തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ സംസ്ഥാന കമ്മിറ്റിയിലേക്ക് മത്സരിക്കാൻ നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന ദിവസം 37 പേരെകൂടി അർഹതാപട്ടികയിൽ ഉൾപ്പെടുത്തിയ ദേശീയ നേതൃത്വത്തിന്റെ തീരുമാനം വിവാദത്തിൽ. ഇതിനെതിരെ പരാതിയുമായി നേതൃത്വത്തെ സമീപിക്കാൻ ഒരുങ്ങുകയാണ് ഒരുവിഭാഗം.
പ്രസിഡൻറിന് പുറമെ, ഒമ്പത് വൈസ് പ്രസിഡന്റുമാർ, 45 ജനറൽ സെക്രട്ടറിമാർ എന്നിവരാണ് സംസ്ഥാന കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെടേണ്ടത്. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നവരിൽനിന്നാകും ലഭിക്കുന്ന വോട്ടിന്റെയും സംവരണ മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തിൽ വൈസ് പ്രസിഡന്റുമാരെ കണ്ടെത്തുക. പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാന നേതൃത്വത്തിലേക്ക് മത്സരിക്കാൻ അർഹരായവരുടെ പട്ടിക മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി ഇത്തവണ ദേശീയനേതൃത്വം മുൻകൂട്ടി പരസ്യപ്പെടുത്തിയിരുന്നു. ഇതനുസരിച്ച് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ 23പേർക്കാണ് അർഹത. നാമനിർദേശ പത്രിക നൽകിയ 14 പേരിൽ ഒരാളൊഴികെ എല്ലാവരും പട്ടികയിലുള്ളവരാണ്.
ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാൻ അർഹരെന്ന് വിലയിരുത്തി ദേശീയനേതൃത്വം ആദ്യം പുറത്തിറക്കിയത് 333 പേരുടെ പട്ടികയായിരുന്നു. നാമനിർദേശപത്രിക സമർപ്പിക്കേണ്ട അവസാന ദിവസം ഈ പട്ടികയിൽ 37 പേരെകൂടി ഉൾപ്പെടുത്തി. ഇവരുൾപ്പെടെ 219 പേരാണ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പത്രിക നൽകിയത്.
സംസ്ഥാന കമ്മിറ്റിയിലേക്ക് മത്സരിക്കാൻ യോഗ്യരായ ചിലരുടെ പേരുകൾ യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ വീഴ്ചമൂലം അർഹതാപട്ടികയിൽനിന്ന് ഒഴിവായിരുന്നു. ഈ പിഴവ് പരിഹരിക്കാൻ ആദ്യം പുറത്തിറക്കിയ പട്ടിക വിപുലീകരിച്ചപ്പോൾ വിവിധ ഗ്രൂപ്പുകളുടെ സമ്മർദം ദേശീയ നേതൃത്വത്തിന് അംഗീകരിക്കേണ്ടിവന്നു. ജില്ല പ്രസിഡന്റ് സ്ഥാനം ഉന്നമിട്ട ചിലർക്ക് സ്ഥാനാർഥിത്വം ലഭിക്കാതെ വന്നതോടെ അവരെയെല്ലാം സംസ്ഥാന ഭാരവാഹിത്വത്തിലേക്ക് മത്സരിപ്പിക്കാൻ ഗ്രൂപ്പുകൾ തീരുമാനിച്ചു. അതേസമയം, നേതൃത്വം തീരുമാനിച്ച തുക കെട്ടിവെച്ച് പത്രിക സമർപ്പിച്ച ചിലരുടെ പേരുകൾ സ്ഥാനാർഥിപ്പട്ടികയിൽ ഉൾപ്പെട്ടില്ലെന്നും പരാതിയുണ്ട്. 22നാണ് പത്രികകളുടെ സൂക്ഷ്മപരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.