എടക്കാട്: തീരപ്രദേശത്ത് വീട് നിർമാണത്തിന് തീരദേശ പരിപാലന നിയമം തടസ്സമാകുന്നതായും ഇതു പരിഹരിക്കാൻ കേന്ദ്ര സർക്കാറിൽ സമ്മർദം ചെലുത്താൻ സംസ്ഥാന സർക്കാറിനോടു ശുപാർശ ചെയ്യുമെന്നും വനിത കമിഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി. കേരള വനിത കമീഷൻ തീരദേശ മേഖലയിൽ നടത്തുന്ന ക്യാമ്പിന്റെ ഭാഗമായി മുഴപ്പിലങ്ങാട് പഞ്ചായത്തിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ രോഗബാധിതരായവരെ വീടുകളിലെത്തി സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അവർ. തീരദേശത്തുള്ളവർക്ക് ലൈഫ് ഭവന പദ്ധതിയിൽ വീട് അനുവദിച്ചിട്ടുണ്ടെങ്കിലും നിയമക്കുരുക്ക് കാരണം നിർമാണത്തിന് കാലതാമസം നേരിടുകയാണ്.
കേന്ദ്ര സർക്കാർ തീരദേശ നിയമത്തിന്റെ വ്യവസ്ഥകൾ ലഘൂകരിക്കണമെന്ന് പല കുടുംബങ്ങളും ആവശ്യപ്പെട്ടു. സർക്കാർ ഫണ്ട് പാസാക്കിയിട്ടും വർഷങ്ങളായി വീട് നിർമിക്കാൻ കഴിയാത്ത സ്ഥിതിയാണെന്നും അവർ പറഞ്ഞു. കെട്ടിടനിർമാണം കൂടാതെ, തീരദേശ പരിപാലന നിയമം കാരണം കെട്ടിട നികുതിയടക്കം അടക്കാൻ കഴിയാത്ത സ്ഥിതിയാണ്. സർക്കാറിൽ നിന്ന് ലഭിക്കേണ്ട ആനുകൂല്യങ്ങൾ പോലും മുടങ്ങുന്നതായും കുടുംബങ്ങൾ ആശങ്ക അറിയിച്ചു. ഉപ്പുവെള്ളത്തിന്റെ പ്രയാസങ്ങളടക്കം അറിയിച്ചതായും വനിത കമീഷൻ അധ്യക്ഷ പറഞ്ഞു.
മറ്റു ജില്ലകളിൽ നിന്ന് വ്യത്യസ്തമായി കണ്ണൂരിലെ തീരപ്രദേശത്തുള്ളവരുടെ ജീവിതനിലവാരം മെച്ചപ്പെട്ടതാണ്. വലിയ തോതിലുള്ള ഗാർഹിക പീഡനങ്ങളോ ലഹരി ഉത്പന്നങ്ങളുടെ വിപണനം പോലുള്ള പ്രശ്നങ്ങളോ കൂടുതലായി കണ്ടുവരുന്നില്ല. തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും സമൂഹത്തിന്റെയും കൃത്യമായ ഇടപെടലാണ് ഇതിന് കാരണമെന്നും വനിത കമീഷൻ അധ്യക്ഷ പറഞ്ഞു.
മുഴപ്പിലങ്ങാട് തീരപ്രദേശത്തെ ആറോളം കുടുംബങ്ങളിലെത്തി അവരുടെ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും വനിത കമീഷൻ അധ്യക്ഷയും അംഗങ്ങളും നേരിട്ടു കണ്ട് മനസ്സിലാക്കി. കേരളത്തിലെ ഒമ്പത് ജില്ലകളിലാണ് തീരദേശ ക്യാമ്പ് നടത്തുന്നത്. വനിത കമീഷൻ അംഗം അഡ്വ. പി. കുഞ്ഞായിഷ, മുഴപ്പിലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് ടി. സജിത, റിസർച്ച് ഓഫിസർ എ.ആർ. അർച്ചന, സി.ഡി.എസ് ചെയർപേഴ്സൻ കെ.വി. നിമിഷ എന്നിവരും സന്ദർശനത്തിൽ പങ്കെടുത്തു. തുടർന്ന് നടന്ന ഏകോപന യോഗത്തിൽ തീരദേശ കുടുംബങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ അവതരിപ്പിക്കുകയും പരിഹാര മാർഗങ്ങൾ നിർദേശിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.