പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പാലക്കാട് വീണ്ടും കരിങ്കൊടി പ്രതിഷേധം. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നു പോകുന്ന ചാലിശേരിയിലാണ് യൂത്ത് കോൺഗ്രസ് കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചത്. സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
തദ്ദേശ ദിനാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ചെയ്യാനാണ് മുഖ്യമന്ത്രി പാലക്കാട് ജില്ലയിലെത്തിയത്. റോഡ് മാർഗം യാത്ര ഒഴിവാക്കി കൊച്ചിയിൽ നിന്ന് ഹെലികോപ്റ്ററിലാണ് പാലക്കാട് എത്തിയത്. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി തൃത്താലയിലെ യൂത്ത് കോൺഗ്രസ് നേതാക്കളെ പൊലീസ് കരുതൽ തടങ്കലിലാക്കിയിരുന്നു.
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എ.കെ ഷാനിബ് അടക്കം മൂന്നു പേരെയാണ് ചാലിശേരി പൊലീസ് കരുതൽ തടങ്കലിലാക്കിയത്. രാവിലെ വീട്ടിൽ നിന്നാണ് ഷാനിബിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചാലിശേരി സ്റ്റേഷനിലെത്തിച്ചത്. കൂടാതെ, മറ്റ് നേതാക്കളായ കെ.പി.എം ശെരീഫ്, സലിം, അസീസ് എന്നിവരെയും പൊലീസ് കരുതൽ തടങ്കലിലാക്കിയെന്നാണ് വിവരം.
രാവിലെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുക്കാൻ പൊലീസ് ഉദ്യോഗസ്ഥർ എത്തിയ വിഡിയോ ഷാനിബ് ഫേസ്ബുക്ക് ലൈവിലൂടെ പുറത്തുവിട്ടിരുന്നു. മഹാരാജാവ് തൃത്താല സന്ദർശിക്കുന്നതിനാൽ യൂത്ത് കോൺഗ്രസുകാർ വീട്ടിൽ നിന്ന് മാറി നിൽക്കേണ്ട സാഹചര്യമാണെന്ന് ഷാനിബ് പറഞ്ഞു.
രാവിലെ വീടിന് പുറത്ത് പൊലീസുകാരും വാഹനവുമാണ് കണ്ടത്. കോടതി എതിർത്ത കരുതൽ തടങ്കൽ ഇപ്പോഴുമുണ്ടോ എന്നും ഷാനിബ് ചോദിച്ചു. പൊലീസുകാർ ഫോൺ തട്ടിപ്പറിക്കാൻ ശ്രമിച്ചെന്നും ഷാനിബ് എഫ്.ബി ലൈവിൽ ആരോപിച്ചു.
പുറത്ത് ആയിരം പേര് ഉള്ളപ്പോൾ എത്ര പേരെ നിങ്ങൾക്ക് തടവിൽ വക്കാനാവുമെന്ന് ഷാനിബ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ജയിലറക്കുള്ളിൽ എത്ര കാലം അടച്ചിട്ടാലും മഹാരാജാവിനെതിരെ പ്രതിഷേധിച്ച് കൊണ്ടേയിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ആഴ്ച പാലക്കാട്ടെ മുഖ്യമന്ത്രിയുടെ സന്ദർശനത്തിനെതിരെ 20 യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിലാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.