വീട് ജപ്തി ചെയ്യാൻ വരുന്ന ദിവസം യുവാവ് വീട്ടിനുള്ളിൽ തൂങ്ങിമരിച്ചു

കാഞ്ഞാണി (തൃശൂർ): വീട് നിർമ്മാണത്തിന് ബാങ്കിൽ നിന്നും എടുത്ത വായ്പ തിരിച്ചടക്കാത്തതിൻറെ പേരിൽ വീട് ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ എത്തുന്നതിന് മണിക്കൂറുകൾക്ക് മുൻപ് യുവാവ് ജീവനൊടുക്കി. മണലൂർ പഞ്ചായത്തിലെ ആറാം വാർഡ് ചെമ്പൻ വിനയന്റെ മകൻ വിഷ്ണു (25) ആണ് വീട്ടിനുള്ളിൽ തൂങ്ങി മരിച്ചത്.

വീടുനിർമ്മാണത്തിന് സ്വകാര്യ ബാങ്കിന്റെ കാഞ്ഞാണി ശാഖയിൽ നിന്നും പിതാവ് വിനയൻ 8 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. ഇതിൽ പലിശയും മുതലും സഹിതം 874000 രൂപ തിരിച്ചടച്ചിരുന്നു. ഇടക്ക് കോവിഡ് കാലത്ത് തിരിച്ചടവ് മുടങ്ങി കുടിശ്ശികയായി. ബാക്കിയുള്ള ആറ് ലക്ഷം രൂപ അടക്കാൻ ബാങ്ക് ആവശ്യപ്പെട്ട അവധി കഴിഞ്ഞിരുന്നു. തുടർന്ന് ഇന്ന് വീട് ഒഴിഞ്ഞ് താക്കോൽ കൈമാറണമെന്ന് ബാങ്ക് അധികൃതർ ഭീഷണിപ്പെടുത്തിയിരുന്നത്രെ.

വീട്ടുകാർ സാധനങ്ങല്ലാം ഒതുക്കി ബന്ധു വീട്ടിലേക്ക് മാറാൻ തയാറെടുക്കുന്നതിനിടെയാണ് യുവാവ് വീട്ടിനുള്ളിൽ ആത്മഹത്യ ചെയ്തത്. ബാങ്ക് അധികൃതരുടെ നടപടിയിൽ മനം നൊന്താണ് മരിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു.

ബാങ്ക് അധികൃതരുടെ നടപടിക്കെതിരെ ആക്ഷൻ കൗൺസിൽ രൂപവത്കരിക്കുമെന്നും കുടുംബത്തിന് നീതി കിട്ടും വരെ സമരം നടത്തുമെന്നും വാർഡംഗം ടോണി അത്താണിക്കൽ പറഞ്ഞു. നിര്‍ധന കുടുംബമായ ഇവർ ബാങ്കിനോട് സാവകാശം ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ലെന്നും നിരന്തരം ഭീഷണിപ്പെടുത്തിയെന്നും ടോണി ആരോപിച്ചു

മൃതദേഹം തൃശൂർ ജില്ല ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം 4 ന് കാഞ്ഞാണി ആനക്കാട് ശ്മശാനത്തിൽ സംസ്കരിക്കും. അമ്മ: ഓമന. സഹോദരൻ: വിനിൽ.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. സഹായത്തിന് 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

Tags:    
News Summary - youth commits suicide hours before being evicted from foreclosed home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.