അഞ്ചാലുംമൂട്: വിൽപനക്കായി സൂക്ഷിച്ച കഞ്ചാവുമായി യുവാവ് പൊലീസ് പിടിയിലായി. ചന്ദനത്തോപ്പ് ചാത്തിനാംകുളം കല്ലുവിള കിഴക്കതിൽ സുധി എന്ന സുനീഷ് (43) ആണ് അഞ്ചാലുംമൂട് പൊലീസിന്റെയും ഡാൻസാഫ് ടീമിന്റെയും പിടിയിലായത്.
1.98 കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്. കൊല്ലം സിറ്റി അഡീഷനൽ എസ്.പി സക്കറിയ മാത്യുവിന്റെ മേൽനോട്ടത്തിൽ ലഹരിസംഘങ്ങൾക്കെതിരെ നടത്തിവരുന്ന പരിശോധനയിലാണ് യുവാവ് പിടിയിലായത്.
ക്രിസ്മസ്, ന്യൂ ഇയർ ആഘോഷങ്ങൾക്കായി ജില്ലയിലേക്ക് ലഹരിവസ്തുക്കൾ മുൻകൂട്ടി എത്തിക്കാൻ ഇടയുള്ളതിനാൽ ജില്ല ഡാൻസാഫ് ടീമിനോട് കർശന പരിശോധന നടത്താൻ ജില്ല പൊലീസ് മേധാവി വിവേക് കുമാർ നിർദേശം നൽകിയിരുന്നു.
അഞ്ചാലുമൂട് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന സംഘങ്ങൾ രഹസ്യമായി പ്രവർത്തിക്കുന്നതായി മനസ്സിലാക്കിയ പൊലീസ് സംഘം ഏതാനും ദിവസങ്ങളായി ലഹരിവ്യാപാരസംഘങ്ങളെ നിരീക്ഷിച്ചുവരുകയായിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ച രാത്രി 11.30ന് നടത്തിയ പരിശോധനയിലാണ് സുനീഷ് സഞ്ചരിച്ച സ്കൂട്ടറിന്റെ സീറ്റിന്റെ ഉള്ളിൽനിന്ന് കഞ്ചാവ് കണ്ടെടുത്തത്. ഇയാൾ കൊല്ലം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരിമാഫിയയിലെ കണ്ണിയാണ്.
സ്കൂൾ, കോളജ് വിദ്യാർഥികൾക്ക് ചെറുപൊതികളാക്കി കഞ്ചാവ് വിൽപന നടത്തിവരുകയായിരുന്നു.
അഞ്ചാലുംമൂട് പൊലീസ് ഇൻസ്പെക്ടർ ധർമജിത്തിന്റെ നേതൃത്വത്തിൽ എസ്.ഐ ഗിരീഷ്, പ്രദീപ്കുമാർ സി.പി.ഒ രാജഗോപാൽ, അരുൺ എന്നിവർക്കൊപ്പം ഡാൻസാഫ് എസ്.ഐ കണ്ണന്റെ നേതൃത്വത്തിലുള്ള ടീം അംഗങ്ങളായ എ.എസ്.ഐ ബൈജു ജെറോം, എസ്.സി.പി.ഒമാരായ സജു, സീനു, മനു, രതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.