താനൂർ: താനൂരിൽ എം.ഡി.എം.എയുമായി യുവാവ് പൊലീസ് പിടിയിലായി. താനൂർ ചെറിയേരി കണ്ണന്തളി ജാഫർ അലിയെയാണ് (37) കണ്ണന്തളിയിലെ വീട്ടിൽനിന്ന് അറസ്റ്റ് ചെയ്തത്. ജില്ലയിലേക്ക് മയക്കുമരുന്ന് കടത്തുന്നതായി ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ താനൂർ എസ്.ഐ ആർ.ഡി. കൃഷ്ണലാൽ, എസ്.ഐ പി.എം. ഷൈലേഷ്, താനൂർ ഡാൻസാഫ് ടീം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. തിരൂരങ്ങാടി തഹസിൽദാർ പി.ഒ. സാദിഖിന്റെ സാന്നിധ്യത്തിലായിരുന്നു പരിശോധന.
പ്രതിയുടെ വീട്ടിൽനിന്ന് 1.70 ഗ്രാം എം.ഡി.എം.എയും 76,000 രൂപയും ആയുധങ്ങളായ കൊടുവാൾ നെഞ്ചക്ക്, വിവിധ ആകൃതികളിലുള്ള കത്തികൾ, കത്തികൾ മൂർച്ച കൂട്ടുന്നതിനുള്ള അരം, ഇരുമ്പ് പൈപ്പ്, മരത്തിന്റെ വടികൾ, എയർഗൺ എന്നിവയും കണ്ടെടുത്തു.
എം.ഡി.എം.എ ആവശ്യക്കാർക്ക് അളന്നുനൽകാനുള്ള മെത്ത് സ്കെയിലും പാക്ക് ചെയ്യാനുള്ള ചെറിയ കവറുകളും വീട്ടിൽനിന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രതിക്കെതിരെ മുമ്പും സമാനമായ കേസുകൾ എടുത്തിരുന്നു. സി.പി.ഒമാരായ സലേഷ്, സന്ദീപ്, സുജിത്, മോഹനൻ, സജീഷ്, നിഷ എന്നിവരും ഡാൻസാഫ് ടീമംഗങ്ങളായ സി.പി.ഒ ജിനേഷ്, അഭിമന്യു, ആൽബിൻ എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.