിലേക്ക് പോകുംവഴിയാണ് ദുരന്തമുണ്ടായത്. അങ്കമാലിയിലെ സ്വകാര്യ സ്ഥാപനത്തിലെ അക്കൗണ്ടൻറാണ് ഷിജി. മറ്റൂർ പനപ്പറമ്പിൽ കുടുംബാംഗമാണ്.

മൃതദേഹം ചാലക്കുടി സർക്കാർ ആശുപത്രി മോർച്ചറിയിൽ. ഭർത്താവ് ഷാജി കെട്ടിട നിർമാണ തൊഴിലാളിയാണ്. മറ്റൊരു മകൻ: അതുൽ (പ്ലസ് ടു വിദ്യാർഥി, സെൻറ് ജോസഫ് സ്കൂൾ, കിടങ്ങൂർ). സംസ്കാരം വ്യാഴാഴ്ച വൈകീട്ട് നാലിന്.

Tags:    
News Summary - Woman killed as tanker hits two-wheeler

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.