ആലപ്പുഴ: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ദയനീയ തോൽവി ഏറ്റുവാങ്ങിയതിനെ പരിഹസിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി കോൺഗ്രസ് നേതാവ് വി.ടി. ബൽറാം. 'നിങ്ങള്‍ക്കിന്ന് ദുര്‍ദിനമാണല്ലോ?' എന്നായിരുന്നു, വലിയഴീക്കല്‍ പാലത്തിന്റെ ഉദ്ഘാടന ചടങ്ങിൽ രമേശ് ചെന്നിത്തലയോട് പിണറായിയുടെ ചോദ്യം. ഇതിനാണ് ബൽറാം സമൂഹമാധ്യത്തിലൂടെ മറുപടിയുമായെത്തിയത്.
'ശരിയാണ് സെർ, ഞങ്ങൾക്കൊക്കെ ഇന്ന് ദുർദ്ദിനം തന്നെയാണ്. ഞങ്ങൾക്കതിന്റെ ദുഃഖവുമുണ്ട്. ഇന്നത്തെ ദിവസം സന്തോഷം തോന്നുന്നവർ സന്തോഷിച്ചാട്ടെ, ആഘോഷിക്കാൻ തോന്നുന്നവർ ആഘോഷിച്ചാട്ടെ..' എന്നായിരുന്നു ബൽറാമിന്റെ ഫേസ്ബുക് പോസ്റ്റ്.
ആലപ്പുഴയിലെ വലിയഴീക്കല്‍ പാലത്തിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു ചെന്നിത്തലയെ വേദിയിലിരുത്തി മുഖ്യമന്ത്രിയുടെ പരാമര്‍ശം. പാലം ജനങ്ങള്‍ക്ക് തുറന്നുകൊടുക്കുന്ന ഈ ദിനം തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിനമാണെന്ന് ചെന്നിത്തല പ്രസംഗത്തില്‍ പറഞ്ഞിരുന്നു. തുടർന്ന് സംസാരിച്ച മുഖ്യമന്ത്രി ചെന്നിത്തലയോട് 'നിങ്ങള്‍ക്കിന്ന് ദുര്‍ദിനമാണല്ലോ?' എന്നാണ് തെരഞ്ഞെടുപ്പിലെ തിരിച്ചടി പരോക്ഷമായി പരാമര്‍ശിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞത്.
വികസന പ്രവര്‍ത്തനങ്ങള്‍ വരും തലമുറയ്ക്ക് കൂടിയുള്ളതാണ്. പാലം പൂര്‍ത്തിയായതില്‍ രമേശ് ചെന്നിത്തലയ്ക്ക് അഭിമാനിക്കാം. എന്നാല്‍ ഇന്ന് അദ്ദേഹത്തിന് ദുര്‍ദിനമാണ്. അതിന്റെ കാരണം മറ്റൊന്നാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു.
തീരദേശ ഹൈവേയുടെ ഭാഗമാണ് വലിയഴീക്കല്‍ പാലം. ആലപ്പുഴയിലെ ആറാട്ടുപുഴ പഞ്ചായത്തിലെ തീരദേശ മേഖലയായ വലിയഴീക്കലിനെയും കൊല്ലം ജില്ലയിലെ ആലപ്പാട് പഞ്ചായത്തിലെ അഴീക്കലിനെയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് വലിയഴീക്കല്‍ പാലം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.