തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് സ്ഥാനത്തേക്ക് എ ഗ്രൂപ്പിൽ നിന്ന് രാഹുൽ മാങ്കൂട്ടത്തിലും ഐ ഗ്രൂപ്പിൽനിന്ന് അഡ്വ. അബിൻ വർക്കിയും മത്സരിക്കും. നേതൃത്വങ്ങളെ ഞെട്ടിച്ച് ഇരുവർക്കും വെല്ലുവിളി ഉയർത്തി സ്വന്തം ഗ്രൂപ്പിൽനിന്ന് സ്ഥാനാർഥികൾ രംഗത്തുവന്നത് ഇത്തവണ തെരഞ്ഞെടുപ്പിനെ കൂടുതൽ സങ്കീർണമാക്കി. സംസ്ഥാന പ്രസിഡന്‍റ് സ്ഥാനത്തേക്ക് മൂന്നു വനിതകൾ ഉൾപ്പെടെ 14 പേരാണ് നാമനിർദേശ പത്രിക നൽകിയിട്ടുള്ളത്. പത്രിക സമർപ്പണം വ്യാഴാഴ്ച വൈകീട്ട് പൂർത്തിയായി.
പ്രസിഡന്‍റ് സ്ഥാനാർഥിയെചൊല്ലി എ ഗ്രൂപ്പിൽ ഭിന്നത രൂപപ്പെട്ടതിനു പിന്നാലെയാണ് ഐ പക്ഷത്തും വിള്ളൽ ഉണ്ടായത്. ഔദ്യോഗിക സ്ഥാനാർഥിയായി രാഹുൽ മാങ്കൂട്ടത്തിലിനെ മത്സരിപ്പിക്കാനുള്ള എ ഗ്രൂപ് നേതൃത്വത്തിന്‍റെ തീരുമാനത്തോട് വിയോജിച്ച് ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തരായ യുവനേതാക്കൾ മുൻകൈയെടുത്ത് നാലുപേരെയാണ് രംഗത്തിറക്കിയത്.
അബിൻ വർക്കിയാണ് ഐ ഗ്രൂപ്പിന്‍റെ ഔദ്യോഗിക സ്ഥാനാർഥി. ചെന്നിത്തല-കെ.സി. വേണുഗോപാൽ അനുകൂലികൾ മുൻകൈയെടുത്താണ് അബിനെ സ്ഥാനാർഥിയാക്കിയത്. എന്നാൽ, ഇതിനോട് വിയോജിച്ച് ഗ്രൂപ്പിലെ ഒരുവിഭാഗം നിലവിൽ തൃശൂർ ജില്ല പ്രസിഡന്‍റായ ഒ.ജെ. ജനീഷിനെ രംഗത്തിറക്കി.
വീണ എസ്. നായർ, അരിത ബാബു, ഷിബിന എന്നിവരാണ് മത്സര രംഗത്തുള്ള വനിതകൾ. ഇവരെ കൂടാതെ നിലവിൽ സംസ്ഥാന ഭാരവാഹികളായ എസ്.വി. അനീഷ്, വിഷ്ണു സുനിൽ, ദുൽഖിഫിൽ, അഡ്വ. ആബിദ് അലി എന്നീ എ പക്ഷം നേതാക്കൾ മാങ്കൂട്ടത്തിലിന്‍റെ സ്ഥാനാർഥിത്വത്തോട് വിയോജിച്ചും ഷാഫി പറമ്പിലിന്‍റെ മറ്റൊരുവിശ്വസ്തനും എ ഗ്രൂപ്പുകാരനുമായ എസ്.ജെ. പ്രേംരാജ്, കൊടിക്കുന്നിൽ സുരേഷിന്‍റെ അനുയായിയായ അനുതാജ്, വൈശാഖ് ദർശനൻ, ജാസ് പോത്തൻ എന്നിവരും പത്രിക നൽകിയിട്ടുണ്ട്. പത്രിക സമർപ്പിച്ചവരിൽ ജാസ് പോത്തൻ പ്രസിഡന്‍റ് പദവിയിലേക്ക് മത്സരിക്കാൻ ദേശീയനേതൃത്വം പുറത്തിറക്കിയ 23 പേരുടെ അർഹതാപട്ടികയിൽ ഉൾപ്പെട്ടയാളല്ല. സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ഇരുനൂറിലേറെ പത്രികകളാണ് സമർപ്പിച്ചിട്ടുള്ളത്.
ഈ മാസം 28 മുതൽ ജൂലൈ 28 വരെ അംഗത്വ വിതരണവും വിവിധതലങ്ങളിലെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പും ഒരുമിച്ച് നടക്കും. സംസ്ഥാന പ്രസിഡന്‍റ്, ജന. സെക്രട്ടറി, ജില്ല പ്രസിഡന്‍റ്, ജന. സെക്രട്ടറി, ബ്ലോക്ക് പ്രസിഡന്‍റ്, മണ്ഡലം പ്രസിഡന്‍റ് എന്നീ സ്ഥാനങ്ങളിലേക്ക് ഒരാൾക്ക് വീതം ആറ് വോട്ടാണ് അംഗങ്ങൾക്ക് ഉണ്ടാകുക.
സംസ്ഥാന കമ്മിറ്റിയിൽ പ്രസിഡന്‍റ്, ഒമ്പത് വൈസ്-പ്രസിഡന്‍റുമാർ, 52 ജന. സെക്രട്ടറിമാർ എന്നിവരാണ് തെരഞ്ഞെടുക്കപ്പെടേണ്ടത്. പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്നവരിൽനിന്നാണ് ലഭിക്കുന്ന വോട്ടിന്‍റെയും സംവരണ മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തിൽ ഒമ്പത് പേരെ വൈസ് പ്രസിഡൻറുമാരാക്കുക. അതിനാലാണ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ജയിക്കില്ലെന്ന് ഉറപ്പുണ്ടായിട്ടും ചിലർ നേതൃത്വത്തിന്‍റെ അനുമതിയോടെ രംഗത്തുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.