പെരിന്തൽമണ്ണ: 'ഭാരത് ജോഡോ യാത്ര' നയിക്കുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പരിഹസിച്ച് മലപ്പുറം പെരിന്തൽമണ്ണയിലെ സി.പി.എം ഓഫിസിന് മുമ്പിൽ ഡി.വൈ.എഫ്.ഐ ബാനർ ഉയർത്തിയ സംഭവത്തിൽ പ്രതികരണവുമായി യൂത്ത് കോൺഗ്രസ് നേതാവ്. രാഹുൽ ഗാന്ധിയെ ഒന്നു കാണാൻ നാട്ടുകാർ പെരിന്തൽമണ്ണയിലെ ഒരു 'ചൊറിച്ചിൽ' മന്ദിരത്തിന് മുൻപിൽ നിൽക്കുന്ന മനോഹര കാഴ്ചയെന്നാണ് യൂത്ത് കോൺഗ്രസ് നേതാവ് താര ടോജോ അലക്സ് ഫേസ്ബുക്കിൽ കുറിച്ചത്.
കൂടാതെ, രാഹുലിനെ ഒരുനോക്ക് കാണാൻ സി.പി.എം ഓഫിസിന്‍റെ രണ്ടാം നിലയിൽ നിൽക്കുന്ന സ്ത്രീകളുടെ നീണ്ട നിരയുടെ ചിത്രവും എഫ്.ബിയിൽ പോസ്റ്റിൽ പങ്കുവെച്ചിട്ടുണ്ട്. കെട്ടിടത്തിന് മുകളിൽ നിൽക്കുന്നവരിൽ പലരും കാമറയിൽ ജോഡോ യാത്ര പകർത്തുന്നതും കാണാം. സ്ത്രീകളുടെ സമീപത്ത് രാഹുൽ ഗാന്ധിയെ പരിഹസിക്കുന്ന ഡി.വൈ.എഫ്.ഐ ബാനറും ചിത്രത്തിൽ കാണാം.
രസകരമായ കമന്റുകളും ഈ പോസ്റ്റിന് കീഴെയുണ്ട്. 'ഇ.എം.എസിന്റെ വില്ലേജും പഞ്ചായത്തുമാണ്.... നാല്പത് കൊല്ലത്തെ സിപിഎം നേതൃത്വത്തിലുള്ള ഇടതു ഭരണത്തിന് അന്ത്യം കുറിച്ചു ഇപ്പോൾ കോൺഗ്രസ് ന്റെ പ്രസിഡന്റ് ന്റെ നേതൃത്വത്തിൽ യു.ഡി.എഫ് ആണ് ഏലംകുളം പഞ്ചായത്ത് ഭരിക്കുന്നത്. കെറുവ് കാണും' എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതേ വിഷയത്തിൽ 'മലപ്പുറത്ത് പൊറോട്ട അടിക്കുന്നത് ബംഗാളിൽനിന്നുള്ള സി.പി.എം ഏരിയ സെക്രട്ടറിയായത് കൊണ്ട് കുഴിമന്തിയാണ് നല്ലത്' എന്ന കുറിപ്പുമായി മറ്റൊരു ചിത്രം കൂടി താര പോസ്റ്റ് ചെയ്തു.
കമ്യൂണിസ്റ്റ് ആചാര്യനും സി.പി.എം മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ ഇ.എം.എസ് നമ്പൂതിരിപ്പാടിന്‍റെ ജന്മദേശം സ്ഥിതി ചെയ്യുന്ന പ്രദേശമാണ് മലപ്പുറം ജില്ലയിലെ ഏലംകുളം. ഇവിടെയാണ് രാഹുലിനെ പരിഹസിക്കുന്ന ബാനർ കെട്ടിയ സി.പി.എം ലോക്കൽ കമ്മിറ്റി ഓഫിസായ ഇ.എം.എസ്- എ.കെ.ജി സ്മാരക മന്ദിരം സ്ഥിതി ചെയ്യുന്നത്.
മലപ്പുറം ചെറുകരയിലെ ഏലംകുളം സി.പി.എം ലോക്കൽ കമ്മിറ്റി ഓഫിസ് ആയ എ.കെ.ജി സ്മാരക മന്ദിരത്തിലാണ് രാഹുൽ ഗാന്ധിയെ പരിഹസിക്കുന്ന ഡി.വൈ.എഫ്.ഐയുടെ പേരിലുള്ള ബാനർ കെട്ടിയത്. 'പൊറോട്ടയല്ല... പെരിന്തൽമണ്ണയിൽ കുഴിമന്തിയാണ് ബെസ്റ്റ്...' എന്നാണ് ഡി.വൈ.എഫ്.ഐ ഏലംകുളം കമ്മിറ്റിയുടെ പേരിലുള്ള കറുത്ത ബാനറിൽ എഴുതിയിട്ടുള്ളത്. ഭാരത് ജോഡോ യാത്ര പുലാമന്തോൾ ജങ്ഷനിൽ നിന്ന് പൂപ്പലത്തേക്ക് വരുന്ന വഴിയാണ് ബാനർ കെട്ടിയിരിക്കുന്നത്.
അതേസമയം, മലപ്പുറം ജില്ലയിൽ പ്രവേശിച്ച ഭാരത് ജോഡോ യാത്രക്കും രാഹുൽ ഗാന്ധിക്കും വൻ വരവേൽപ്പാണ് കോൺഗ്രസ് പ്രവർത്തകർ അടക്കമുള്ളവർ നൽകിയത്. പ്രവർത്തകർ കൈവീശിയും ബാനർ ഉയർത്തിയും മുദ്രാവാക്യം വിളിച്ചും പദയാത്രക്ക് പിന്തുണ അറിയിച്ചു.
രാവിലെ 6.30ന് പുലാമന്തോൾ ജങ്ഷനിൽ നിന്നാരംഭിച്ച ജാഥ ഉച്ചക്ക് പെരിന്തൽമണ്ണ പൂപ്പലത്ത് ഉച്ചഭക്ഷണത്തിനും വിശ്രമത്തിനുമായി പിരിയും. ഉച്ചക്ക് ശേഷം പട്ടിക്കാട് നിന്ന് ആരംഭിക്കുന്ന യാത്ര വൈകീട്ട് ഏഴിന് പാണ്ടിക്കാട് സമാപിക്കും. തച്ചിങ്ങനാടം ഹൈസ്കൂളിലാണ് രാത്രി വിശ്രമം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.