സമാധാനപരമായി നായ്ക്കളും മനുഷ്യരും ഒരുമിച്ചുകഴിയണമെന്നും തെരുവുനായ് ശല്യത്തിന് കൊന്നുകളയലല്ല പരിഹാരമെന്നും പറഞ്ഞ കോഴിക്കോട് മേയര്‍ ബീന ഫിലിപ്പിനെ പരിഹസിച്ച് എം.എസ്.എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്‍റ് അഡ്വ. ഫാത്തിമ തഹ്‍ലിയ. തെരുവു നായകളുമായി സഹകരിച്ച് ജീവിക്കണമെന്ന് ആഗ്രഹമുണ്ട്. പക്ഷെ, അവരെ പറഞ്ഞ് മനസ്സിലാക്കാൻ തനിക്ക് പറ്റുമെന്ന് തോന്നുന്നില്ല. കാണുമ്പോഴേക്ക് കൂട്ടത്തോടെ ചാടിക്കടിക്കാൻ വരുന്ന അവയോട് സംസാരിച്ച് കാര്യങ്ങൾ ബോധ്യപ്പെടുത്തണമെന്നുമാണ് മേയറോട് ഫാത്തിമ തഹ്‍ലിയ ആവശ്യപ്പെട്ടത്.
കോഴിക്കോട് കോര്‍പറേഷനിലെ തന്റെ വീട് സ്ഥിതിചെയ്യുന്ന പ്രദേശം തെരുവുനായകള്‍ വിലസുന്ന സ്ഥലമാണെന്നും ഇവയുടെ സാന്നിധ്യം കാരണം വഴിനടക്കാൻ പറ്റാറില്ലെന്നും ടൂ വീലറിന് പിന്നാലെ ഓടി അക്രമിക്കാൻ വന്ന അനുഭവം ഒരുപാടുണ്ടെന്നും ഫാത്തിമ പറയുന്നു. തങ്ങളൊന്നും അത്ര കുഴപ്പക്കാരല്ലെന്നും ചാടിക്കടിക്കാൻ വരരുതെന്ന് ഉപദേശിക്കണമെന്നും പോസ്റ്റിൽ ആവശ്യപ്പെടുന്നുണ്ട്.
നായ്ക്കളെ കൊന്നുകളയുകയല്ല പരിഹാരമെന്നും സൂറത്തിൽ പ്ലേഗ് ഉണ്ടായത് തെരുവുനായ്ക്കളെ വൻതോതിൽ കൊന്നൊടുക്കിയപ്പോഴാണെന്നും മേയർ പറഞ്ഞിരുന്നു. ''അവരും അവരുടേതായ കർത്തവ്യങ്ങൾ ലോകത്ത് ചെയ്യുന്നുണ്ട്. നമ്മൾ അത് അറിയുന്നില്ല എന്നു മാത്രമേയുള്ളൂ. സമാധാനപരമായി നായ്ക്കളും മനുഷ്യരും ഒരുമിച്ചുകഴിയണം. ഈ ഭൂമിയിലെ മനുഷ്യന്റെ ഏറ്റവും അടുത്ത മൃഗവും സ്‌നേഹിതരുമാണ് നായ്ക്കൾ. ആ രീതിയിൽ അവയെ കണ്ടു പരിപാലിക്കാൻ നമുക്ക് കഴിയണം. നമ്മളും അവരും ഒരുമിച്ച് ഈ ഭൂമിയിൽ ജീവിക്കുന്ന അവസ്ഥയിലേക്ക് വരാൻ നമ്മൾ ശ്രമിക്കണം. അവയോടുള്ള അകാരണമായ ഭീതിയിൽനിന്ന് അവയെ സ്‌നേഹിച്ച് സൗമ്യരാക്കാൻ നമുക്ക് സാധിക്കണമെന്നാണ് ഈ അവസ്ഥയിൽ എല്ലാവരോടും പറയാനുള്ളത്. അങ്ങനെ ചെയ്യാതിരിക്കുമ്പോഴാണ് മറ്റു മാർഗങ്ങൾ ആലോചിക്കേണ്ടിവരുന്നത്'' എന്നിങ്ങനെയായിരുന്നു ബീന ഫിലിപ്പിന്റെ പ്രതികരണം.
ബഹുമാനപ്പെട്ട കോഴിക്കോട് മേയർ ബീന ഫിലിപ്പിന്,
തെരുവ് നായ്ക്കൾ വിലസുന്ന സ്ഥലമാണ് കോഴിക്കോട് കോർപറേഷനിലെ എന്റെ വീട് സ്ഥിതി ചെയ്യുന്ന ചാലപ്പുറം. പല ദിവസങ്ങളിലും എന്റെ വീട്ടിലേക്കുള്ള വഴിയിൽ ഇവന്മാരുടെ സാന്നിധ്യം കാരണം വഴി നടക്കാൻ പറ്റാറില്ല. ടൂ വീലറിന്റെ പിന്നാലെ അവരോടി അക്രമിക്കാൻ വന്ന അനുഭവം ഒരുപാടുണ്ട്. അങ്ങ് നായ്ക്കളും മനുഷ്യരും സമാധാനത്തോടെ ഒരുമിച്ച് കഴിയണം എന്ന് പറഞ്ഞതായി അറിഞ്ഞു. എനിക്കും അപ്രകാരം സമാധാനത്തിൽ ജീവിക്കണമെന്നുണ്ട്. പക്ഷെ അവരെ പറഞ്ഞ് മനസ്സിലാക്കാൻ എനിക്ക് പറ്റുമെന്ന് തോന്നുന്നില്ല. കാണുമ്പോഴേക്ക് കൂട്ടത്തോടെ ചാടിക്കടിക്കാൻ വരുകയാണവർ. അതുകൊണ്ട് അങ്ങയുടെ ദയവുണ്ടായി കോഴിക്കോട് കോർപറേഷനിലെ തെരുവ് നായകളോട് അങ്ങ് സംസാരിച്ച് കാര്യങ്ങൾ ബോധ്യപ്പെടുത്തണം. ഞങ്ങളൊന്നും അത്ര കുഴപ്പക്കാരല്ലെന്നും ഞങ്ങളെ ചാടിക്കടിക്കാൻ വരരുത് എന്നും ഉപദേശിക്കണം.
ഏറെ പ്രതീക്ഷകളോടെ,
അഡ്വ. ഫാത്തിമ തഹിലിയ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.