താനൂർ (മലപ്പുറം): എം.ഡി.എം.എ കൈവശം വെച്ചതിന് താനൂർ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു. ചെമ്മാട് സ്വദേശിയും നിലവിൽ മമ്പുറം മൂഴിക്കൽ താമസക്കാരനുമായ പുതിയമാളിയേക്കൽ താമിർ ജിഫ്രിയാണ് (30) പൊലീസ് കസ്റ്റഡിയിൽ മരിച്ചത്.
ചൊവ്വാഴ്ച പുലർച്ച 1.45നാണ് ദേവധാർ ടോൾ ബൂത്തിനടുത്തുനിന്ന് താനൂർ പൊലീസ് മറ്റു നാലുപേർക്കൊപ്പം താമിർ ജിഫ്രിയെ കസ്റ്റഡിയിലെടുത്തത്. കൂടെയുണ്ടായിരുന്ന രണ്ടുപേർ ഓടിമറഞ്ഞു. 18.5 ഗ്രാം എം.ഡി.എം.എയുമായാണ് ഇവരെ പിടികൂടിയതെന്നാണ് പൊലീസ് പറയുന്നത്.
പുലർച്ച 4.20ഓടെ സ്റ്റേഷനിൽ കുഴഞ്ഞുവീണ യുവാവിനെ 4.30ന് തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുെന്നന്നാണ് മലപ്പുറം ജില്ല പൊലീസ് മേധാവി മാധ്യമങ്ങളോട് പറഞ്ഞത്.
ദുരൂഹസാഹചര്യത്തിൽ കസ്റ്റഡിയിലുള്ള മരണമായതിനാൽ മരണകാരണം പൊലീസ് മർദനമാകാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. അസ്വാഭാവികമരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. താനൂരിലെ സ്വകാര്യ ആശുപത്രിയിൽ തിരൂർ സബ് കലക്ടർ സച്ചിൻ കുമാർ യാദവ്, പരപ്പനങ്ങാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് എന്നിവരുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിന് മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. ജില്ല പൊലീസ് മേധാവിയടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിരുന്നു.
താമിർ ജിഫ്രി ചെമ്മാട്ടെ സ്വകാര്യസ്ഥാപനത്തിൽ സെയിൽസ്മാനായി ജോലി ചെയ്യുകയായിരുന്നു. അവിവാഹിതനാണ്.
പിതാവ്: സയ്യിദ് അബ്ദുല്ല ജിഫ്രി. മാതാവ്: ഷെരീഫ ബീവി. സഹോദരങ്ങൾ: ഫിറോസ്, ഹാരിസ്, ജുവൈരിയ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.