തിരുവനന്തപുരം: റേഷൻ അരിച്ചാക്കുകളിൽ പലതും ചീഞ്ഞുനാറുന്നു. എഫ്.സി.ഐയിൽ നിന്നെത്തുന്ന അരിയിൽ ഒരുഭാഗം കരിഞ്ചന്തയിലേക്ക് കടത്തിയശേഷം വർഷങ്ങളോളം ഗോഡൗണിൽ കെട്ടിക്കിടന്ന് പുഴുവരിച്ച അരി കടകളിലെത്തിച്ചാണ് ഉദ്യോഗസ്ഥ-കരിഞ്ചന്ത ലോബി പൂർവാധികം ശക്തിയോടെ പൊതുവിതരണരംഗത്ത് തലപൊക്കുന്നത്.
ചത്ത എലിയുടെ അവശിഷ്ടം മുതൽ മൃഗങ്ങളുടെ കാഷ്ഠം വരെ ഗോഡൗണുകളിൽനിന്ന് തൂത്തുവാരി തുന്നിക്കെട്ടി റേഷൻ കടകളിലെത്തിച്ചതോടെ വിതരണം ചെയ്യാനാകാത്ത വലയുകയാണ് വ്യാപാരികൾ. ഇവ കടകളിലിറക്കാൻ തയാറാകാത്തവരെ ജില്ല സപ്ലൈ ഓഫിസർമാരടക്കം ഭീഷണിപ്പെടുത്തുന്നെന്ന പരാതിയുമുണ്ട്.
തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ തുന്നിക്കെട്ടിയ ചാക്കുകൾ കടകളിലെത്തിയത്. എറണാകുളത്തും മോശം അരി എത്തിയതോടെ കൊച്ചി, അങ്കമാലി എഫ്.സി.ഐ ഗോഡൗണുകളിൽ അഡീഷനൽ ജില്ല മജിസ്ട്രേറ്റ് പരിശോധന നടത്തിയിരുന്നു. ആന്ധ്രയിൽ ചണച്ചാക്ക് നിർമാണം നിലച്ചതോടെ പഴയ ചാക്കുകളിലാണ് അരിയെത്തുന്നത്.
കയറ്റിറക്കുവേളയിൽ പലതും ഇഴപൊട്ടി അരി ചോർന്നതോടെയാണ് തട്ടിപ്പിന് കളമൊരുങ്ങിയത്. എഫ്.സി.ഐ മുദ്രയില്ലാത്ത ചാക്കുകൾ വ്യാപാരികൾ കൈപ്പറ്റരുതെന്ന് നിർദേശമുണ്ട്. മുദ്രെവച്ച ചാക്കുകൾ ഗോഡൗണിലെത്തിച്ച് പുതിയ ചാക്കുകളിലേക്ക് അരി മാറ്റും.
ഈ അരിയിൽ ഒരുഭാഗം കരിഞ്ചന്തയിലേക്ക് കടത്തലാണ് പതിവ്. വാതിൽപ്പടി വിതരണത്തിനായി ഉപയോഗിക്കുന്ന ലോറികൾതന്നെയാണ് ഇതിനായി ഉപയോഗിക്കുന്നതും. കഴിഞ്ഞവർഷം ജില്ലയിൽ ഇത്തരത്തിൽ വിതരണം ചെയ്ത തുന്നിക്കെട്ടിയ ചാക്കുകൾ മുൻ ഭക്ഷ്യമന്ത്രി പി. തിലോത്തമൻ ഇടപെട്ട് മാറ്റിയിരുന്നു.
എഫ്.സി.ഐയിൽനിന്ന് മുദ്രവെച്ച ചാക്കിൽ വരുന്ന അരി മാറ്റാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടില്ല. ചാക്കിലെ നിലവാരം പരിശോധിക്കുന്നുണ്ട്. ഗോഡൗണിലെ നിലത്ത് കിടക്കുന്ന അരിയാണ് തുന്നിക്കെട്ടിയ ചാക്കുകളിലുള്ളതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഈ ചാക്കുകളിലെ അരിയുടെ ഗുണനിലവാരത്തെ സംബന്ധിച്ച് പരിശോധിക്കും.
ഭക്ഷ്യമന്ത്രിയുടെ ഓഫിസ്
കുത്തിക്കെട്ടിയ ചാക്കിൽ 300 കിലോ മോശം അരിയാണ് കടയിലിറക്കിയത്. ഇത്തരം ചാക്കുകൾ കടയിൽ വെക്കാൻ കഴിയില്ലെന്ന് അറിയിച്ചെങ്കിലും കരാറുകാരൻ സമ്മതിച്ചില്ല. തുടർന്ന് റേഷൻ ഇൻസ്പെക്ടർ പരിശോധിച്ച് അരി വിതരണയോഗ്യമല്ലെന്ന് എഴുതിനൽകി. രണ്ട് മാസത്തിനുശേഷം ഈ ചാക്കുകൾ എെൻറ കടയിലിരുന്ന് നശിച്ചതാണെന്ന് ചൂണ്ടിക്കാട്ടി 22,217 രൂപ പിഴയായി ഈടാക്കി. മന്ത്രിക്കും സിവിൽ സപ്ലൈസ് ഡയറക്ടർക്കും പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല
പി. പ്രദീപ് കുമാർ, റേഷൻ വ്യാപാരി
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.