കൊച്ചി: സൈക്കിളെന്നാൽ പ്രകാശിന് വെറും സൈക്കിളല്ല, മറിച്ച് ജീവനും ജീവിതവുംതന്നെയാണ്. സാധാരണക്കാർക്കിടയിൽ സൈക്ലിങ് പ്രോത്സാഹിപ്പിക്കാൻ ജീവിതം ഉഴിഞ്ഞുവെച്ച പ്രകാശിന് അതുകൊണ്ടുതന്നെ സ്നേഹത്തോടെ സുഹൃത്തുക്കൾ ചാർത്തിക്കൊടുത്ത വിളിപ്പേരാണ് സൈക്കിൾ പ്രകാശ്.
ആരെ പരിചയപ്പെടുമ്പോഴും പേരും മറ്റും ചോദിച്ചറിഞ്ഞാൽ പ്രകാശിന്റെ അടുത്ത ചോദ്യം സൈക്ലിങ് അറിയാമോ എന്നായിരിക്കും. കേൾക്കുന്നവർ ആദ്യമൊന്ന് അമ്പരക്കുമെങ്കിലും അദ്ദേഹത്തിന്റെ സൈക്ലിങിനോടുള്ള ആത്മാർഥ ഇഷ്ടമാണ് ചോദ്യത്തിനു പിന്നിലെന്നറിഞ്ഞാൽ ചിരിയോടെ മറുപടി നൽകും.
തിരുവനന്തപുരം സ്വദേശിയായ പ്രകാശ് പി. ഗോപിനാഥ് 15 വർഷത്തോളമായി സൈക്കിൾ പരിശീലനത്തിലും സൈക്ലിങ്ങിലുമായി സജീവമാണ്. 2009ൽ തിരുവനന്തപുരത്തെ ചില്ല എന്ന പേരിൽ ലൈംഗികതൊഴിലാളികളുടെ മക്കൾക്ക് വീടു നിർമിക്കുന്നതിനുള്ള ഫണ്ട് സമാഹരിക്കുന്നതിനായി സൈക്കിൾ യാത്ര നടത്തിയായിരുന്നു തുടക്കം.
2012ൽ ഇൻഡസ് സൈക്ലിങ് എംബസി എന്ന പേരിൽ 32 പേരുമായി സൈക്കിൾ ക്ലബ് രൂപവത്കരിച്ചു. ഇന്നാ കൂട്ടായ്മയിൽ 250ലേറെ പേരുണ്ട്. അതിനടുത്ത വർഷംമുതലാണ് സാധാരണക്കാരായ സ്ത്രീകളെ സൗജന്യമായി സൈക്ലിങ് പഠിപ്പിക്കാൻ തുടങ്ങിയത്.
ഇതിനകം നൂറുകണക്കിനാളുകൾ പ്രകാശിൽനിന്ന് നേരിട്ടും അദ്ദേഹം പരിശീലിപ്പിച്ച സ്ത്രീകളിൽനിന്നായും ആത്മവിശ്വാസത്തിന്റെ സൈക്കിൾ ട്രാക്കിലെത്തി. ദക്ഷിണ റെയിൽവേയിൽ സീനിയർ സെക്ഷൻ എൻജിനീയറായിരുന്ന പ്രകാശ് ജോലിയിൽനിന്ന് സ്വയം വിരമിച്ചാണ് മുഴുസമയ സൈക്ലിങ് പരിശീലനത്തിലേക്കിറങ്ങിയത്.
പ്രകൃതിസൗഹൃദ ഗതാഗതം പ്രോത്സാഹിപ്പിക്കുക, സൈക്ലിങ്ങിലൂടെ സ്ത്രീകളുടെ ആത്മവിശ്വാസവും സഞ്ചാരസ്വാതന്ത്ര്യവും വർധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് പിന്നിലെന്ന് അദ്ദേഹം പറയുന്നു. ഇതിനിടെ തിരുവനന്തപുരത്തെ സൈക്കിൾ മേയർ എന്ന പദവിയും തേടിയെത്തി. നിലവിൽ വിവിധ പരിശീലന പദ്ധതികളുടെ ഭാഗമായി ഫോർട്ട്കൊച്ചിയിലാണ് പ്രകാശും അദ്ദേഹത്തിന്റെ സൈക്കിളുമുള്ളത്.
കൊച്ചി കോർപറേഷൻ, സി.എസ്.എം.എൽ എന്നിവയുമായി ചേർന്ന് കൊച്ചിയെ സൈക്കിൾസൗഹൃദ നഗരമാക്കുന്നതിന്റെ ഭാഗമായി 700ഓളം പേരെ സൈക്ലിങ് പഠിപ്പിച്ചു. ഇതിനുശേഷം കൊച്ചിയിൽ ഷീ സൈക്ലിങ് എന്ന പദ്ധതിയും തുടങ്ങി. പ്രകാശിൽനിന്ന് പരിശീലിച്ച എം.എ സീനത്ത് എന്ന യുവതിയാണ് മറ്റുള്ളവരെ പഠിപ്പിക്കാൻ ഒപ്പമുള്ളത്. സീനത്ത് മാത്രം 500ഓളം പേരെ പഠിപ്പിച്ചിട്ടുണ്ട്.
ആരിൽനിന്നും ഒരു രൂപപോലും വാങ്ങാതെ, പഠിക്കാൻ സൈക്കിളും കൊടുത്താണ് പരിശീലനം. ഇതിനിടെ കോട്ടയം ബി.സി.എം കോളജ്, തിരുവനന്തപുരത്തെ ശ്രീചിത്ര ഹോം തുടങ്ങിയ ഇടങ്ങളിൽ നിരവധി സ്ത്രീകൾക്കും കുട്ടികൾക്കും പരിശീലനം നൽകി.
ഓരോ മാസവും ക്ലബ് ഫണ്ട് സ്വരൂപിച്ച് അർഹയായ ഒരു വിദ്യാർഥിനിക്ക് പുതിയ സൈക്കിൾ സമ്മാനിക്കുന്ന കാമ്പയിനും ഈ 58കാരൻ നേതൃത്വം നൽകുന്നു. രാജ്യത്തെ വിവിധ നഗരങ്ങളിൽ ഷി സൈക്ലിങ് പരിശീലനം തുടങ്ങാനുള്ള തയാറെടുപ്പിലാണ് ഈ കട്ട സൈക്കിൾ പ്രേമി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.