കൽപറ്റ: ബസിൽനിന്നിറങ്ങി മുൻവശത്തോട് ചേർന്ന് നടന്നുപോകുന്നതിനിടെ അതേ ബസ് തട്ടി അപകടത്തിൽപെട്ട സ്ത്രീക്ക് അവിശ്വസനീയമായ രക്ഷപ്പെടൽ. കൽപറ്റ പഴയ ബസ്റ്റാൻഡിൽ വ്യാഴാഴ്ച വൈകിട്ട് 4.20ഓടെ നടന്ന അപകടത്തിലാണ് ബസ് ഡ്രൈവറുടെയും നാട്ടുകാരുടെയും അവസരോചിതമായ ഇടപെടലിനെ തുടർന്ന് സ്ത്രീ ഒരു പോറൽ പോലുമേൽക്കാതെ രക്ഷപ്പെട്ടത്.
പഴയ ബസ്റ്റാൻഡിന് സമീപമുള്ള ന്യൂഫോം ഹോട്ടലിന്‍റെ സി.സി.ടി.വിയിലാണ് ഇതിന്‍റെ ദൃശ്യങ്ങൾ പതിഞ്ഞത്. മാനന്തവാടിയിൽനിന്ന് കൽപറ്റയിലേക്ക് വന്ന ആലാറ്റിൽ എന്ന സ്വകാര്യ ബസിന് മുന്നിലാണ് അപകടമുണ്ടായത്.
മാനന്തവാടിയിൽനിന്നാണ് സ്ത്രീ ഈ ബസിൽ കയറിയതെന്നും കൽപറ്റയിൽ നിർത്തിയശേഷം ഇറങ്ങുകയായിരുന്നുവെന്നും കണ്ടക്ടർ എ.ബി ഷാജി പറഞ്ഞു. കൽപറ്റയിൽ ബസ് നിർത്തിയശേഷം ആളുകളെ ഇറക്കുകയായിരുന്നു. ഇതിനിടയിൽ മുന്നിലെ ഡോറിലൂടെ സ്ത്രീ പുറത്തേക്കിറങ്ങി ബസിന്‍റെ മുൻഭാഗത്തോട് ചേർന്ന് നടന്നുപോകുന്നത് സി.സി.ടി.വിയിൽ ദൃശ്യത്തിൽ കാണാം.
ബസിന്‍റെ മുൻഭാഗത്തോട് ചേർന്ന് നടന്നതിനാൽ തന്നെ ഡ്രൈവർക്ക് ഇത് കാണാൻ കഴിയുമായിരുന്നില്ല. ആളുകൾ ഇറങ്ങിയതോടെ ബസ് മുന്നോട്ടെടുത്തു. ഇതിനിടയിലാണ് സ്ത്രീയെ തട്ടിയത്. ബസ് തട്ടി മുൻ ടയറിന് സമീപമായി സ്ത്രീ താഴെ വീണത് കണ്ട് ആളുകൾ ബഹളം വെച്ചു.
ഇതോടെ ഡ്രൈവർ ബസ് നിർത്തി. മുൻ ടയർ കയറി കയറിയില്ല എന്നതരത്തിലായിരുന്നു അപകടം. ഉടനെ നാട്ടുകാരെത്തി സ്ത്രീയെ എഴുന്നേൽപിച്ചു. സംഭവത്തിന് ശേഷം ഇവർ മറ്റൊരു ബസിൽ കയറി യാത്രയായി.
ഒരു സെക്കൻഡ് വൈകിയിരുന്നെങ്കിൽ വലിയ ദുരന്തമായി മാറിയേക്കാവുന്ന അപകടമാണ് തലനാരിഴക്ക് വഴിമാറിയതെന്നും ബസിന് ബോഡിയോട് ചേർന്ന് ആളുകൾ നടന്നാൽ കാണാൻ കഴിയില്ലെന്നും ഇക്കാര്യം എല്ലാവരും ശ്രദ്ധിക്കണമെന്നും ഡ്രൈവർ ദേവസ്യ കപ്പലുമാക്കൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.