തിരുവനന്തപുരം: ഇലക്ട്രിക് ബസ് വിവാദങ്ങളിൽ പ്രതികരണവുമായി മുൻ ഗതാഗത മന്ത്രി ആന്‍റണി രാജു. വിമാനത്തിലേക്കാൾ സുഖകരമാണ് ഇലക്‌ട്രിക് ബസിലെ യാത്രയെന്ന് ആന്‍റണി രാജു പറഞ്ഞു. ഇലക്‌ട്രിക്ക് ബസിൽ ഓട്ടോറിക്ഷയേക്കാളും കാറിനേക്കാളും വിമാനത്തിനെക്കാളും സുഖകരമായി യാത്രചെയ്യാം. തിരുവനന്തപുരം നഗരത്തിലുള്ളവർക്ക് ഏറ്റവും സൗകര്യം ഇലക്ട്രിക് ബസ് യാത്രയാണ് -അദ്ദേഹം പറഞ്ഞു. പൂർവ അധ്യാപകരുടെ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗതാഗത മന്ത്രി സ്ഥാനത്തുനിന്ന് ആന്‍റണി രാജു ഒഴിഞ്ഞതിനു പിന്നാലെ സ്ഥാനമേറ്റ ഗണേഷ് കുമാർ, ഇലക്ട്രിക് ബസുകൾ നഷ്ടത്തിലാണെന്ന് പറഞ്ഞിരുന്നു. ഇനി ഇലക്‌ട്രിക് ബസുകൾ വാങ്ങേണ്ടെന്നും നിലവിൽ സിറ്റി സർവീസിന് ഈടാക്കുന്ന പത്ത് രൂപ നിരക്ക് പുനഃപരിശോധിക്കുമെന്നുമാണ് ഗണേഷ് കുമാർ അഭിപ്രായപ്പെട്ടത്. ഒപ്പം നിലവിലോടുന്ന റൂട്ടുകൾ പുനക്രമീകരിക്കാൻ പദ്ധതിയുണ്ടെന്നും വ്യക്തമാക്കി.
എന്നാൽ, ഈ പ്രസ്താവനക്ക് പിന്നാലെ ഇ-ബസ് ലാഭത്തിലാണെന്ന കെ.എസ്.ആർ.ടി.സി റിപ്പോർട്ട് പുറത്തുവന്നു. റിപ്പോർട്ട് ചോർന്ന അതൃപ്തി മന്ത്രി കെ.എസ്.ആർ.ടി.സിയുടെ ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കുകയും ചോർന്നത് എങ്ങനെ എന്ന് കണ്ടെത്താൻ എക്സിക്യുട്ടിവ് ഡയറക്ടറെ ചുമതലപ്പെടുത്തുകയും ചെയ്തു.
ഇലക്ട്രിക് ബസുകൾക്കെതിരായ മന്ത്രിയുടെ നിലപാട് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനടക്കം തള്ളിക്കളഞ്ഞു. മന്ത്രിയുടെ വാദം അംഗീകരിക്കാനാവില്ലെന്ന് എം.എൽ.എ വി.കെ പ്രശാന്തും മേയർ ആര്യ രാജേന്ദ്രനും പ്രതികരിച്ചു. പിന്നീട്, ആന്‍റണി രാജുവുമായി തർക്കമില്ലെന്നും അച്ഛനോടൊപ്പം എം.എൽ.എയായിരുന്ന ആളാണ് അദ്ദേഹമെന്നും അദ്ദേഹത്തെ ‘ചേട്ടാ’ എന്നാണ് താൻ വിളിക്കുന്നതെന്നും മന്ത്രി പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.