കണ്ണൂർ: എ.ഡി.എം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യക്കെതിരെ പൊലീസ് നടപടിയെടുക്കാൻ വൈകുന്നതിൽ പ്രതിപക്ഷത്തിന്റെ പ്രതിഷേധം തുടരുന്നു. ജില്ലാ പഞ്ചായത്ത് ഓഫീസിനകത്തു കയറിയ പ്രതിഷേധക്കാർ ദിവ്യയുടെ പേരിൽ നോട്ടിസ് ബോർഡിൽ പ്രതീകാത്മക ലുക്ക്ഔട്ട് നോട്ടിസ് പതിച്ചു. പൊലീസ് ജീപ്പിന് മുന്നിലും പ്രതിഷേധക്കാർ ലുക്ക്ഔട്ട് നോട്ടിസ് പതിപ്പിക്കാൻ ശ്രമം നടത്തി. ഇതാണ് ദിവ്യ, അറസ്റ്റ് ചെയ്യടോ എന്നുൾപ്പെടെ പറയുന്ന പ്രതിഷേധക്കാരുടെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ദിവ്യയുടെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് ‘ലുക്ക്ഔട്ട് നോട്ടിസ്’ പുറത്തിറക്കിയത്. ആദ്യം കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിലാണ് നോട്ടിസ് പതിച്ചത്. പിന്നാലെ ജില്ലാ പഞ്ചായത്ത് ഓഫിസിനകത്തും പതിപ്പിക്കുകയായിരുന്നു. പിരിഞ്ഞു പോകുന്നതിനിടെ പൊലീസ് വാഹനത്തിലും നോട്ടിസ് പതിക്കാനുള്ള ശ്രമം പൊലീസ് തടയുകയായിരുന്നു. പൊലീസുമായി വാക്കുതർക്കവും ഉന്തും തള്ളും ഉണ്ടായതിനെ തുടർന്ന് യൂത്ത് കോൺഗ്രസ് കല്യാശേരി മണ്ഡലം പ്രസിഡന്‍റ് രാഹുലിനെ കസ്റ്റഡിയിൽ എടുത്തു. എന്നാൽ പ്രതിഷേധക്കാർ പൊലീസ് സ്റ്റേഷന് മുന്നിൽ കൂടുകയും മുദ്രാവാക്യം ഉർത്തുകയും ചെയ്തതോടെ രാഹുലിനെ വിട്ടയച്ചു.
അതേസമയം എ.ഡി.എമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് പി.പി ദിവ്യയെ പ്രതിചേർത്ത് റിപ്പോർട്ട് നൽകി ആറ് ദിവസം പിന്നിട്ടെങ്കിലും പൊലീസ് തുടർ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. മൊഴി രേഖപ്പെടുത്താനും വേണ്ടിവന്നാൽ അറസ്റ്റ് ചെയ്യാനുമുള്ള വകുപ്പുകൾ ചേർത്തിട്ടും പൊലീസ് അനാസ്ഥ കാണിക്കുന്നു എന്നാണ് ആക്ഷേപം. ആഭ്യന്തര വകുപ്പിലെ ഉന്നതരുടെ ഇടപെടൽ മൂലമാണ് ദിവ്യക്കെതിരെ പൊലീസ് നടപടി സ്വീകരിക്കാൻ വൈകുന്നതെന്നും പ്രതിഷേധക്കാർ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.