ശാസ്താംകോട്ട : കെ.എസ്.എം ദേവസ്വം ബോർഡ് കോളേജിൽ നിന്നും വീട്ടിലേക്ക് പോകുകയായിരുന്ന വിദ്യാർഥിനികളെ വഴിയിൽ തടഞ്ഞു നിർത്തി ആക്രമിച്ച യുവാക്കൾ അറസ്റ്റിൽ. കൊല്ലം പുത്തൻതുരുത്ത് സ്വദേശി നീണ്ടകര നീലേശ്വരം തോപ്പിൽ ചേരിയിൽ കുരിശ്ശടിക്ക് സമീപം ആൻസി ഭവനിൽ ജോഷി (29), നീണ്ടകര മേരിലാന്റ് കോളനിയിൽ സോജാ ഭവനിൽ എബി (25) എന്നിവരാണ് പിടിയിലായത്.
പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇന്നലെ വൈകിട്ട് 3.30 ഓടെ ആയിരുന്നു സംഭവം. കോളേജ് റോഡിലൂടെ നടന്നു വരികയായിരുന്ന പെൺകുട്ടികളുടെ മധ്യത്തിലൂടെ അമിത വേഗതയിൽ ബൈക്കോടിച്ചെത്തുകയും മോശമായി പെരുമാറുകയും ചെയ്തു. വിദ്യാർത്ഥിനികളിൽ ചിലർ ഇത് ചോദ്യം ചെയ്തതോടെ യുവാക്കൾ മടങ്ങി. പിന്നീട് വീണ്ടും തിരിച്ചെത്തിയ യുവാക്കൾ ട്രഷറിക്ക് സമീപം വിദ്യാർത്ഥിനികളിൽ ചിലരുടെ മുഖത്തടിക്കുകയും മൊബൈൽ ഫോൺ പിടിച്ച് വാങ്ങുകയും ചെയ്തു.
ആണായിരുന്നുവെങ്കിൽ ചവിട്ടിക്കൂട്ടുമായിരുന്നുവെന്ന് ഭീഷണി മുഴക്കുകയും ചെയ്തു. സംഭവം ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ശാസ്താംകോട്ട എസ്.ഐ രാജൻ ബാബുവിന്‍റെ നേതൃത്വത്തിൽ എ.സി.പി.ഒ അരുൾ, ഗ്രേഡ് എസ്.ഐ ഹാരീസ്, സി.പി.ഒ രഞ്ജു എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.