മത്സ്യവില്‍പ്പനക്കാരായ വനിതകള്‍ക്ക് ഇരുചക്രവാഹനവും ധനസഹായവും ലഭ്യമാക്കണമെന്ന് വനിതാ കമീഷന്‍

കൊച്ചി: മത്സ്യവില്‍പ്പനക്കാരായ വനിതകള്‍ക്ക് വിപണനം നടത്തുന്നതിന് സഹായകമായ നിലയില്‍ കുറഞ്ഞ പലിശ നിരക്കില്‍ ഇരുചക്രവാഹനവും ധനസഹായവും ലഭ്യമാക്കണമെന്ന് വനിതാ കമീഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി. മത്സ്യവില്‍പ്പനക്കാരായ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ മനസിലാക്കുന്നതിന് കൊല്ലം പള്ളിത്തോട്ടം തോപ്പ് സെന്റ് സ്റ്റീഫന്‍സ് ചര്‍ച്ച് ഹാളില്‍ സംഘടിപ്പിച്ച പബ്ലിക് ഹിയറിങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

മത്സ്യതൊഴിലാളികളായ വനിതകള്‍ക്ക് മത്സ്യം സുഗമമായി ലഭ്യമാകുന്നതിനും വേഗം വിപണനം ചെയ്യുന്നതിനും സൗകര്യം ഏര്‍പ്പെടുത്തണം. മത്സ്യ വിപണനം ചെയ്യുന്നതിന് വനിതകള്‍ക്ക് നഗര പ്രദേശത്തെങ്കിലും ഗതാഗത സൗകര്യം ഒരുക്കി കൊടുക്കണം. കൊള്ളപലിശക്കാരുടെ പിടിയില്‍ നിന്നും മത്സ്യവില്‍പ്പനക്കാരായ വനിതകളെ സംരക്ഷിക്കുന്നതിന് സ്വയംസഹായ സംഘങ്ങളും സഹകരണ സംഘങ്ങളും മുഖേന കുറഞ്ഞ പലിശക്ക് ധനസഹായം ലഭ്യമാക്കണം.

തീരപ്രദേശത്ത് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം വ്യാപകമാണെന്നു മനസിലാക്കുന്നു. മത്സ്യവില്‍പ്പനക്കാരായ വനിതകളില്‍ നിന്നും കൂടിയ പലിശയാണ് ഇത്തരം സ്ഥാപനങ്ങള്‍ ഈടാക്കുന്നത്. വാട്‌സാപ്പും ആപ്പുകളും മുഖേന ഓണ്‍ലൈനായി അമിത നിരക്കില്‍ പലിശ ഈടാക്കി വായ്പ നല്‍കുന്ന സംഘങ്ങളും വ്യാപകമാണ്. വായ്പാ തിരിച്ചടവ് മുടങ്ങിയാല്‍ ഇത്തരക്കാര്‍ കൃത്രിമമായി നിര്‍മിച്ച നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുക, ഭീഷണിപ്പെടുത്തുക തുടങ്ങിയവ ചെയ്യാറുണ്ട്. കൊള്ളപ്പലിശക്കാരുടെ കെണിയില്‍ വീഴാതിരിക്കാന്‍ ജനങ്ങള്‍ ശ്രദ്ധ പുലര്‍ത്തണം.

ചതിക്കുഴികളില്‍പ്പെടാതെ തൊഴില്‍ ചെയ്യാന്‍ മത്സ്യ വില്‍പ്പനക്കാരികളായ സ്ത്രീകള്‍ക്ക് അവസരമൊരുക്കണം. മത്സ്യവില്‍പ്പന നടത്തുന്ന വനിതകളെ കുടുംബം പുലര്‍ത്താന്‍ അന്തസോടെ മാന്യമായ തൊഴില്‍ ചെയ്യുന്നവരായി കണ്ട് അംഗീകരിക്കാന്‍ സമൂഹം തയാറാകണം.

കേരളത്തിന്റെ ഖജനാവിലേക്ക് ഗണ്യമായ സംഭാവന നല്‍കുന്നതാണ് മത്സ്യതൊഴിലാളി മേഖല. 35 ലക്ഷം പേര്‍ നേരിട്ടും മൂന്നു ലക്ഷം പേര്‍ അനുബന്ധമായും ഈ മേഖലയില്‍ തൊഴില്‍ ചെയ്തു ജീവിക്കുന്നുണ്ട്. തീരദേശ മേഖലയുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കി വരുന്ന നിയമങ്ങളിലെ വ്യവസ്ഥകള്‍ ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്.

കടലുമായി ബന്ധപ്പെട്ട് ജീവിതം കെട്ടിപ്പടുത്തിട്ടുള്ള തീരമേഖലയിലെ ജനവിഭാഗം കടല്‍ത്തീരം വിട്ടു പോകാന്‍ തയാറല്ല. കടലുമായി അമ്മയോടെന്ന പോലെ അഭേദ്യമായ ബന്ധമാണ് തീരദേശജനത പുലര്‍ത്തുന്നത്. മത്സ്യ തൊഴിലാളി മേഖലക്ക് വലിയ പ്രാധാന്യമാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നത്. പ്രാദേശിക വിപണനത്തിനും കച്ചവട സംവിധാനം ഒരുക്കുന്നതിനും കഴിഞ്ഞ ബജറ്റില്‍ 35 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ വകയിരുത്തിയിരുന്നു.

മത്സ്യതൊഴിലാളി സ്ത്രീകള്‍ക്ക് അടിസ്ഥാനസൗകര്യം ഒരുക്കുന്നതിനും പ്രത്യേക സഹായപദ്ധതികള്‍ക്കുമായി 17 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിരുന്നെന്നും അധ്യക്ഷ പറഞ്ഞു. വനിതാ കമീഷന്‍ അംഗം വി.ആര്‍. മഹിളാമണി അധ്യക്ഷത വഹിച്ചു. 

Tags:    
News Summary - Women's Commission to provide two-wheeler and financial assistance to women fish sellers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.