പാനൂർ: ഷാഫി പറമ്പിലിന്റെ പാനൂരിലെ റോഡ് ഷോയിൽ വനിത ലീഗ് പ്രവർത്തകർക്ക് വിലക്ക്. റോഡ് ഷോയിലും പ്രകടനത്തിലും പങ്കെടുക്കേണ്ടെന്ന കൂത്തുപറമ്പ് നിയോജക മണ്ഡലം ലീഗ് ജനറൽ സെക്രട്ടറി പി.കെ. ഷാഹുൽ ഹമീദിന്റെ ശബ്ദസന്ദേശം പുറത്തായി.
കൂത്തുപറമ്പ് നിയോജക മണ്ഡലം യു.ഡി.എഫ് കമ്മിറ്റി സംഘടിപ്പിച്ച റോഡ് ഷോയിലും പ്രകടനത്തിലും വനിത ലീഗ് പ്രവർത്തകർ പങ്കെടുക്കേണ്ടെന്നാണ് ഷാഹുൽ ഹമീദിന്റെ ശബ്ദസന്ദേശം. മതപരമായ നിയന്ത്രണങ്ങൾ ഇത്തരം ആഘോഷത്തിമിർപ്പുകൾ അനുവദിക്കുന്നില്ലെന്നും അതിനാൽ റോഡ് ഷോയിൽ സാന്നിധ്യം മാത്രം മതിയെന്നും ഷാഫിക്ക് അഭിവാദ്യം അർപ്പിക്കാനുള്ള അവസരം വനിത ലീഗ് പ്രവർത്തകർക്ക് ഒരുക്കുമെന്നും വാട്സ്ആപ് സന്ദേശത്തിൽ പറയുന്നുണ്ട്. ഇന്നാണ് പാനൂരിലെ ഷാഫിയുടെ റോഡ് ഷോയെന്നും റോഡ് ഷോയിൽ അച്ചടക്കം വേണമെന്നും പറഞ്ഞാണ് സന്ദേശം തുടങ്ങുന്നത്.
തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിനത്തിൽ പാനൂർ ടൗണിൽ നടന്ന ആഹ്ലാദപ്രകടനത്തിൽ വനിത ലീഗ് പ്രവർത്തകർ നൃത്തം ചെയ്തിരുന്നു. ഇത് ലീഗിനുള്ളിൽ വലിയ ചർച്ചയായി. ഇതിന്റെ പ്രതികരണം എന്ന നിലയിലാണ് ലീഗ് നേതാവിന്റെ വനിത ലീഗ് വാട്സ്ആപ് ഗ്രൂപ്പിലെ ശബ്ദസന്ദേശം. ഇതേത്തുടർന്ന് ഷാഫി പറമ്പിലിന്റെ പാനൂർ ടൗണിൽ നടന്ന റോഡ് ഷോയിൽ വനിത ലീഗ് പ്രവർത്തകർ പങ്കെടുത്തില്ല. പക്ഷേ, പൊതുയോഗ സ്ഥലത്ത് പ്രവർത്തകർ എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.