വിദേശ മദ്യഷാപ്പുകളില്‍ സ്ത്രീകള്‍ക്ക് നിയമനം പാടില്ലെന്ന വ്യവസ്ഥ ഹൈകോടതി റദ്ദാക്കി

കൊച്ചി: ബിവറേജസ് കോര്‍പറേഷന്‍െറ വിദേശ മദ്യഷാപ്പുകളിലും ഒൗട്ട്ലറ്റുകളിലും വിവിധ ജോലികളിലേക്ക് സ്ത്രീകള്‍ക്കും നിയമനം നല്‍കണമെന്ന് ഹൈകോടതി. സ്ത്രീകള്‍ക്ക് നിയമനം നിഷേധിക്കുന്ന കേരള അബ്കാരി ഷോപ്സ് ഡിസ്പോസല്‍ ചട്ടത്തിലെയും വിദേശമദ്യ ചട്ടത്തിലെയും വ്യവസ്ഥകള്‍ റദ്ദാക്കിയാണ് സിംഗിള്‍ബെഞ്ച് ഉത്തരവ്. ഇത്തരം വ്യവസ്ഥകള്‍ തുല്യനീതി ഉറപ്പാക്കുന്ന ഭരണഘടനയുടെ 14ാം അനുഛേദത്തിന്‍െറയും ലിംഗ സമത്വം ഉറപ്പാക്കുന്ന 15ാം അനുഛേദത്തിന്‍െറയും ലംഘനമാണെന്നും നിയമപരമായി നിലനില്‍ക്കില്ളെന്നും കോടതി ചൂണ്ടിക്കാട്ടി.

സ്ത്രീകളെ നിയമിക്കാനാവില്ളെന്ന വ്യവസ്ഥകളുടെ പേരില്‍ ബിവറേജസ് കോര്‍പറേഷനിലെ പ്യൂണ്‍, ഹെല്‍പ്പര്‍ തസ്തികയിലേക്ക് നിയമനം നിഷേധിച്ചത് ചൂണ്ടിക്കാട്ടി പി.എസ്.സി റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട കൊല്ലം ചവറ സൗത്ത് സ്വദേശിനി ബി. സനൂജയുള്‍പ്പെടെ ആറുപേര്‍ നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്.

കള്ളുഷാപ്പുകളിലും വിദേശമദ്യഷാപ്പുകളിലും സ്ത്രീകളെ നിയമിക്കരുതെന്നാണ് കേരള അബ്കാരി ഷോപ്സ് ഡിസ്പോസല്‍ ചട്ടത്തിലെയും വിദേശമദ്യ ലൈസന്‍സ് ചട്ടത്തിലെയും വ്യവസ്ഥ. ഈ വ്യവസ്ഥകളുടെ പേരില്‍ റാങ്ക് പട്ടികയില്‍ മുന്നില്‍നിന്ന സ്ത്രീകളെ തഴഞ്ഞ് പട്ടികയില്‍ താഴെയുള്ള പുരുഷന്മാര്‍ക്ക് നിയമനം ലഭിച്ചു. ഇത് തുല്യനീതിയുടെ നിഷേധമാണെന്നാണ് ഹരജിക്കാര്‍ ചൂണ്ടിക്കാട്ടിയത്.

റാങ്ക് പട്ടികയില്‍ ഹരജിക്കാരെക്കാള്‍ താഴെയുള്ള പുരുഷന്മാര്‍ക്ക് നിയമനം ലഭിക്കാനിടയായ സാഹചര്യം ഭരണഘടനവിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ അര്‍ഹതയുള്ള വനിതകള്‍ക്ക് രണ്ടാഴ്ചക്കകം പി.എസ്.സി നിയമനം നല്‍കണം. മദ്യഷാപ്പിലാണോ ഓഫിസിലാണോ ഒഴിവുള്ളതെന്ന് കണക്കാക്കാതെതന്നെ നിയമനം നടത്തണം.

ഒഴിവുകള്‍ നിലവിലില്ളെങ്കില്‍ ഇനിവരുന്ന ഒഴിവുകള്‍ക്കനുസരിച്ച് ക്രമീകരിക്കാവുന്ന തരത്തില്‍ നിയമനം നടത്തണമെന്നും കോടതി വ്യക്തമാക്കി. ഉത്തരവിന്‍െറ പശ്ചാത്തലത്തില്‍ നിലവിലെ നിയമനങ്ങള്‍ പി.എസ്.സി പുന$ക്രമീകരിക്കണമെന്നും മാസത്തിനകം ആവശ്യമായ ക്രമീകരണങ്ങള്‍ വരുത്തണമെന്നും കോടതി നിര്‍ദേശിച്ചു. അതേസമയം, റാങ്ക് പട്ടികയിലെ മുഴുവന്‍ പുരുഷന്മാര്‍ക്കും നിയമനം നല്‍കിയെന്നും ഇവരെ കക്ഷിയാക്കാതെ കേസില്‍ വിധി പറയുന്നത് പലരെയും ബാധിക്കുമെന്നുമുള്ള ബിവറേജസ് കോര്‍പറേഷന്‍െറ വാദം കോടതി തള്ളി.

Tags:    
News Summary - women posting in beverages outlet in kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.